ആഡംബരത്തിന്റെ പര്യായം മെയ്ബ എസ് ക്ലാസ് വിപണിയില്‍, വില 2.50 കോടി
Mail This Article
ആഡംബര കാര്‍ നിർമാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് തങ്ങളുടെ മെയ്ബ എസ് ക്ലാസ് ഇന്ത്യയില്‍ പുറത്തിറക്കി. മെഴ്‌സിഡസ് -മെയ്ബ എസ് ക്ലാസിന്റെ രണ്ട് വ്യത്യസ്ത മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ നിർമിക്കുന്ന എസ് 580ക്ക് 2.50 കോടി രൂപയും ഇറക്കുമതി ചെയ്യുന്ന എസ് 680ക്ക് 3.20 കോടി രൂപയുമാണ് വില. മെയ്ബ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ വാഹനമാണിത്. പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്കായി അനുവധിച്ച എസ് 680 കാറുകൾ പൂർണമായും വിറ്റുതീർന്നു എന്നാണ് കമ്പനി അറിയിക്കുന്നത്.
വൈദ്യുതി കാറായ EQS അടക്കം പത്ത് പുതിയ കാറുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷുവെങ്ക് അറിയിച്ചു. മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ ഇന്നുവരെ നിർമിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും അത്യാധുനികമായ വാഹനമാണ് മെഴ്‌സിഡീസ് മെയ്ബ എസ് ക്ലാസ് എന്നും പുണെയില്‍ വെച്ചു നടന്ന ചടങ്ങില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ വി223(ലോങ് വീല്‍ബേസ്)ലാണ് ഈ എസ് ക്ലാസ് ആഡംബര വാഹനം സജ്ജീകരിച്ചിരിക്കുന്നത്. ഏതാണ്ട് 180 മില്ലീമീറ്റര്‍ വീല്‍ബേസില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
വീല്‍ബേസിലുണ്ടായ വര്‍ധന വാഹനത്തിന്റെ പിന്‍ ഡോറുകളുടെ വിശാലതയില്‍ വ്യക്തമായും അറിയാനാകും. പരമാവധി കുറവ് ശബ്ദം മാത്രം പുറത്തേക്ക് വരും വിധമാണ് ടയറുകള്‍ ഒരുക്കിയിരിക്കുന്നത്. 5.7 മീറ്റര്‍ നീളമുള്ള കാറില്‍ ഡിജിറ്റല്‍ ഹെഡ്‌ലാംപുകളും 1.3 മില്യണ്‍ മൈക്രോ മിററുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. കൈകളുടെ ആംഗ്യങ്ങള്‍ കൊണ്ടുതന്നെ ഡ്രൈവര്‍ക്ക് മെഴ്‌സിഡസ് മേബാക് എസ് ക്ലാസിലെ പല ഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കാനാകും. സണ്‍റൂഫ്, ലൈറ്റ്, സീറ്റ് ബെല്‍റ്റ്, ഡോര്‍ തുടങ്ങി കാറിന്റെ പല ഭാഗങ്ങളും ആംഗ്യം കൊണ്ട് പ്രവര്‍ത്തിക്കും. നോയ്‌സ് കാന്‍സലേഷന്‍ സൗകര്യമുളള കാറില്‍ 30 സ്പീക്കറുകളും ഉണ്ടായിരിക്കും. ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിംങ് സോഫ്റ്റ്‌വെയറാണ് ഇന്ത്യയിലെ ഉടമകള്‍ക്കായി മേബാക് എസ് ക്ലാസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലാത്ത ഇവര്‍ 13 എയര്‍ ബാഗുകളാണ് കാറിനുള്ളിലുള്ളവര്‍ക്ക് വേണ്ടി ഘടിപ്പിച്ചിട്ടുള്ളത്.
അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഇന്‍ഡിവിജുല്‍ ക്ലൈമറ്റ് സോണ്‍സ്, വായു സഞ്ചാരവുമുള്ള സീറ്റുകള്‍, സീറ്റുകളില്‍ മസാജ് ചെയ്യാനുള്ള സൗകര്യം, പനോരമിക് സണ്‍റൂഫ്, പിന്‍ സീറ്റുകളില്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, 1750 വോട്ട് ബര്‍മെസ്റ്റര്‍ 4ഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി കാമറ, സ്വയം പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ബ്രേക്കിംങ്, ഹാന്‍ഡ് ഫ്രീ പാര്‍ക്കിംങ് എന്നിവയും മെഴ്‌സിഡസ് മെയ്ബ എസ് ക്ലാസിലുണ്ട്.
മെഴ്‌സിഡീസ് മെയ്ബ എസ് ക്ലാസ് 580 ൽ 496 ബിഎച്ച്പി കരുത്തും 700എൻഎം ടോര്‍ക്കുമുള്ള 4.0എല്‍ വി8 എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം 48 വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം കൂടി ഘടിപ്പിക്കുന്നതോടെ കാറിന്റെ പ്രകടനത്തില്‍ 19.7ബിഎച്ച്പിയുടേയും 200 എൻഎമ്മിന്റേയും വര്‍ധനവുണ്ടാകും. പൂർണമായും ഇറക്കുമതി ചെയ്യുന്ന എസ് 680 ൽ 603 ബിഎച്ച്പിയും 900 എൻഎം ടോര്‍ക്കും ഉള്ള 6 ലീറ്റർ വി8 എൻജിനാണ്. രണ്ട് എൻജിനുകളിലും 9സ്പീഡ് ഓട്ടമാറ്റിക്കാണ് നല്‍കിയിട്ടുള്ളത്.
English Summary: New-Generation Mercedes-Maybach S-Class Launched In India, Prices Begin From ₹ 2.5 Crore