സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, പുതിയ ബലേനൊ വിപണിയിൽ, വില 6.35 ലക്ഷം മുതൽ

Mail This Article
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. നാലു വകഭേദങ്ങളിലായി മാനുവൽ എജിഎസ് പതിപ്പുകളിലെത്തിയ വാഹനത്തിന് എക്സ് ഷോറും വില ആരംഭിക്കുന്നത് 6.35 ലക്ഷം രൂപയിലാണ്. അടുമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ ബലേനൊ എത്തിയത്. അവതരണത്തിനു മുന്നോടിയായി 2022 ബലേനൊയ്ക്കുള്ള ബുക്കിങ്ങും മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിരുന്നു.

ഡിസൈനിൽ അടിമുടി മാറ്റം
പുതിയ ഡിസൈൻ ഫിലോസഫിയിലാണ് ബലേനൊയുടെ നിർമാണം. ആദ്യ തലമുറയുടെ ഉരുണ്ട മുൻ ഡിസൈനിൽ നിന്നു വ്യത്യസ്തമായി ഫ്ലാറ്റ് നോസ് ഗ്രിൽ ഡിസൈനാണ് പുതിയ മോഡലിന്. കൂടാതെ നിലവിലുള്ള കാറിനെ അപേക്ഷിച്ച് വീതിയേറിയ മുൻ ഗ്രില്ലുമുണ്ട്. നവീകരിച്ച ഡേ ടൈം റണ്ണിങ് ലാംപ്(ഡി ആർ എൽ) സഹിതം പുത്തൻ ഹെഡ്‌ലാംപുകളും കാറിലുണ്ട്.

കാഴ്ചയിൽ കൂടുതൽ പക്വതയ്ക്കായി ഫോഗ് ലാംപിന്റെ വലുപ്പവും വർധിപ്പിച്ചിട്ടുണ്ട്. പാർശ്വങ്ങളിൽ വിൻഡോ ലൈനിനു ക്രോമിയം സ്പർശം നൽകിയതിനൊപപ്പം 10 സ്പോക്ക് അലോയ് വീലിന്റെ രൂപകൽപനയും പരിഷ്കരിച്ചിട്ടുണ്ട്. പിന്നിൽ പുതിയ റാപ് എറൗണ്ട് എൽ ഇ ഡി ടെയിൽ ലാംപ് ഇടംപിടിക്കുന്നു; ഒപ്പം പിൻ ബംപറും പരിഷ്കരിച്ചിട്ടുണ്ട്. പൂർണമായും റീഡിസൈൻ ചെയ്ത ഇന്റീരിയറാണ് ബലേനോയുടെ ഏറ്റവും വലിയ പ്രത്യേകത.

ടെക്കി ഇന്റീരിയർ
രാജ്യാന്തര വിപണിയിലെ പുതിയ എസ്‍ക്രോസിന് സമാനമായി 9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇൻസ്ട്രുമെന്റ് പാനൽ, വോയിസ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ഹെഡ് അപ് ഡിസ്പ്ലേ സ്ക്രീൻ, വയർലെസ് ആപ്പിൾ കാർ പ്ലെ, റിയർ എസി വെന്റ്, ഫാസ്റ്റ് ചാർജിങ്, ആൻഡ്രോയിഡ് ഓട്ടോ, സുസുക്കി കണക്റ്റ്, ഓട്ടോ എൽഇഡി ഹെഡ്‌ലാംപ്, കിലെസ് ഗോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പരിഷ്കരിച്ച സ്റ്റീയറിങ് വീൽ, ക്ലൈമറ്റ് കൺട്രോളിനു പുത്തൻ സ്വിച്ചുകൾ എന്നിവ പുതിയ ബലേനോയിലുണ്ട്.

മികച്ച സുരക്ഷ, 5 പുതിയ നിറം
എഎംടി, മാനുവൽ വകഭേദങ്ങളിലായി 7 മോഡലുകൾ പുതിയ ബലേനോയിലൂണ്ട്. 20 അധികം സുരക്ഷാ ഫീച്ചറുകൾ, 6 എയർബാഗുകൾ, ഇബിഎസ് ഇബിഡി, തുടങ്ങി, ഇഎസ്‍പി എന്നിവയുണ്ട്. ഹാർടെക് പ്ലാറ്റ്ഫോമിലാണ് നിർമാണം. അഞ്ച് പുതിയ നിറങ്ങളും പുതിയ ബലേനോയിലൂടെ മാരുതി അവതരിപ്പിച്ചിട്ടുണ്ട്.

എൻജിൻ
1.2 ലീറ്റർ കെ സീരിസ് പെട്രോൾ എൻജിനാണ് ബലേനോയ്ക്ക് കരുത്തേകുന്നത്. പുതിയ ഹൈഡ്രോളിക്ക് ക്ലച്ച് സിസ്റ്റം, കാര്യക്ഷമത കൂടി ബ്രേക്ക് എന്നിവയുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകൾ. ഹ്യുണ്ടേയ് ഐ20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ് തുടങ്ങിവയോടാവും 2022 ബലേനൊയുടെ പോരാട്ടം.
English Summary: New Maruti Suzuki Baleno Launched In India