Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ‘കാംറി ഹൈബ്രിഡും’ ‘പ്രയസു’മായി ടൊയോട്ട

toyota-camry Toyota Camry

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ള രണ്ടു മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കി. സെഡാനുകളായ ‘കാംറി ഹൈബ്രിഡി’ന്റെ പരിഷ്കരിച്ച പതിപ്പിന് ഡൽഹി ഷോറൂമിൽ 31.99 ലക്ഷം രൂപയാണു വില. പുത്തൻ ‘പ്രയസ്’ ലഭിക്കാൻ ഡൽഹി ഷോറൂമിൽ 38.96 ലക്ഷം രൂപ മുടക്കണം. പുതിയ ‘കാംറി ഹൈബ്രിഡി’നു കരുത്തേകുന്നത് 2.5 ലീറ്റർ പെട്രോൾ എൻജിനാണ്; വൈദ്യുത മോട്ടോറിന്റെ കൂടി പിൻബലത്തിൽ ലീറ്ററിന് 19.16 കിലോമീറ്ററാണു കാറിനു ടി കെ എം വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

മികച്ച പ്രകടനക്ഷമതയും ഇന്ധനക്ഷമതയും ഉറപ്പാക്കാൻ ഇലക്ട്രോണിക്കലി കൺട്രോൾഡ് കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷനാണു കാറിലുള്ളത്. ബദൽ ഇന്ധന വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓപ് ഇലക്ട്രിക് കാഴ്സ്(ഫെയിം) ഇന്ത്യ പദ്ധതി പ്രകാരം ‘കാംറി ഹൈബ്രിഡ്’ വിലയിൽ 70,000 രൂപയുടെ ആനുകൂല്യവും ലഭ്യമാണ്.മികച്ച രൂപകൽപ്പനയ്ക്കൊപ്പം ടൊയോട്ടയുടെ ആധുനിക സങ്കര ഇന്ധന സാങ്കേതികവിദ്യയും പരിഷ്കരിച്ച ‘പ്രയസി’ൽ ഇടംപിടിക്കുന്നു. 1.8 ലീറ്റർ പെട്രോൾ എൻജിനൊപ്പം വൈദ്യുത മോട്ടോർ കൂടിയെത്തുന്നതോടെ കാറിന് ലീറ്ററിന് 26.27 കിലോമീറ്റർ ഇന്ധനക്ഷമതയാണു ടി കെ എം വാഗ്ദാനം ചെയ്യുന്നത്. ഒപ്പം പരിസ്ഥിതി മലിനീകരണം തികച്ചും പരിമിതമാണെന്ന ആകർഷണവുമുണ്ട്.

ഇന്ത്യയിൽ സങ്കര ഇന്ധന മോഡലുകൾ പ്രചാരം നേടേണ്ടത് നിർണായകമാണെന്നും ഇതിനുള്ള ശ്രമത്തിലാണു കമ്പനിയെന്നും ടി കെ എം വ്യക്തമാക്കി. വ്യാപകമായി ഉപയോഗിക്കപ്പെട്ടാൽ മാത്രമേ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പരിസ്ഥിതിക്കു ശരിയായ നേട്ടം സമ്മാനിക്കുകയുള്ളൂ എന്ന് ടി കെ എം മാനേജിങ് ഡയറക്ടർ അകിറ്റൊ തചിബാന അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സങ്കര ഇന്ധന സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ വാഹനങ്ങളും മറ്റും ഇന്ത്യയിലും പ്രോത്സാഹിപ്പിക്കാനാണു കമ്പനിയുടെ തീരുമാനം.

വിൽപ്പനക്കണക്കുകൾക്കപ്പുറത്തെ പ്രാധാന്യവും പ്രസക്തിയുമുള്ള വിപണിയാണ് ടൊയോട്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യയെന്ന് തചിബാന വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കായുള്ള മുൻഗണനാക്രമത്തെപ്പറ്റി കമ്പനി വിലയിരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഊർജം, പരിസ്ഥിതി, സുരക്ഷ തുടങ്ങിയ മേഖലകളിലെ ഫലപ്രദമായ ഇടപെടലെന്നാണു ടി കെ എമ്മിന്റെ നിഗമനം.

Your Rating: