സിട്രോണ്‍ സി 5 എയര്‍ക്രോസ് പുതിയ പതിപ്പ്, വില 36.67 ലക്ഷം
Mail This Article
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ എസ്‍യുവി സി5 എയർക്രോസിന്റെ പുതിയ പതിപ്പ് എത്തി. ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും യാത്രാസുഖത്തിലുമെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിട്രോണ്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സസ്‌പെന്‍ഷന്‍, സീറ്റുകള്‍, വിശാലമായ അകത്തളം, പുതിയ 10 ഇഞ്ച് ടച്‌സ്‌ക്രീനും സെന്റര്‍ കണ്‍സോളും, ഗിയര്‍ ഷിഫ്റ്റര്‍, ഡ്രൈവ് മോഡ് ബട്ടന്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്‍. പുറംകാഴ്ചയിലും ഒട്ടേറെ പുതുമകളുണ്ട്. മുന്‍വശത്തിന് പുതിയ രൂപകല്‍പനയാണ്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പിന്‍വശത്തെ സിഗ്‌നേചറുകളും പുതുമകളാണ്.
ഏതും റോഡിലും മികച്ച യാത്രാ അനുഭവം നല്‍കുന്ന പ്രോഗ്രസീവ് ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. പിന്‍സീറ്റുകളും യാത്രക്കാരുടെ സൗകര്യം അനുസരിച്ച് പിന്നോട്ടും മുന്നോട്ടും നീക്കാനും കഴിയും. 36 മാസം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആണ് വാറന്റി.
രാജ്യത്തുടനീളം 19 നഗരങ്ങളിലെ ലാ മൈസണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകളില്‍ സി5 എയര്‍ക്രോസ് 2022 പതിപ്പ് ലഭ്യമാണ്. കൂടാതെ പൂര്‍ണമായും ഓണ്‍ലൈനായും ഈ വാഹനം വാങ്ങാം. ഡീലര്‍മാരില്ലാത്തവയടക്കം 90 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഫാക്ടറിയില്‍ നിന്നും വാഹനം ഓണ്‍ലൈനായി നേരിട്ടു വാങ്ങാം.
English Summary: Citroen C5 Aircross SUV launched in India at Rs 36.67 lakh