ഇലക്ട്രിക് യുദ്ധം! 236 കി.മീ റേഞ്ചുമായി ഓലയെ വെല്ലാൻ സിംപിൾ വൺ, വില 1.10 ലക്ഷം രൂപ

Mail This Article
ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട് അപ് കമ്പനിയായ സിംപിൾ എനർജിയുടെ ആദ്യ വൈദ്യുത സ്കൂട്ടർ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറി. 1.10 ലക്ഷം രൂപയാണു സിംപിൾ വണ്ണിന്റെ ഷോറൂം വില. വൈദ്യുത വാഹനങ്ങൾക്കു ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരവും വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതുമായ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിലയിൽ ഇളവും പ്രതീക്ഷിക്കാം.
സിംപിൾ വണ്ണിനുള്ള പ്രീബുക്കിങ് ഞായറാഴ്ച മുതൽ കമ്പനി വെബ്സൈറ്റ് മുഖേന സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്ത്യ സ്വതന്ത്രമായ വർഷത്തിന്റെ സ്മരണയ്ക്കായി 1,947 രൂപ അഡ്വാൻസ് ഈടാക്കിയാണു ‘സിംപിൾ വണ്ണി’നുള്ള ബുക്കിങ്ങുകൾ കമ്പനി ഏറ്റെടുക്കുക.
തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ശാലയിലാണു സിംപിൾ വണ്ണിന്റെ നിർമാണം. ആദ്യഘട്ടത്തിൽ പ്രതിവർഷം 10 ലക്ഷം സ്കൂട്ടറുകളാവും ഈ ശാലയുടെ ഉൽപ്പാദനശേഷി. തുടക്കത്തിൽ കർണാടക, തമിഴ്നാട്, ഗോവ, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങി രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണു ‘സിംപിൾ വൺ’ വിൽപനയ്ക്കെത്തുക. സ്കൂട്ടറിനു കരുത്തേകുന്നത് 4.8 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററിയാണ്; 4.5 കിലോവാട്ട് അവർ കരുത്തും 72 എൻ എം ടോർക്കുമാണ് ഈ പായ്ക്ക് സൃഷ്ടിക്കുക.
ആറു കിലോഗ്രാമോളമാണു ബാറ്ററി പായ്ക്കിന്റെ ഭാരമെന്നതിനാൽ ഇത് അനായാസം ഊരിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ചാർജ് ചെയ്യാനാവും. ഒപ്പം ബാറ്ററി ചാർജ് ചെയ്യാനായി സിംപിൾ ലൂപ് എന്ന ചാർജറും കമ്പനി ലഭ്യമാക്കും; വെറും 60 സെക്കൻഡിൽ 2.5 കിലോമീറ്റർ ഓടാനുള്ള ചാർജ് നേടാൻ സിംപിൾ ലൂപ് സഹായിക്കുമെന്നാണു കമ്പനിയുടെ വാദം. പോരെങ്കിൽ അടുത്ത മൂന്നു മുതൽ ഏഴു മാസത്തിനകം രാജ്യത്ത് 300 പബ്ലിക് ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും സിംപിൾ എനർജിക്കു പദ്ധതിയുണ്ട്.
ഒറ്റ ചാർജിൽ (ഇകോ മോഡിൽ) 203 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററിക്കാവുമെന്നാണു സിംപിൾ എനർജിയുടെ അവകാശവാദം; ഇന്ത്യൻ ഡ്രൈവ് സൈക്കിൾ(ഐ ഡി സി) വ്യവസ്ഥയിലെ സഞ്ചാര പരിധി(റേഞ്ച്) 236 കിലോമീറ്ററാണ്.
മണിക്കൂറിൽ 105 കിലോമീറ്ററാണു സ്കൂട്ടറിന്റെ പരമാവധി വേഗം. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.6 സെക്കൻഡിൽ സ്കൂട്ടർ മണിക്കൂറിൽ 50 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 40 കിലോമീറ്റർ വേഗം കൈവരിക്കാനാവട്ടെ 2.95 സെക്കൻഡ് മതി. അഴകുറ്റ രൂപകൽപ്പനയ്ക്കൊപ്പം മിഡ് ഡ്രൈവ് മോട്ടോറുമായി എത്തുന്ന ‘സിംപിൾ വണ്ണി’ന്റെ സീറ്റിനടിയിൽ 30 ലീറ്റർ സംഭരണ സ്ഥലമുണ്ട്. 12 ഇഞ്ച് വീൽ, ഏഴ് ഇഞ്ച് കസ്റ്റമൈസബ്ൾ ഡിജിറ്റൽ ഡാഷ്ബോഡ്, ഓൺ ബോഡ് നാവിഗേഷൻ, ജിയോ ഫെൻസിങ്, എസ് ഒ എസ് മെസേജ്, രേഖകൾ സൂക്ഷിക്കാനുള്ള സ്ഥലം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയൊക്കെയുള്ള സ്കൂട്ടർ ചുവപ്പ്, വെള്ള, കറുപ്പ്, നീല നിറങ്ങളിലാവും വിൽപ്പനയ്ക്കെത്തുക. ഇ സ്കൂട്ടർ വിപണിയിൽ ആഥെർ എനർജി, ഹീറോ ഇലക്ട്രിക്, ഒകിനാവ, ഓല തുടങ്ങിയ നിർമാതാക്കളുടെ മോഡലുകളാണ് ‘സിംപിൾ വണ്ണി’നെ നേരിടാൻ അണിനിരക്കുക.
English Summary: Simple Energy One launched at Rs 1.10 Lakh