ആഡംബരത്തിന് അൽപം നീളം കൂടി; ഗോസ്റ്റ് എക്സ്ട്രാവീൽബേസ് വില 7.95 കോടി

rolls-royce-ghost-extended
Rolls Royce Ghost Extended
SHARE

ആഡംബരത്തിന്റെ അവസാനവാക്കായി വാഴ്ത്തപ്പെടുന്ന റോൾസ് റോയ്സ് ഗോസ്റ്റിന്റെ നീളമേറിയ പതിപ്പായ എക്സ്റ്റൻഡഡ് പതിപ്പ് ഇന്ത്യയിലുമെത്തി. നീളമേറുമെന്നതിനാൽ പിൻ സീറ്റ് യാത്രികർക്ക് അധിക സ്ഥലസൗകര്യം ലഭ്യമാണെന്നതാണ് അത്യാഡംബര സെഡാനായ ഗോസ്റ്റ് എക്സ്റ്റൻഡഡിന്റെ സവിശേഷത. ഗോസ്റ്റ് എക്സ്ട്രാ വീൽബേസിന്  7.95 കോടി രൂപയാണു രാജ്യത്തെ ഷോറൂം വില. 6.95 കോടി രൂപ വിലമതിക്കുന്ന സാധാരണ ഗോസ്റ്റിനെ അപേക്ഷിച്ച് ഒരു കോടി രൂപ അധികമാണിത്. 

സ്വയം കാർ ഓടിക്കുന്നവരെ ലക്ഷ്യമിട്ടല്ല റോൾസ് റോയ്സ് ഗോസ്റ്റ് അവതരിപ്പിക്കുന്നത്, അതുകൊണ്ടുതന്നെ ഡ്രൈവറേക്കാളുപരി പിൻസീറ്റ് യാത്രികനാണ് ഈ കാറിൽ പരിഗണന. അടുത്തയിടെ അവതരിപ്പിച്ച രണ്ടാം തലമുറ ഗോസ്റ്റിന്റെ നീളമേറിയ പതിപ്പാണ് ഗോസ്റ്റ് എക്സ്റ്റൻഡഡ് ആയി ഇപ്പോൾ എത്തിയിരിക്കുന്നത്. അധിക വീൽബേസിന്റെ ഫലമായി പിന്നിൽ സ്ഥലലഭ്യത വർധിച്ചതിനു പുറമെ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ മാറ്റമുണ്ട്. എക്സ്റ്റൻഡഡ് വീൽബേസ് വാഹനങ്ങളോട് ആഭിമുഖ്യമേറെയുള്ള ചൈന പോലുള്ള വിപണികളിലാണു റോൾസ് റോയ്സ് പുതിയ ഗോസ്റ്റ് എക്സ്റ്റൻഡഡിനു വിപുലമായ വിപണന സാധ്യത കാണുന്നത്. 

സാധാരണ ഗോസ്റ്റിനും ഫാന്റത്തിനും കള്ളിനനുമൊക്കെ അടിത്തറയാവുന്ന അലുമിനിയം സ്പേസ് ഫ്രെയിം ആർക്കിടെക്ചറിനെ നീട്ടിയെടുത്താണു റോൾസ് റോയ്സ് ‘ഗോസ്റ്റ് എക്സ്റ്റൻഡഡ്’ യാഥാർഥ്യമാക്കുന്നത്. 5,549 എം എം സാധാരണ ‘ഗോസ്റ്റി’നെ അപേക്ഷിച്ചു കാറിന് 170 എം എം നീളം അധികമുണ്ട്; വീൽ ബേസാവട്ടെ 170 എം എം വർധിച്ച് 3,465 എം എമ്മുമായി.  രൂപകൽപ്പനയിലെ ലാളിത്യം നിലനിർത്താനായി ‘എക്സ്റ്റൻഡഡി’ലെ അധിക നീളം പിൻവാതിലിലും അതിനു ചുറ്റുമുള്ള ഭാഗത്തുമായി ഒളിപ്പിച്ചിരിക്കുകയാണെന്ന് റോൾസ് റോയ്സ് വിശദീകരിക്കുന്നു. കാറിനു കരുത്തേകുന്നത് 6.75 ലീറ്റർ, ഇരട്ട ടർബോ ചാർജ്ഡ്  വി 12 പെട്രോൾ എൻജിനാണ്. 571 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. 

പിൻ സീറ്റിൽ ലഭിച്ച അധിക സ്ഥലത്താണു റോൾസ് റോയ്സ് ‘ഗോസ്റ്റ് എക്സ്റ്റൻഡഡി’ലെ പരിഷ്കാരമത്രയും നടപ്പാക്കിയിരിക്കുന്നത്. ബിസിനസ് ജെറ്റിലെ സീറ്റുകളോടു താരതമ്യം ചെയ്യാവുന്ന തരം ചരിക്കാവുന്ന ‘സെറിനിറ്റി’ സീറ്റുകളാണു കാറിലുള്ളത്. പോരെങ്കിൽ പിൻ സീറ്റിനിടയിലായി ഷാംപെയ്ൻ സൂക്ഷിക്കാൻ പോന്ന ഫ്രിജും ഇടംപിടിക്കുന്നു. പഴക്കമേറിയ ഷാംപെയ്ൻ കുപ്പികൾ സൂക്ഷിക്കാൻ 11 ഡിഗ്രിയും പുതിയവയ്ക്ക് ആറു ഡിഗ്രിയുമാണു താപനില എന്നതിനാൽ ഇരുക്രമീകരണങ്ങളും സഹിതമാണ് ഈ ഫ്രിജിന്റെ വരവ്. വൈ ഫൈ സൗകര്യത്തിനൊപ്പം കൊറോണ വൈറസ് വ്യാപനം മുൻനിർത്തി പുതിയ വായു ശുദ്ധീകരണ സംവിധാനവും കാറിലുണ്ട്. 

English Summary: Rolls-Royce Ghost Extended priced at Rs 7.95 Crore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA