ADVERTISEMENT

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എൻട്രി ലവൽ ഡീസൽ മോഡലായ 320 ഡി സ്പോർട് ഇന്ത്യയിൽ വീണ്ടും വിൽപനയ്ക്കെത്തി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരത്തിലേക്കുള്ള മാറ്റത്തെതുടർന്നായിരുന്നു 320 ഡി സ്പോർട് വിൽപന ബി എം ഡബ്ല്യു താൽക്കാലികമായി നിർത്തിയത്. പുതിയ എൻജിനോടെ വിൽപ്പനയ്ക്കെത്തുന്ന 320 ഡി സ്പോർട്ടിന് 42.10 ലക്ഷം രൂപയാണു ഷോറൂം വില. ബി എസ് നാല് നിലവാരമുണ്ടായിരുന്നു മുൻ മോഡലിനെ അപേക്ഷിച്ച് 70,000 രൂപ അധികമാണിത്. ഡീസൽ എൻജിനുള്ള ബിഎംഡബ്ല്യു മോഡൽ ശ്രേണിയിൽ ലക്ഷ്വറി വകഭേദത്തിനു തൊട്ടു താഴെയാണ് സ്പോർട് ഇടംപിടിക്കുന്നത്.

എൽ ഇ ഡി ലൈറ്റിങ്, 17 ഇഞ്ച് അലോയ് വീൽ, മൂന്നു മേഖലകളായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഓട്ടോ ഹെഡ്ലാംപ്, സൺറൂഫ്, ഡ്രൈവർ സീറ്റിനു മെമ്മറി ഫംക്ഷൻ സഹിതം പവേഡ് മുൻ സീറ്റുകൾ, 8.8 ഇഞ്ച് ടച് സ്ക്രീൻ തുടങ്ങിയവയൊക്കെയായാണു 320 ഡി സ്പോർട്ടിന്റെ വരവ്. സുരക്ഷയ്ക്കായി ആറ് എയർബാഗ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം(ടി പി എം എസ്), റിയർ വ്യൂ കാമറ, മുൻ/പിൻ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ട്. 

അതേസമയം ലക്ഷ്വറി പതിപ്പിലെ 10.25 ഇഞ്ച് ടച് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിങ്, സെൽഫ് പാർക്കിങ്, ലതർ അപ്ഹോൾസ്ട്രി തുടങ്ങിയവ 320 ഡി സ്പോർട്ടിൽ ലഭ്യമല്ല. ഒപ്പം പുറംകാഴ്ചയിലും സ്പോർട്, ലക്ഷ്വറി പതിപ്പുകൾക്കിടയിൽ വ്യത്യാസങ്ങളുണ്ട്. ബി എം ഡബ്ല്യു 320 ഡിക്കു കരുത്തേകുന്നത് രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനാണ്; 190 പി എസ് വരെ കരുത്തും പരമവധി 400 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‌

എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. അതേസമയം, പെട്രോൾ എൻജിനുള്ള ‘ത്രീ സീരീസി’ന്റെ സ്പോർട് വകഭേദം  41.70 ലക്ഷം രൂപയ്ക്കു ലഭ്യമാണ്. ബി എം ഡബ്ല്യു ‘ത്രീ സീരീസി’ന്റെ എതിരാളികൾ മെഴ്സീഡിസ് ബെൻസ് ‘സി ക്ലാസും’ ജഗ്വാർ ‘എക്സ് എഫു’മൊക്കെയാണ്.

English Summary: BMW 320D Sport BS 6 Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com