കോഡിയാക്കിന്റെ ഡിമാൻഡ് വർധിച്ചതോടെ ഇന്ത്യയ്ക്ക് അനുവദിച്ച വാഹനങ്ങളുടെ എണ്ണം കൂട്ടി സ്കോഡ. ത്രൈമാസത്തിൽ 750 യൂണിറ്റായിട്ടാണ് സ്കോഡ വർധിപ്പിച്ചത്. കൂടാതെ കോഡിയാക്ക് 7 സീറ്റ് 4x4 മോഡലും അവതരിപ്പിച്ചു. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ സ്റ്റൈൽ പതിപ്പിന്റെ എക്സ്ഷോറൂം വില 37.99 ലക്ഷം രൂപയാണ്. സ്പോർട്‌ലൈൻ പതിപ്പിന്റെ എക്സ്ഷോറൂം വില 39.39 ലക്ഷം രൂപയും എൽ & കെ പതിപ്പിന്റെ എക്സ്ഷോറൂം വില 41.39 ലക്ഷം രൂപയുമാണ്.

2017 ലാണ് സ്കോഡ ആദ്യമായി കോഡിയാക്കിനെ ഇന്ത്യൻ വിപണിയിലെത്തിച്ചത്. പാർട്സ് ആന്റ് കംപോണന്റായി ഇറക്കുമതി ചെയ്യുന്ന എസ്‍യുവിയുടെ ഇന്ത്യയിൽ എത്തുന്ന എണ്ണം വളരെ കുറവായിരുന്നു. അതാണ് ഇപ്പോൾ ത്രൈമാസം 750 ആക്കി വർധിപ്പിച്ചത്.
പുതിയ രണ്ടു ലീറ്റർ ടിഎസ്ഐ ഇവോ എൻജിനാണ് വാഹനത്തിൽ. മുൻഗാമിയെക്കാൾ 4.2 ശതമാനം ഇന്ധനക്ഷമത ഈ മോഡലിന് വർധിച്ചിട്ടുണ്ടെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. 187 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൈസ്കോഡ കണക്റ്റഡ് ആപ് തുടങ്ങിയ സാങ്കേതിക വിദ്യകൾ പുതിയ മോഡലിലുണ്ട്. സുരക്ഷയ്ക്കായി 9 എയർബാഗുകൾ, ഇലക്ട്രോണിക്, മെക്കാനിക്കൽ ആന്റ് ഹൈഡ്രോളിക് ബ്രേക് അസിസ്റ്റ്, സ്റ്റബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ ഗ്ലോബൽ എൻസിഎപിയുടെ 5 സ്റ്റാർ സുരക്ഷ സർട്ടിഫിക്കറ്റുമുണ്ട്.
English Summary: 2023 Skoda Kodiaq 4x4 Launched in India, Price Starts at Rs 37.99 Lakh