ADVERTISEMENT

ഇന്ത്യൻ അരങ്ങേറ്റത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് എസ് യു വിയായ ജീപ് കോംപസിനു പ്രത്യേക പരിമിതകാലപതിപ്പുമായി ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽ(എഫ് സി എ) ഇന്ത്യ. കറുപ്പിന്റെ ധാരാളിത്തം വിതറി, ഇടത്തരം വകഭേദമായ ലോഞ്ചിറ്റ്യൂഡ് പ്ലസ് അടിത്തറയാക്കി സാക്ഷാത്കരിച്ച ജീപ് കോംപസ് നൈറ്റ് ഈഗിൾ എഡീഷന്റെ 250 യൂണിറ്റ് മാത്രമാണു വിൽപനയ്ക്കെത്തുക. 

ടർബോ പെട്രോൾ എൻജിനുള്ള ജീപ് കോംപസ് നൈറ്റ് ഈഗിൾ എഡീഷന് 20.14 ലക്ഷം രൂപയാണു ഷോറൂം വില; ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനുമുള്ള പതിപ്പിന് 20.75 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഡീസൽ എൻജിനുമുള്ള വകഭേദത്തിന് 23.31 ലക്ഷം രൂപയുമാണു വില. ജീപ് കോംപസ് നൈറ്റ് ഈഗിൾ എഡീഷനുള്ള ബുക്കിങ്ങുകൾ ഓൺലൈൻ വ്യവസ്ഥയിൽ കമ്പനി സ്വീകരിച്ചു തുടങ്ങി. നൈറ്റ് ഈഗിൾ എഡീഷൻ ഉൽപ്പാദനം അവസാനിച്ചശേഷം കോംപസ് ലോഞ്ചിറ്റ്യൂഡ് പ്ലസ് വകഭേദം വിൽപ്പനയിൽ തുടരുമെന്നും എഫ് സി എ ഇന്ത്യ അറിയിച്ചു. 

ഗ്ലോസ് ബ്ലാക്കിലും ഗ്രേയിലും ഫിനിഷ് ചെയ്ത സെവൻ സ്ലാറ്റ് ഗ്രില്ലോടെയാണു ജീപ് കോംപസ് നൈറ്റ് ഈഗിൾ എഡീഷന്റെ വരവ്. കറുപ്പു ഫിനിഷുള്ള അലോയ് വീലിനൊപ്പം മുൻഭാഗത്തു കറുപ്പ് അക്സന്റുകളും ഇടംപിടിക്കുന്നു. ‘കോംപസി’ന്റെ ബാഡ്ജിങ്ങും കറുപ്പു നിറത്തിലാക്കിയിട്ടുണ്ട്.അകത്തളത്തിലാവട്ടെ ഡാഷിൽ ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകളുണ്ട്; തുണിയും തുകലും സമന്വയിക്കുന്നതാണു കറുപ്പ് ‘ടെക്നോ ലതർ’ അപ്ഹോൾസ്ട്രി. ബൂട്ട്ലിഡ്ഡിലാണ് ‘നൈറ്റ് ഈഗിൾ’ ബാഡ്ജിങ് ഇടംപിടിക്കുന്നത്. 

ജീപ് ‘കോംപസ് നൈറ്റ് ഈഗിൾ’ എഡീഷൻ നാലു നിറങ്ങളിലാണു ലഭ്യമാവുക: വോക്കൽ വൈറ്റ്, എക്സോട്ടിക്ക റെഡ്, ബ്രില്യന്റ് ബ്ലാക്ക്, മഗ്നീസ്യോ ഗ്രേ. ‘ലോഞ്ചിറ്റ്യൂഡ് പ്ലസ്’ വകഭേദത്തിന്റെ സവിശേഷതകളായ ക്രൂസ് കൺട്രോൾ(ഓട്ടമാറ്റിക് ട്രാൻസ്മിഷനൊപ്പം മാത്രം), ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, എൻജിൻ സ്റ്റാർട്/സ്റ്റോപ് സഹിതം കീ രഹിത എൻട്രി, പവർ ഫോൾഡിങ് ഔട്ടർ മിറർ, കോണറിങ് ലാംപ്, പിന്നിലെ പാർക്കിങ് കാമറ എന്നിവയൊക്കെ ജീപ് ‘കോംപസ് നൈറ്റ് ഈഗിൾ’ എഡീഷനിലുമുണ്ട്. മികച്ച സുരക്ഷയ്ക്കായി നാല് എയർ ബാഗ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ് എന്നിവയുമുണ്ട്.

അതേസമയം സാങ്കേതിക വിഭാഗത്തിൽ ജീപ് കോംപസ് നൈറ്റ് ഈഗിൾ എഡീഷനിൽ മാറ്റമൊന്നുമില്ല. ‘കോംപസി’ലെ 1.4 ലീറ്റർ പെട്രോൾ എൻജിന് 162 പി എസ് വരെ കരുത്തും 250 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. രണ്ടു ലീറ്റർ ഡീസൽ എൻജിനാവട്ടെ 173 പി എസോളം കരുത്തും 350 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് ഡീസൽ എൻജിനു കൂട്ട്; പെട്രോൾ എൻജിനൊപ്പമാവട്ടെ ഏഴു സ്പീഡ് ഡി സി ടിയും. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിലും ജീപ് ‘കോംപസ് നൈറ്റ് ഈഗിൾ’ എഡീഷൻ ലഭ്യമാണ്. സ്കോഡ ‘കരോക്ക്’, ഹ്യുണ്ടേയ് ‘ട്യുസൊൺ’ തുടങ്ങിയവയാണു ജീപ് ‘കോംപസ് നൈറ്റ് ഈഗിളി’ന്റെ എതിരാളികൾ. 

English Summary: Jeep Compass Night Eagle limited edition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com