എസ്യുവികളിലെ ബിഗ് ഡാഡി; സ്കോർപിയോ എൻ വിപണിയിൽ, വില 11.99 ലക്ഷം മുതൽ
Mail This Article
മഹീന്ദ്ര സ്കോർപിയോയുടെ പുതിയ മോഡല്‍ സ്കോർപിയോ എൻ വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒമ്പതു വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ്. മാനുവൽ, 4x2 വകഭേദങ്ങളുടെ വില മാത്രമേ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളു. ഓട്ടമാറ്റിക്ക്, 4x4 വകഭേദങ്ങളുടെ വില അടുത്തമാസം 21 ന് പ്രഖ്യാപിക്കും. ജൂൺ 30 മുതൽ ബുക്കിങ്ങ് ആരംഭിക്കും, ആദ്യമെത്തുന്ന 25000 പേർക്ക് മാത്രമായിരിക്കും പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുക.
കരുത്തൻ എൻജിനുകൾ
മഹീന്ദ്ര ഥാർ, എക്സ്‍യുവി 700 എന്നിവയിൽ ഉപയോഗിക്കുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും 2.2 ലീറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഡീസൽ എൻജിൻ രണ്ടു ട്യൂണിങ്ങുകളിൽ ലഭിക്കും. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിന് 132 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമുള്ള പതിപ്പും 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ് / ഗ്രാവൽ / സ്നോ, മഡ്, സാന്റ് എന്നീ ടെറൈൻ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകൾ.
സ്കോർപിയോയെക്കാൾ വലുത്
നിലവിലെ സ്കോർപിയോ ചെറിയ മാറ്റങ്ങൾ വരുത്തി ക്ലാസിക് എന്ന് പേരിൽ നിലനിർത്തിയാണ് സ്കോർപിയോ എൻ വിപണിയിലെത്തുക. പഴയ മോഡലിനെക്കാൾ 206 എംഎം നീളവും 97 എംഎം വീതിയുമുണ്ട്. എന്നാൽ ഉയരം 125 എംഎം കുറവാണ്. വീൽബെയ്സ് 70 എംഎം ഉയർന്നിട്ടുണ്ട്.
ആഡംബരം നിറഞ്ഞ ഇന്റീരിയർ
ആഡംബരം നിറഞ്ഞ ഇന്റീരിയറാണ്. ഡ്യുവൽടോണാണ് ഇന്റീരിയർ കളർ സ്കീം. പ്രീമിയം ലുക്കുള്ള ഡാർഷ്ബോർഡും സീറ്റുകളും. ഡാഷ്ബോർഡിൽ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റർ ഡിജിറ്റൽ എംഐഡി ഡിസ്പ്ലെയും സ്പോർട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സറൗണ്ട് സിസ്റ്റമുള്ള 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ സ്കോർപിയോയിൽ. കൂടാതെ ആറ്, ഏഴ് എന്നിങ്ങനെ വ്യത്യസ്ത ലേഔട്ടിലുള്ള സീറ്റിങ് അറേഞ്ചുമെന്റുകളുമുണ്ട്.
സ്റ്റൈലിഷ് ഡിസൈൻ
അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്കോർപിയോയുടെ വരവ്. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വാഹനമാണ് സ്കോർപിയോ എൻ. എക്സ്‌യുവി 700 ന് സമാനമായ ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയർഡാം എന്നിവയുണ്ട്. സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റുകള്‍. ഡ്യുവൽ പോഡ് ഹെഡ്‌ലാംപും മസ്കുലർ ഷോൾഡർ ലൈനുമുണ്ട്. വശങ്ങളിൽ മസ്കുലറായ വീൽആർച്ചുകളാണ്. പിൻഭാഗവും മനോഹരം തന്നെ. മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിൽ ഡിസൈൻ ചെയ്ത് ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിൽ എൻജിനീയറിങ് ചെയ്താണ് വാഹനം പുറത്തിറങ്ങുന്നത്.
സ്കോർപിയോ എന്ന ഇതിഹാസം
മഹീന്ദ്രയ്ക്ക് പുതിയ മുഖം നൽകിയ എസ്‌യുവിയാണ് സ്കോർപിയോ. 2002 ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വാഹനം രാജ്യാന്തര വിപണിയിലെ ആദ്യ മഹീന്ദ്ര എസ്‍യുവി കൂടിയാണ്. നീണ്ട 20 വർഷമായി നിർമാണത്തിലുള്ള വാഹനത്തിന്റെ മൂന്ന് ഫെയ്സ്‌ലിഫ്റ്റുകൾ വിവിധ കാലങ്ങളിലായി വിപണിയിലെത്തിയിട്ടുണ്ട്.
English Summary: Mahindra Scorpio N Launch In India