ADVERTISEMENT

മാരുതി ബ്രെസയെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന ചെറു എസ്‍യുവി അർബൻ ക്രൂസർ വിപണിയിലെത്തി. മൂന്നു വേരിയന്റുകളിലായി ഓട്ടമാറ്റിക് മാനുവൽ വകഭേദങ്ങളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 8.40 ലക്ഷം മുതൽ 11.30 ലക്ഷം രൂപ വരെയാണ്. വില പ്രഖ്യാപിക്കും മുമ്പ് തന്നെ ബുക്കിങ്ങിൽ മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ടൊയോട്ടയുടെ ചെറു എസ്‌യുവി അർബൻ ക്രൂസറിന് റെസ്പെക്റ്റ് പാക്കേജും ടൊയോട്ട പ്രഖ്യാപിച്ചിരുന്നു.

toyota-urban-cruiser-1

അർബൻ ക്രൂസറിന്റെ അടിസ്ഥാന വകഭേദമായ മിഡിന്റെ മാനുവൽ പതിപ്പിന് 8.40 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 9.80 ലക്ഷം രൂപയുമാണ്. ഹൈ മാനുവലിന് 9.15 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 10.65 ലക്ഷം രൂപയും പ്രീമിയം മാനുവലിന് 9.80 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.30 ലക്ഷം രൂപയും. 11,000 രൂപ അഡ്വാൻസ് നൽകി ടൊയോട്ട ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയും അർബൻ ക്രൂസർ ബുക്ക് ചെയ്യാൻ അവസരമുണ്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിറ്റാര ബ്രേസയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമാണ് ടികെഎം അർബൻ ക്രൂസർ എന്ന പേരിൽ വിൽപനയ്ക്ക് എത്തിക്കുന്നത്. നേരത്തെ പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുക്കി ബലേനൊയെ ടൊയോട്ട ഗ്ലാൻസ എന്ന പേരിൽ വിപണിയിലിറക്കിയിരുന്നു.

Toyota Urban Cruiser
Toyota Urban Cruiser

ബലേനൊയും ഗ്ലാൻസയുമായി ബാഡ്ജിനും മുൻ ഗ്രില്ലിനുമപ്പുറം കാര്യമായ മാറ്റമൊന്നുമില്ലായിരുന്നു. വാറന്റി കാലാവധിയിലെ വ്യത്യാസമായിരുന്നു പ്രധാന മാറ്റം. എന്നാൽ വിറ്റാര ബ്രേസയെ അർബൻ ക്രൂസറാക്കുമ്പോൾ മാറ്റങ്ങൾ പ്രകടമാവുമെന്നാണ്. വലിയ എസ്‌യുവിയായ ഫോർച്യൂണറിന്റെ രൂപകൽപ്പനയോടു സാമ്യമുള്ള മുൻഭാഗവും വേറിട്ട ഹെ‍ഡ്‌ലൈറ്റുമൊക്കെയായിട്ടാവും അർബൻ ക്രൂസറിന്റെ വരവ്. ബംപറും ഗ്രില്ലും പരിഷ്കരിക്കുമെങ്കിലും മെറ്റൽ ഷീറ്റ് (ബോഡി) വിഭാഗത്തിൽ കാര്യമായ വ്യത്യാസമുണ്ടാവില്ലെന്നതിനാൽ പാർശ്വങ്ങളിലും പിൻഭാഗത്തും വലിയ മാറ്റമില്ല. ബ്രൗൺ നിറത്തിൽ അർബൻ ക്രൂസർ വിപണിയിലുണ്ടാവുമെന്നതാണു മറ്റൊരു പുതുമ.

Toyota Urban Cruiser
Toyota Urban Cruiser

‌അകത്തളത്തിലും വിറ്റാര ബ്രേസയും അർബൻ ക്രൂസറുമായി കാര്യമായ മാറ്റങ്ങളില്ല. വിറ്റാര ബ്രേസയിലെ ഗ്രേ - കറുപ്പ് ലേ ഔട്ട് അർബൻ ക്രൂസറിൽ ഇരട്ട വർണ ഡാർക്ക് ബ്രൗൺ ഫിനിഷിനു വഴി മാറുമെന്നു മാത്രം. സൗകര്യങ്ങളിലും സംവിധാനങ്ങളിലുമെല്ലാം ഈ സാമ്യം പ്രകടമാവും. അർബൻ ക്രൂസറിന്റെ മുന്തിയ വകഭേദത്തിൽ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഓട്ടോ വൈപ്പർ, ക്രൂസ് കൺട്രോൾ, ആൻഡ്രോയ്ഡ് ഓട്ടോ–ആപ്പ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയോടെ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കീ രഹിത എൻട്രി, ഓട്ടമാറ്റിക് ക്ലൈമറ്റ കൺട്രോൾ സിസ്റ്റം തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാം. മികച്ച സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിലെ പാർക്കിങ് സെൻസർ എന്നിവ അർബൻ ക്രൂസർ വകഭേദങ്ങളിലെല്ലാം ഉണ്ടാവും.

നിലവിൽ പെട്രോൾ എൻജിനോടെ മാത്രമാണു പരിഷ്കരിച്ച വിറ്റാര ബ്രേസ വിപണിയിലുള്ളത്. കാറിനു കരുത്തേകുന്നത് 105 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. ‘അർബൻ ക്രൂസറി’ലും സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമുണ്ടാവില്ല. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാന്നിധ്യം അർബൻ ക്രൂസർ ഓട്ടമാറ്റിക്കിനു മെച്ചപ്പെട്ട ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്.

English Summary: Toyota Urban Cruiser Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com