Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ജിഎൽസിയുമായി മെഴ്സിഡീസ് ബെൻസ്

benz-glc ഇന്ത്യൻ നിർമിത ജിഎൽസി എസ്‌യുവി മെഴ്സിഡീസ് ബെൻസ് ഇന്ത്യ സിഇഒ യും മാനേജിങ് ഡയറക്ടറുമായ റോളൻഡ് ഫോൾജർ, ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പീയുഷ് അറോറ എന്നിവർ അവതരിപ്പിക്കുന്നു.

പ്രാദേശികമായി നിർമിച്ച ഒൻപതാമതു മോഡലായി മെഴ്സീഡിസ് ബെൻസ് ഇന്ത്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ജി എൽ ക്ലാസ്’ പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 47.90 ലക്ഷം രൂപ മുതലാണ് ഇന്ത്യൻ നിർമിത ‘ജി എൽ സി’ക്കു വില. പെട്രോൾ, ഡീസൽ എൻജിനുകളോടെ മൂന്നു വകഭേദത്തിലാണു ‘ജി എൽ സി’ വിൽപ്പനയ്ക്കുള്ളത്: 220 ഡി ഫോർമാറ്റിക് സ്റ്റൈൽ, 20 ഡി ഫോർമാറ്റിക് സ്പോർട്, 300 ഫോർമാറ്റിക് സ്പോർട്.
അടിസ്ഥാന വകഭേദമായ ഡീസൽ സ്റ്റൈലാണ് 47.90 ലക്ഷം രൂപയ്ക്കു ലഭിക്കുക. ഡീസൽ എൻജിനുള്ള സ്പോർട്ടിന് 51.50 ലക്ഷവും പെട്രോൾ ‘ജി എൽ സി’ക്ക് 51.90 ലക്ഷം രൂപയുമാണു വില.

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിന്നു പുറത്തിറക്കുന്ന നാലാമത്തെ എസ് യു വിയാണ് ‘ജി എൽ സി’. അവതരണം കഴിഞ്ഞു നാലു മാസത്തിനകം പൂർണതോതിലുള്ള ‘ജി എൽ സി’ ഉൽപ്പാദനം ആരംഭിക്കുമെന്നു കമ്പനി അറിയിച്ചു. മെഴ്സീഡിസ് ‘ജി എൽ സി 300 ഫോർമാറ്റി’ക്കിനു കരുത്തേകുന്നത് 1991 സി സി എൻജിനാണ്; 5500 ആർ പി എമ്മിൽ 241.38 ബി എച്ച് പി വരെ കരുത്തും 1300 — 4000 ആർ പി എമ്മിൽ 370 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. 6.5 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്ന ‘ജി എൽ സി’ക്ക് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 222 കിലോമീറ്ററാണ്. 

മെഴ്സീഡിസ് ‘ജി എൽ സി’ 220 ഡി ഫോർ മാറ്റിക്കിലുള്ളത് 2143 സി സി എൻജിനാണ്; 3000 — 4200 ആർ പി എമ്മിൽ 167.63 ബി എച്ച് പി വരെ കരുത്തും 1400 — 2800 ആർ പി എമ്മിൽ 400 എൻ എം വരെ ടോർക്കുമാണ് ഈ എൻജിനിൽ പിറക്കുക. മണിക്കൂറിൽ പരമാവധി 210 കിലോമീറ്റർ വരെയാണു കാറിന്റെ വേഗം. നിശ്ചലാവസ്ഥയിൽ നിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടതാവട്ടെ 8.3 സെക്കൻഡും. ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ഫോർമാറ്റിക് പെർമനെന്റ് ഓൾ വീൽ ഡ്രൈവ് എന്നിവയുള്ള ‘ജി എൽ സി’ കംഫർട്ട്, ഇകോ, സ്പോർട്, സ്പോർട് പ്ലസ്, ഇൻഡിവിജ്വൽ വകഭേദങ്ങളിൽ ലഭ്യമാണ്.
പ്രാദേശികമായി നിർമിച്ച ‘ജി എൽ സി’യിൽ പനോരമിക് സ്ലൈഡിങ് ഇലക്ട്രിക് റൂഫ്, ലോക്കബ്ൾ കാർഗോ ഫ്ളോർ, മൂന്നു നിറ സാധ്യതകളുള്ള ആംബിയന്റ് ലൈറ്റിങ്, കീലെസ് സ്റ്റാർട്, ആക്ടീവ് പാർക്കിങ് അസിസ്റ്റൻസ്, റിവേഴ്സ് കാമറ എന്നിവയും മെഴ്സീഡിസ് ബെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Your Rating: