ADVERTISEMENT

വാഹന വിപണിയെ വില കൊണ്ട് ഞെട്ടിക്കാൻ കിയ കരൻസ്. പെട്രോൾ,ഡീസൽ എൻജിനുകളുമായി വിപണിയിലെത്തുന്ന വാഹനത്തിന്റെ പ്രാരംഭ വില 8.99 ലക്ഷം രൂപ. 1.5 ലീറ്റർ പെട്രോൾ വകഭേദത്തിന് 8.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയും 1.4 ലീറ്റർ ടർബോ പെട്രോൾ വകഭേദത്തിന് 10.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയും 1.5 ലീറ്റർ സിആർഡിഐ ഡീസൽ മോഡലിന് 10.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില. പെട്രോൾ വകഭേദത്തിന് 16.5 കിലോമീറ്ററും ഡീസലിന് 21.3 കിലോമീറ്ററും ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് വില പ്രഖ്യാപിച്ചുകൊണ്ട് കിയ അറിയിക്കുന്നത്.

kia-carens

നേരത്തെ കരൻസിന്റെ ഉത്പാദനം ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള ശാലയിൽ ആരംഭിച്ചിരുന്നു. സെൽറ്റോസിനും സൊണെറ്റിനും കാർണിവലിനും ശേഷം കിയ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമതു മോഡലാണു കരൻസ്. മാത്രമല്ല നിർമിക്കുന്ന കരൻസ് എൺപതോളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും കിയയ്ക്കു പദ്ധതിയുണ്ട്. കാഴ്ചയിൽ എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹന(എംപിവി)മായ കരൻസിനെ റിക്രിയേഷണൽ വെഹിക്കിൾ (ആർവി) എന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ 5 മോഡലുകളിലാണ് കരൻസ് വിപണിയിലെത്തുക.

മൂന്ന് എൻജിൻ ഓപ്ഷനുകൾ

സെൽറ്റോസിനു സമാനമായ എൻജിൻ സാധ്യതകളോടെയാണു കരൻസ് എത്തുന്നത്. കരൻസിനു കരുത്തേകാൻ പെട്രോൾ വിഭാഗത്തിൽ 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (115 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കും), 1.4 ലീറ്റർ ടർബോ (140 ബിഎച്ച്പി കരുത്തും 242 എൻഎം ടോർക്കും) എൻജിനുകളുണ്ട്. 1.5 ലീറ്റർ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സ്. ടർബോ പെട്രോളിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡിസിടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത.

kia-carens

ഇതിനു പുറമെ 1.5 ലീറ്റർ ഡീസൽ എൻജിൻ സഹിതവും കരൻസ് ലഭിക്കും. 115 ബിഎച്ച്പി കരുത്തും 250 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിനൊപ്പമാകട്ടെ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. രണ്ടാം നിരയിലെ യാത്രികർക്കു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്താണു കരൻസിന്റെ വരവ്. ആറും ഏഴും സീറ്റുകളോടെ ലഭ്യമാവുന്ന കരൻസിന് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ വീൽ ബേസാണു കിയ ഉറപ്പാക്കുന്നത്.

ഏഴു നിറങ്ങൾ, ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷൻ

ആറും ഏഴും സീറ്റുകളോടെ ലഭ്യമാവുന്ന കരൻസ് ഏഴു നിറങ്ങളിലാവും വിൽപനയ്ക്കെത്തിയത്. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, സ്പാർക്ലിങ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഗ്ലേഷ്യർ വൈറ്റ് പേൾ. കടുവയുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രൂപകൽപനയോടെ എത്തുന്ന കരൻസിന്റെ മുന്നിൽ ഡി ആർ എൽ സഹിതം എൽ ഇ ഡി ഹെഡ്‌ലാംപ്, 16 ഇഞ്ച് ഇരട്ട വർണ അലോയ് വീൽ, പിന്നിൽ എൽ ഇ ഡി ടെയിൽ ലൈറ്റ് എന്നിവയെല്ലാമുണ്ട്. കൂടാതെ ബുട്ടിന്റെ നീളത്തോളം എൽഇഡി സ്ട്രിപ്പും ഘടിപ്പിച്ചിട്ടുണ്ട്.

kia-carens-2

രണ്ടാം നിരയിലെ യാത്രികർക്കു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും കരൻസ് വാഗ്ദാനം ചെയ്യുന്നു, പ്രായോഗികതയ്ക്ക് ഊന്നൽ നൽകി ബോട്ട്ൽ ഹോൾഡർ, തലപ്പൊക്കത്തിൽ ഘടിപ്പിച്ച എയർ വെന്റ്, മടക്കി ഒതുക്കി വയ്ക്കാവുന്ന പിൻ സീറ്റ്, രണ്ടാം നിരയ്ക്കായി ട്രേ ടേബിൾ തുടങ്ങിയവയൊക്കെ കരൻസിലുണ്ടാവും. കൂടാതെ 10.25 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, എട്ടു സ്പീക്കർ സഹിതം ബോസ് ഓഡിയോ, 64 നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ്, രണ്ടാം നിര സീറ്റിന്റെ വാതിലിൽ പഡ്ൽ ലാംപ്, ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റ്, കിയ കണക്റ്റ് സ്യൂട്ട് കണക്റ്റഡ് കാർ സാങ്കേതിക വിദ്യ തുടങ്ങിയവയും ലഭ്യമാവും. കരൻസിന്റെ എല്ലാ വകഭേദത്തിലും കിയ ഇന്ത്യ ആറ് എയർബാഗ് ഘടിപ്പിക്കുന്നുണ്ട്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ(ഇ എസ് സി), സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, മുന്നിൽ പാർക്കിങ് സെൻസർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഡിസ്ക് ബ്രേക്ക്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയും കരൻസിലുണ്ട്.

kia-carens-6

കിയ കരൻസിന്റെ വകഭേദങ്ങളും ഫീച്ചറുകളും

പ്രീമിയം

അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകള്‍, എബിഎസ്, ഇഎസ്‌സി, നാലു വീലുകളിലും ഡിസ്ക് ബ്രേക് എന്നിവയുണ്ട്. 16 സ്റ്റീൽ വീലുകളാണ് പ്രീമിയത്തിൽ. ഇൻഡിഗോ ആക്സെന്റോടു കൂടിയ ബ്ലാക്ക് ആന്റ് ബീജ് ഇന്റീരിയർ, സെമ്മി ലെഥറേറ്റ് സീറ്റുകൾ, വൺ ടച്ച് ഇലക്ട്രിക് ടംപിൽ രണ്ടാം നിര സീറ്റ്, 7.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍‌, റിയർ പാർക്കിങ് സെൻസർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്.

kia-carens-1

പ്രസ്റ്റീജ്

പ്രീമിയത്തിലുള്ള ഫീച്ചറുകൾ കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.5 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, 6 സ്പീക്കർ സറൗണ്ട് സിസ്റ്റം, റിയർവ്യൂ കാമറ, ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ റിയർവ്യൂ മിറർ എന്നിവയുണ്ട്.

പ്രസ്റ്റീജ് പ്ലസ്

പ്രസ്റ്റീജിന്റെ ഫീച്ചറുകൾ കൂടാതെ 16 ഇഞ്ച് അലോയ് വീലുകൾ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കിലെസ് എൻട്രി, റിയർ വാഷർ വൈപ്പർ, ഡ്രൈവ് മോഡലുകൾ എന്നിവയുണ്ട്. കൂടാതെ ഡിസിറ്റി ഗിയർബോക്സിലും വാഹനം ലഭിക്കും.

kia-carens-2

ലക്ഷ്വറി

കിയ കണക്റ്റ് യുഐയുള്ള 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ലക്ഷ്വറി വകഭേദത്തിന്റെ ഹൈലൈറ്റ്, എൽഇഡി ഹെഡ്‌‌ലാംപ്, ഓവർ ദ എയർ സോഫ്റ്റ്‌വയർ അപ്ഡേഷനുകൾ, 64 കളർ അംബിയന്റ് ക്യാബിൻ ലൈറ്റിങ്, എയർ പ്യൂരിഫയർ, ടെലിസ്കോപ്പിങ് സ്റ്റിയറിങ് വീൽ അഡ്ജെസ്റ്റ്മെന്റ് എന്നിവയുണ്ട്.

ലക്ഷ്വറി പ്ലസ്

ഉയർന്ന വകഭേദമായ ലക്ഷ്വറി പ്ലസിന്റെ ഹൈലൈറ്റ് 8 സ്പീക്കറുകളുള്ള ബോഷിന്റെ സൗണ്ട് സിസ്റ്റമാണ്. കൂടാതെ കൂൾഡ് വയർലെസ് ചാർജർ, 64 നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ്, രണ്ടാം നിര സീറ്റിന്റെ വാതിലിൽ പഡ്ൽ ലാംപ്, ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റ് തുടങ്ങിയവയും ലഭ്യമാണ്.

English Summary: Kia Carens Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com