കൊതിപ്പിക്കുന്ന ലുക്കിൽ ടൊയോട്ട ഫോർച്യൂണർ ടിആർഡി; വില 34.98 ലക്ഷം

toyota-fortuner-trd
Toyota Fortuner TRD
SHARE

പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഫോർച്യൂണറിന്റെ പ്രത്യേക പരിമിതകാല പതിപ്പുമായി ടൊയോട്ട കിർലോക്സർ മോട്ടോർ(ടികെഎം). ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതമാണ് ടൊയോട്ടയുടെ ഫോർച്യൂണർ ടിആർഡിയുടെ വരവ്. ഫോർ ബൈ ടു പതിപ്പിന് 34.98 ലക്ഷം രൂപയും ഫോർ ബൈ ഫോർ വകഭേദത്തിന് 36.88 ലക്ഷം രൂപയുമാണു ഷോറൂം വില. സാധാരണ ഫോർച്യൂണറിനെ അപേക്ഷിച്ച് 2.30 ലക്ഷത്തോളം രൂപ അധികമാണിത്. 

പുറംകാഴ്ചയിൽ കഴിഞ്ഞ വർഷം അവസാനം വിൽപനയ്ക്കെത്തിയ ഫോർച്യൂണർ സെലിബ്രേറ്ററി എഡീഷൻ മോഡലിൽ നിന്നു കാര്യമായ വ്യത്യാസമൊന്നും ഫോർച്യൂണർ ടിആർഡിക്കില്ല. എങ്കിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലും വ്യാപക പരിഷ്കാരം നിലവിൽ വന്നിട്ടുണ്ട്. സ്പെഷൽ ടെക്നോളജി പാക്കേജിന്റെ ഭാഗമായി ഫോർച്യൂണർ ടിആർഡിയിൽ ഹെഡ് ഓൺ ഡിസ്പ്ലേ, ഓട്ടോ ഫോൾഡിങ് ഔട്ടർ റിയർവ്യൂ മിറർ, 360 ഡിഗ്രി കാമറ, ഡാഷ് കാം, എയർ പ്യൂരിഫയർ, പഡ്ൽ ലാംപ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, പിൻസീറ്റ് യാത്രികർക്കായി ഡോറിൽ ഘടിപ്പിച്ച വയർരഹിത സ്മാർട് ഫോൺ ചാർജർ തുടങ്ങിയവയൊക്കെ ലഭ്യമാണ്. 

പേൾ വൈറ്റ് നിറത്തിനൊപ്പം കറുപ്പ് നിറമുള്ള റൂഫ് സഹിതമാണ് ഫോർച്യൂണർ ടിആർഡിയുടെ വരവ്. കറുപ്പണിഞ്ഞ 18 ഇഞ്ച് അലോയ് വീൽ, കൃത്രിമ സ്കിഡ് പ്ലേറ്റ് സഹിതം നവീകരിച്ച മുൻ ബംപർ, കറുപ്പും മറൂണും സംഗമിക്കുന്ന അകത്തളം എന്നിവയ്ക്കു പുറമ വാഹനത്തിൽ ധാരാളം ടിആർഡി ലോഗോയും പതിച്ചിട്ടുണ്ട്. അതിനിടെ സാധാരണ ഫോർച്യൂണറിനൊപ്പവും ടി കെ എം ഇപ്പോൾ ഓട്ടോ ഫോൾഡിങ് റിയർവ്യൂ മിററും 360 ഡിഗ്രി കാമറയും ഘടിപ്പിക്കുന്നുണ്ട്. 

സാങ്കേതികവിഭാഗത്തിൽ മാറ്റമില്ലാതെയാണ് ഫോർച്യൂണർ ടിആർഡി എത്തുന്നത്. ബി എസ് 6 നിലവാരമുള്ള 2.8 ലീറ്റർ ഡീസൽ എൻജിന് 177 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതമെത്തുന്ന ഫോർച്യൂണർ ടിആർഡി ഫോർ ബൈ ഫോർ, ഫോർ ബൈ ടു ലേ ഔട്ടുകളിൽ വിൽപനയ്ക്കുണ്ട്. 

English Summary: Toyota India rides in new Fortuner TRD Limited Edition at 34.98 lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA