Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇ വേരിറ്റോ

mahindra-e-verito

പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇ വേരിറ്റോ മഹീന്ദ്ര മോട്ടോഴ്സിന്റെ വൈദ്യുത കാർ നിർമാണ ശൃംഖലയായ മഹീന്ദ്ര ഇലക്ട്രിക് പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ സീറോ-എമിഷൻ, ഓൾ ഇലക്ട്രിക് സെഡാൻ എന്ന ലേബലിൽ അവതരിപ്പിച്ചിരിക്കുന്ന കാറിനു ഡൽഹി എക്സ്ഷോറൂമിൽ 9.5 ലക്ഷം രൂപയാണു പ്രാരംഭവില. മൂന്നു വകഭേദങ്ങൾ ലഭ്യമാണ്. ആദ്യ ഘട്ടത്തിൽ ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, പൂണെ, ചണ്ഡീഗഡ്, ഹൈദ്രബാദ്, ജയ്പൂർ, നാഗ്പൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് ഈ മോഡൽ ഇപ്പോൾ ലഭ്യമാകുക.

ഒരു മണിക്കൂർ 45 മിനിട്ടു കൊണ്ടു പൂ‍ജ്യത്തിൽ നിന്ന് 80 ശതമാനം ചാർജു ചെയ്യാനാവുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുൾചാർജിൽ 110 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന കാറിനു 86 കിലോമീറ്ററാണു പരമാവധി വേഗത. ഗ്രീൻ, കണക്ടഡ് , കൺവീനിയന്റ്, കോസ്റ്റ് ഇഫ്ക്ടീവ് വെഹിക്കിൾ സാങ്കേതികവിദ്യകൾ പുതിയ സെഡാനിൽ ഉപയോഗിച്ചിരിക്കുന്നുവെന്നു കമ്പനി അവകാശപ്പെടുന്നു. ഏറ്റവും അത്യാധുനിക വൈദ്യുത ഡ്രൈവ്ട്രെയ്ൻ ടെക്നോളജിയോടൊപ്പം സിംഗിൾ സ്പീഡ് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നു. ഗ്ലച്ച് ഇല്ല. ഓട്ടമാറ്റിക് ട്രാൻസ്മിഷനു സമാനം. കിലോമീറ്ററിനു 1.15 രൂപ മാത്രമാണു യാത്രാചെലവ്.

വർധിച്ചു വരുന്ന പരിസ്ഥിതി പ്രശ്നങ്ങളായ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ഇന്ധന ദൗർലഭ്യം എന്നിവയ്ക്കുള്ള പ്രതിവിധിയാണു ഇ-വേരിറ്റോയെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രസിഡന്റും ഓട്ടോമൊട്ടിവ് തലവനുമായ പ്രവീൺ ഷാ അഭിപ്രായപ്പെട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാർ വൈദ്യുത വാഹനങ്ങൾക്കു പ്രത്യേക സബ്സിഡി നൽകുന്നുണ്ട്. ഇതും വൈദ്യുത കാറിന്റെ പ്രചാരം വർധിപ്പിക്കുമെന്നു കരുതപ്പെടുന്നു.

സീറോ എമിഷൻ, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുന്ന റിജനറേറ്റിവ് ബ്രേക്കിങ് എന്നിവയാണ് ഇ-വേരിറ്റോയിലെ പ്രധാന ഗ്രീൻ ഫീച്ചറുകൾ. ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജാകുന്ന സാങ്കേതികവിദ്യയാണു റിജനറേറ്റിവ് ബ്രേക്കിങ്. ഇതു മൂലം ഏതാനും കിലോമീറ്ററുകൾ വരെ അധികം ലഭിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.

കാറിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഫീച്ചറാണു ടെലിമാറ്റിക്സ്. ചാര്‍ജു ചെയ്യുന്ന രീതി, സഞ്ചരിച്ച ദൂരം, പുറന്തള്ളാതെ കാത്ത കാർബൺ ഡയോക്സൈഡിന്റെ അളവ്, ഉപയോഗിക്കാതെ പരിരക്ഷിച്ച ഇന്ധനത്തിന്റെ അളവ്, ഇകോ പോയിന്റുകൾ എന്നിവയെല്ലാം കണക്കിലെടുത്താണു കാറിന്റെ ആകെ പ്രവർത്തനത്തെ ടെലിമാറ്റിക്സ് വിലയിരുത്തുന്നത്. യാത്രാമദ്ധ്യേ ചാര്‍ജു തീരാറായാൽ തൊട്ടടുത്ത ചാർജിങ് സ്റ്റേഷൻ വരെയെത്താൻ റിവൈവ് ഫീച്ചർ സഹായിക്കും. പരമാവധി എട്ടു കിലോമീറ്റർ വരെ റിവൈവ് മോഡിൽ സഞ്ചരിക്കാനാകും.

മെയിന്റനൻസ് ഫ്രീ 72 വി ലീഥിയം ഇയോൺ ബാറ്ററി, ഗ്ലച്ചില്ലാത്ത എൻജിൻ എന്നിവ വാഹനത്തിന്റെ ദൈനംദിന പരിരക്ഷാചിലവു കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു.

Your Rating: