ADVERTISEMENT

ദീപാവലി, നവരാത്രി ഉത്സവകാലം പ്രമാണിച്ചു ഹീറോ മോട്ടോ കോർപ് ‘ഗ്ലാമറി’ന്റെ പ്രത്യേക പതിപ്പായ ‘ഗ്ലാമർ ബ്ലെയ്സ്’ പുറത്തിറക്കി. സാധാരണ ഗതിയിൽ ഏതു വകഭേദമാണോ പ്രത്യേക പതിപ്പിന് അടിസ്ഥാനമാവുന്നത് അതിലും ഉയർന്ന വിലയ്ക്കാണ് ആ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കെത്തുക. എന്നാൽ ‘ഗ്ലാമർ ബ്ലെയ്സി’ന്  72,200 രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഇതോടെ ഡ്രം ബ്രേക്കുള്ള ‘ഗ്ലാമറി’ന്റെയും (വില: 71,000 രൂപ) ഡിസ്ക് ബ്രേക്കുള്ള ‘ഗ്ലാമറി’ന്റെയും (വില: 74,500 രൂപ) ഇടയിലാണു ‘ഗ്ലാമർ ബ്ലെയ്സി’നു സ്ഥാനം. പോരെങ്കിൽ ‘ബ്ലെയ്സി’ന് അടിത്തറയാവുന്ന, ഡിസ്ക് ബ്രേക്കുള്ള ‘ഗ്ലാമറി’നെ അപേക്ഷിച്ച് വിലയിൽ 2,300 രൂപയോളം കുറവുമുണ്ട്. 

പുതുവർണമായ ‘മാറ്റ് വെർണിയർ ഗ്രേ’യിലാണു ‘ഗ്ലാമർ ബ്ലെയ്സ്’ വിൽപ്പനയ്ക്കെത്തുക; കൂടാതെ ഹാൻഡിൽ ബാറിൽ ഘടിപ്പിച്ച യു എസ് ബി ചാർജർ, സൈഡ് സ്റ്റാൻഡ് പിൻവാങ്ങിയിട്ടില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ഇൻഡിക്കേറ്റർ, ഫങ്ക് ലൈം യെലോ ഗ്രാഫിക്സ് തുടങ്ങിയവയും ബൈക്കിലുണ്ട്. 

സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ഗ്ലാമർ ബ്ലെയ്സി’ന്റെയും വരവ്. ബൈക്കിനു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 124.7 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്. 7,500 ആർ പി എമ്മിൽ 10.7 ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 10.6 എൻ എം ടോർക്കുമാണ്  ഈ എൻജിൻ സൃഷ്ടിക്കുക. ഒപ്പം ഹീറോയുടെ സ്വന്തം ആവിഷ്കാരമായ ഐഡ്ൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം അഥവാ ‘ഐ ത്രീ എസ്’ സാങ്കേതികവിദ്യയുടെ പിൻബലവും ബൈക്കിനുണ്ട്. അഞ്ച് സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ട്രാൻസ്മിഷൻ അഞ്ചു സ്പീഡായതോടെ ‘ഗ്ലാമറി’ന്റെ എതിരാളികൾ ഹോണ്ട ‘എസ് പി 125’, ബജാജ് ‘പൾസർ 125’ എന്നിവയാണ്. 

English Summary: Hero Glamour Blaze Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com