Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ പോർഷെ ‘911’ എത്തി; വില 1.42 കോടി മുതൽ

porsche-911-carrera

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ പുതിയ ‘911’ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.42 കോടി മുതൽ 2.66 കോടി രൂപ വരെയാണു കാറിന്റെ വകഭേദങ്ങൾക്കു ഡൽഹി ഷോറൂമിൽ വില. കഴിഞ്ഞ വർഷം 408 കാറുകളാണു കമ്പനി ഇന്ത്യയിൽ വിറ്റതെന്നു പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി അറിയിച്ചു. ആഡംബര സ്പോർട്സ് കാർ വിപണിയിൽ ശ്രദ്ധേയരായ പോർഷെ ഇന്ത്യയിൽ സ്ഥിരമായ വളർച്ചയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒപ്പം ഇന്ത്യയിലെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലും ഹൈദരബാദിലും പുതിയ ഡീലർഷിപ്പുകൾ തുറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കൊച്ചിക്കു പുറമെ അഹമ്മദബാദ്, ഗുഡ്ഗാവ്, ബെംഗളൂരു, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലായി നിലവിൽ ആറ് ഔട്ട്ലെറ്റുകളാണു പോർഷെയ്ക്കുള്ളത്.
രണ്ടായിരത്തിലേറെ സി സി എൻജിൻ ശേഷിയുള്ള ഡീസൽ കാറുകൾക്ക് രാജ്യതലസ്ഥാന മേഖലയിൽ വിലക്ക് ഏർപ്പെടുത്തിയതു പോർഷെയെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനികളുടെ കാറുകളിൽ ഏറെയും പെട്രോൾ എൻജിനുള്ളവയാണെന്നും ഷെട്ടി വിശദീകരിച്ചു.

സ്പോർട് കാർ പ്രേമികൾക്കു പതിവായ ഉപയോഗത്തിനു കൂടി ഉപകരിക്കുംവിധമാണു പുതിയ ‘911’ എത്തന്നതെന്നും ഷെട്ടി അഭിപ്രായപ്പെട്ടു. 12—ാം തലമുറയിൽപെട്ട ‘911’ കാറിന് 12% അധിക ഇന്ധനക്ഷമതയും പോർഷെ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ടർബോ ചാർജ്ഡ് പവർ യൂണിറ്റിന്റെ പിൻബലമുള്ള ‘911’ കൂപ്പെ, കബ്രിയൊളെ തുടങ്ങി വ്യത്യസ്ത വകഭേദങ്ങളിൽ ലഭ്യമാണ്. ‘കേമാൻ’, ‘കായീൻ’, ‘മക്കാൻ’, ‘ബോക്സ്റ്റർ’, ‘911’, ‘പാനമീറ’ തുടങ്ങിയ ആഡംബര സ്പോർട്സ് കാറുകളാണു നിലവിൽ പോർഷെ ഇന്ത്യയിൽ വിൽക്കുന്നത്. ഒരു കോടി മുതൽ മൂന്നു കോടി രൂപ വരെയാണു കാറുകളുടെ വില.  

Your Rating: