ടൊയോട്ട ഹൈലക്സ് ‘ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വെഹിക്കിൾ’; വില 33.99 ലക്ഷം മുതൽ

Mail This Article
ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമെന്ന് ടൊയോട്ട വിശേഷിപ്പിക്കുന്ന ഹൈലക്സിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. മൂന്ന് വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദം സ്റ്റാന്റേർഡിന് 33.99 ലക്ഷം രൂപയും ഹൈ വകഭേദത്തിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമാണ് വില.


നേരത്തെ കമ്പനി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. ഏപ്രിൽ മുതൽ ഡെലിവെറി ആരംഭിക്കുമെന്നുമാണ് ടൊയോട്ട അറിയിക്കുന്നത്. ഇമോഷണൽ റെഡ്, വൈറ്റ് പേൾ, സിൽവ്വർ മെറ്റാലിക്ക്, സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക്ക് എന്നീ നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും.

ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിത്തറയാവുന്ന ഐ എം വി- ടു പ്ലാറ്റ്ഫോം തന്നെയാണു ടൊയോട്ട ഹൈലക്സിന്റെയും അടിസ്ഥാനം. 2.8 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ. ഓട്ടമാറ്റിക്ക്, മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക്ക് വകഭേദത്തിന് 204 ബി എച്ച് പി വരെ കരുത്തും 500 എൻ എം ടോർക്കും ആറു സ്പീഡ് മാനുവൽ വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കുമുണ്ട്. ഫോർ വീൽ ഡ്രൈവ് ലേഔട്ട് സഹിതമാണ് ഹൈലക്സ് എത്തിയത്.
സെഗ്‌മെന്റിൽ ആദ്യമായി ഡ്രൈവ് മോഡുകളുമായി എത്തുന്ന വാഹനമാണ് ഹൈലക്സ്. 700 എംഎം വാട്ടർ വേഡിങ് കപ്പാസിറ്റി, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, 7 എയർബാഗുകൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷ ഫീച്ചറുകളുമുണ്ട്.
ഓഫ് റോഡർ എന്നു വിശേഷിപ്പിക്കുമ്പോഴും അകത്തളത്തിൽ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാണ് ടൊയോട്ട ഇരട്ട കാബ് സഹിതം ഹൈലക്സിനെ എത്തിച്ചത്. ഡാഷ് ബോഡ് ഘടനയിലും സ്റ്റീയറിങ് വീലിലും സീറ്റിലുമെല്ലാം ഫോർച്യൂണറിനോടു പ്രകടമായ സാമ്യത്തോടെയാവും ഹൈലക്സിന്റെ വരവ്. ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയർ കണ്ടീഷനിങ്, ആൻഡ്രോയിഡ് ഓട്ടോ/ആപ്പ്ൾ കാർപ്ലേ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, ജെ ബി എൽ സ്പീക്കർ എന്നിവയെല്ലാം ഹൈലക്സിലുണ്ട്.
English Summary: Toyota Hilux Launched in India at Rs 33.99 Lakh