സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ ഹെക്ടറിന്റെ ആദ്യ വാർഷികത്തോടനുബന്ധിച്ചു പ്രത്യേക ആനിവേഴ്സറി പതിപ്പുമായി എംജി മോട്ടോർ ഇന്ത്യ. ഇടത്തരം വകഭേദമായ ഹെക്ടറിന്റെ സൂപ്പർ വകഭേദത്തെ ആധാരമാക്കി നിർമിച്ച ആനിവേഴ്സറി എഡീഷൻ പെട്രോൾ, ഡീസൽ എൻജിനുകളോടെ ലഭ്യമാണ്. പെട്രോൾ പതിപ്പിന് 13.63 ലക്ഷം രൂപ മുതലും ഡീസൽ വകഭേദത്തിന് 14.99 ലക്ഷം രൂപ മുതലുമാണു ഷോറൂം വില. ചുരുക്കത്തിൽ ഹെക്ടറിന്റെ ഷാർപ് വകഭേദത്തിന്റെ വില നിലവാരത്തിലാണ് ഈ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കെത്തുന്നത്.
കാഴ്ചയിൽ സാധാരണ ഹെക്ടറിൽ നിന്നു വ്യത്യാസമൊന്നുമില്ലാതെയാണ് ഈ പരിമിതകാല പതിപ്പിന്റെ വരവ്. എന്നാൽ അകത്തളത്തിൽ മറ്റു ഹെക്ടർ വകഭേദങ്ങളിൽ ലഭ്യമല്ലാത്ത പല സൗകര്യങ്ങളും സംവിധാനങ്ങളും ‘ആനിവേഴ്സറി എഡീഷനി’ലുണ്ട്: വയർരഹിത ഫോൺ ചാർജറും എയർ പ്യൂരിഫയറുമൊക്കെ കാറിലുണ്ട്. സിംഗപ്പൂരിലെ മെഡ്ക്ലിന്നിൽ നിന്നുള്ള കാബിൻ സ്റ്റെറിലൈസേഷൻ സാങ്കേതികവിദ്യയാണു ‘ഹെക്ടറി’ന്റെ പരിമിതകാല പതിപ്പിനായി എം ജി മോട്ടോർ സ്വീകരിച്ചിരിക്കുന്നത്; ‘ആക്ടീവ് ഓക്സിജൻ’ ഉപയോഗിച്ചു ബാക്ടീരിയയെയും വൈറസിനെയുമൊക്കെ ഇല്ലായ്മ ചെയ്യാൻ ഈ സംവിധാനത്തിനു സാധിക്കുമെന്നാണ് അവകാശവാദം.
ഇതിനു പുറമെ സാധാരണ ‘ഹെക്ടറി’ലുള്ള പോലെ ആറു സ്പീക്കറും ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയും സ്മാർട് ഫോൺ കണക്ടിവിറ്റിയും സഹിതം 10.4 ഇഞ്ച് ടച്സ്ക്രീൻ, ഡേ ടൈം റണ്ണിങ് ലാംപ് കൂടിയുള്ള എൽ ഇ ഡി ഹെഡ്ലാംപ്, അലോയ് വീൽ, ക്രൂസ് കൺട്രോൾ, ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർവ്യൂ കാമറ, മുൻ — പിൻ പാർക്കിങ് സെൻസർ, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റയിൽ, ഡോർ ഹാൻഡിലിനുള്ളിലെ ക്രോം ഇൻസർട്ട് തുടങ്ങിയവയും ലഭ്യമാണ്.
അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ഹെക്ടർ ആനിവേഴ്സറി എഡീഷൻ’ എത്തുന്നത്. ജീപ് ‘കോംപസി’ലും ടാറ്റ ‘ഹാരിയറി’ലുമുള്ളതും ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലി(എഫ് സി എ)ൽ നിന്നു കടമെടുത്തതുമായ രണ്ടു ലീറ്റർ, ഡീസൽ എൻജിനും 1.5 ലീറ്റർ, ടർബോ പെട്രോൾ എൻജിനും സഹിതമാണ് ഈ ‘ഹെക്ടറി’ന്റെയും വരവ്. ഡീസൽ എൻജിൻ 170 പി എസ് വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ പെട്രോൾ എൻജിന് 143 പി എസോളം കരുത്തും 250 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. പെട്രോൾ എൻജിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനവും ലഭിക്കും. ഡീസൽ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ്; എന്നാൽ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ ഗീയർബോക്സിനു പുറമെ ആറു സ്പീഡ് ഡി സി ടി ഓട്ടമാറ്റിക് ഗീയർബോക്സുമുണ്ട്.
English Summary: MG Hector Anniversary Edition