ADVERTISEMENT

വൈദ്യുത വാഹന നിർമാതാക്കളായ ടോർക്ക് മോട്ടോഴ്സിന്റെ ഇ മോട്ടോർ സൈക്കിളായ ക്രാറ്റോസ് വിൽപ്പനയ്ക്കെത്തി. ക്രാറ്റോസിന് 1.08 ലക്ഷം രൂപ (സബ്സിഡികൾക്കു ശേഷം) മുതലാണു പുണെ ഷോറൂമിലെ വില. രണ്ടു വകഭേദങ്ങളിലാണു ക്രാറ്റോസ് വിൽപനയ്ക്കുള്ളത്. അടിസ്ഥാന പതിപ്പായ ക്രാറ്റോസ്,  മുന്തിയ പതിപ്പായ ക്രാറ്റോസ് ആർ.  ക്രാറ്റോസ് 1.08 ലക്ഷം രൂപയ്ക്കു ലഭിക്കുമ്പോൾ ക്രാറ്റോസ് ആറിന്റെ പുണെ ഷോറൂം വില 1.23 ലക്ഷം രൂപയാണ്. 

 

ഇരു വകഭേദങ്ങൾക്കുമുള്ള ബുക്കിങ്ങും ടോർക്ക് മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങി. കമ്പനി വെബ്സൈറ്റിൽ 999 രൂപ അഡ്വാൻസ് അടച്ചു ബൈക്ക് ബുക്ക് ചെയ്യാം. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഏപ്രിലോടെ പുതിയ ഇ ബൈക്ക് കൈമാറുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ആദ്യ ഘട്ടത്തിൽ പുണെ, മുംബൈ, ഹൈദരബാദ്, ചെന്നൈ, ഡൽഹി നഗരങ്ങളിലാവും ക്രാറ്റോസ് ലഭ്യമാവുക. അടുത്ത ഘട്ടത്തിൽ നൂറോളം നഗരങ്ങളിലേക്കു വിപണനം വ്യാപിപ്പിക്കും. ക്രമേണ രാജ്യവ്യാപകമായി ക്രാറ്റോസ് വിൽപനയ്ക്കെത്തുമെന്നാണു ടോർക്ക് മോട്ടോഴ്സിന്റെ വാഗ്ദാനം.

 

ടി സിക്സ് എക്സ് എന്ന പേരിൽ 2016ൽ അനാവരണം ചെയ്ത ഇ ബൈക്കാണു പുണെ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ ഭാരത് ഫോർജ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ടോർക്ക് മോട്ടോഴ്സ് ഇപ്പോൾ ഔപചാരികമായി വിപണിയിൽ അവതരിപ്പിച്ചത്. .  പ്രകടനമികവിന്റെ പിൻബലത്തിൽ പരമ്പരാഗത എൻജിനുള്ള 125 സി സി-150 സി സി ബൈക്കുകളെ വെല്ലുവിളിക്കാൻ ക്രാറ്റോസിനാവുമെന്നാണു ടോർക്കിന്റെ പ്രതീക്ഷ.

 

ഉയർന്ന കരുത്തും സഞ്ചാര പരിധി(റേഞ്ച്)യും ഉറപ്പാക്കുന്ന ആധുനിക ആക്സിയൽ ഫ്ളക്സ് മോട്ടോർ ടോപ്പോളജിയുടെ പിൻബലമുള്ള ടോർക്ക് ലിതിയം അയോൺ ബാറ്ററി പായ്ക്കാണു ബൈക്കിലെ പ്രധാന സവിശേഷതയായി നിർമാതാക്കൾ അവതരിപ്പിക്കുന്നത്. ബൈക്കിലെ ഐ പി 67 റേറ്റിങ്ങുള്ള 48 വോൾട്ട്, നാല് കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കിന് പരീക്ഷണഘട്ടത്തിലെ പ്രകടനമനുസരിച്ച് ഒറ്റ ചാർജിൽ 180 കിലോമീറ്റർ പിന്നിടാനാവും. സാധാരണ സാഹചര്യത്തിൽ 120 കിലോമീറ്ററാണ് ടോർക്ക് വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 7.5 കിലോവാട്ട് വരെ കരുത്തും 28 എൻ എമ്മോളം ടോർക്കുമുള്ള ‘ക്രാറ്റോസി’ന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാവും. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ബൈക്കിനു വെറും നാലു സെക്കൻഡ് മതിയെന്നും ടോർക്ക് മോട്ടോഴ്സ് അവകാശപ്പെടുന്നു. 

 

മുന്തിയ വകഭേദമായ ‘ക്രാറ്റോസ് ആറി’ലെ കരുത്തേറിയ മോട്ടോറിന് ഒൻപതു കിലോവാട്ട് വരെ കരുത്തും 38 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. മണിക്കൂറിൽ 105 കിലോമീറ്ററാണ് ഈ മോഡൽ കൈവരിക്കുന്ന പരമാവധി വേഗം. അതിവേഗ ചാർജിങ് സൗകര്യത്തോടെയെത്തുന്ന ‘ക്രാറ്റോസ് ആറി’ൽ ജിയോ ഫെൻസിങ്, ‘ഫൈൻഡ് മൈ വെഹിക്കിൾ’, മോട്ടോർവാക്ക് അസിസ്റ്റ്, ക്രാഷ് അലെർട്ട്, വെക്കേഷൻ മോഡ്, ട്രാക്ക് മോഡ് അനാലിസിസ്, സ്മാർട് ചാർജ് അനാലിസിസ് തുടങ്ങിയ സൗകര്യങ്ങളും ടോർക്ക് മോട്ടോഴ്സ് ലഭ്യമാക്കുന്നുണ്ട്. ക്രാറ്റോസ് വെള്ള നിറത്തിൽ മാത്രം വിൽപ്പനയ്ക്കുള്ളപ്പോൾ ‘ക്രാറ്റോസ് ആർ’ വെള്ളയ്ക്കു പുറമെ നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലും ലഭ്യമാണ്. 

 

English Summary: Electric Bike Kratos Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com