ടാറ്റയുടെ കുഞ്ഞൻ എസ്യുവി പഞ്ച് വിപണിയിൽ, വില 5.49 ലക്ഷം രൂപ മുതല്
Mail This Article
കുഞ്ഞൻ എസ്‌യുവി പഞ്ചിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന് 5.49 ലക്ഷം രൂപ മുതൽ 8.49 ലക്ഷം രൂപ വരെയാണ് വില. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്, ക്രിയേറ്റീവ് എന്നീ വകഭേദങ്ങളിലായി 7 നിറങ്ങളിലാണ് പഞ്ച് വിപണിയിലെത്തുക. ഫീച്ചറുകളുടെ നീണ്ട നിരയുമായെത്തുന്ന വാഹനം ചെറു കാർ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തും എന്നാണ് ടാറ്റ മോട്ടോഴ്സ് പറയുന്നത്. ഇന്നു മുതൽ 21000 രൂപ നൽകി ഓൺലൈനായും ടാറ്റ ഷോറൂം വഴിയും പഞ്ചിന്റെ ബുക്കിങ് സ്വീകരിക്കുന്നുണ്ട്.
∙ 5 സ്റ്റാർ സുരക്ഷ
ഗ്ലോബൽ എൻസിഎപി നടത്തിയ സുരക്ഷാ പരിശോധനയിൽ മുതിർന്നവരുടെ സുരക്ഷയ്ക്ക് 5 സ്റ്റാറും പിൻ സീറ്റിലെ കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാറും പഞ്ച് നേടിയിരുന്നു. ഇതോടെ ഈ വിഭാഗത്തിൽ 5 സ്റ്റാർ സുരക്ഷ നേടുന്ന ആദ്യകാറായി മാറി ടാറ്റയുടെ ചെറു എസ്‍യുവി. അപകടത്തിലും പഞ്ചിന്റെ ബോഡി സ്റ്റേബിൾ ആണെന്നാണ് ഗ്ലോബൽ എൻസിഎപി കണ്ടെത്തിയത്. ക്രാഷ് ടെസ്റ്റിൽ 17 ൽ 16.45 പോയിന്റും പഞ്ച് നേടി, ഇത് ഇന്ത്യൻ കാറുകളുടെ ഏറ്റവും ഉയർന്ന പോയിന്റാണ്. കുട്ടികളുടെ സുരക്ഷയിൽ 49 ൽ 40.89 പോയിന്റും നേടിയാണ് നാലു സ്റ്റാർ കരസ്ഥമാക്കിയത്. മുൻ ക്രാഷ് ടെസ്റ്റ് കൂടാതെ സൈഡ് ഇംപാക്ട് ടെസ്റ്റുകൂടി നടത്തിയതിന് ശേഷമാണ് വാഹനം 5 സ്റ്റാർ റേറ്റിങ് നേടിയത്.
∙ പെട്രോൾ എൻജിൻ, എഎംടി ഗിയർബോക്സ്
പെട്രോൾ എൻജിൻ വകഭേദം മാത്രമാണ് പുതിയ വാഹനത്തിൽ. ആൾട്രോസിലും ടിഗോറിലും ഉപയോഗിക്കുന്ന 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയാണ് ചെറു എസ്‍യുവിയിലും. 86 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുണ്ട്. മാനുവൽ എംഎംടി ഗിയർബോക്സുകളിൽ പുതിയ വാഹനം ലഭിക്കും. ഈ എൻജിന് പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗം ആർജിക്കാൻ വെറും 6.5 സെക്കൻഡ് മാത്രം മതി എന്നും ടാറ്റ പറയുന്നു.
∙ കൂടുതൽ വലുപ്പം
ടാറ്റയുടെ ഇംപാക്ട് 2 ഡിസൈൻ ഫിലോസഫിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോം തന്നെയാണ് പഞ്ചിന്റെയും അടിത്തറ. പ്രധാന എതിരാളികളായി കണക്കാക്കുന്ന ഇഗ്നിസിനെക്കാളും കെയുവി 100 നെക്കാളും നീളവും വീതിയും ഗ്രൗണ്ട് ക്ലിയറൻസും വീൽബെയ്സും കൂടുതലുണ്ട് പഞ്ചിന്. 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമുണ്ട്.
∙ ഫീച്ചറുകളുടെ നീണ്ട നിര
സെഗ്‍മെന്റിൽ ഏറ്റവും അധികം ഫീച്ചറുകളുമായി എത്തുന്ന വാഹനമായിരിക്കും പഞ്ച്. ഹാരിയറിനെയും സഫാരിയെയും അനുസ്മരിപ്പിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാംപുകൾ, ഹ്യൂമാനിറ്റി ലൈൻ ഗ്രിൽ എന്നിവ പഞ്ചിലുണ്ട്. ടാറ്റയുടെ സിഗ്നേച്ചർ വൈ ഡിസൈനുള്ള മുൻ ബംപറാണ്. ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകൾ, ഫ്ലോട്ടിങ് റൂഫ് എന്നിവയുണ്ട്.
അടിസ്ഥാന വകഭേദമായ പ്യുവറിൽ ഡ്യുവൽ എയർബാഗ്, എബിഎസ്, ചൈൽഡ് സീറ്റ് ആങ്കർ, മുൻ പവർ വിൻഡോ, സെൻട്രൽ ലോക്ക്, എൻജിൻ സ്റ്റാർട്ട്, സ്റ്റോപ് സ്വിച്ച് എന്നിവയുണ്ട്. രണ്ടാമത്തെ വകഭേദത്തിൽ ഇവ കൂടാതെ 4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാലു സ്പീക്കറുകൾ, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ, റിയർ പവർ വിൻഡോ, ഫോളോമീ ഹെഡ്‌ലാംപുകൾ എന്നിവയുണ്ട്.
മൂന്നാമത്തെ വകഭേദമായ അക്കംപ്ലിഷിൽ 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാംപ്, കീലെസ് എൻട്രി, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് വീലുകൾ എന്നിവയുണ്ട്. ഉയർന്ന വകഭേദത്തിൽ അക്കംപ്ലീഷിലെ ഫീച്ചറുകൾ കൂടാതെ 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക്ക് പ്രൊജക്ടർ ഹെഡ്‌ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പർ, റിയർ വൈപ്പർ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയുണ്ട്.
∙ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് കസ്റ്റമൈസേഷൻ
കസ്റ്റമൈസേഷൻ സൗകര്യമാണ് പഞ്ചിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. പ്യൂവർ, അഡ്വഞ്ചർ വകഭേദങ്ങൾക്ക് റിഥം പാക്, അക്കംപ്ലീഷ്, ക്രിയേറ്റിവ് വകഭേദങ്ങൾക്ക് ഡസിൽ, ഐആർഎസ് പാക് എന്നീ ഓപ്ഷൻസാണ് നൽകിയിരിക്കുന്നത്. പ്യൂവറിലെ റിഥം പാക്കേജിൽ നാലു സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റവും സ്റ്റിയറിങ്ങിലെ കൺട്രോളുകളും അധികമായി ലഭിക്കും. അഡ്വഞ്ചറിലെ റിഥം പാക്കിൽ 7 ഇഞ്ച് ഹർമൻ ടച്ച് സക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ലഭിക്കുന്നത്.
അക്കംപ്ലീഷിലെ ഡസിൽ പാക്കേജിൽ പ്രൊജക്ടർ ഹെഡ്‌ലാംപും എൽഇഡി ഡേടൈം റണ്ണിങ് ലാംപും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും കറുത്ത നിറത്തിലുള്ള എ പില്ലറും ലഭിക്കുമ്പോൾ ഉയർന്ന വകഭേദത്തിലെ ഐആർഎ പാക്കേജിൽ ലഭിക്കുന്നത് ടാറ്റയുടെ ഐആർഎ കണക്ടിവിറ്റിയാണ്.
English Summary: Tata Punch Launched In India