Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക്, വില 1.25 ലക്ഷം രൂപ

tork

രാജ്യത്തെ ആദ്യ വൈദ്യുത മോട്ടോർ സൈക്കിൾ നിർമാതാക്കളായ ടോർക് മോട്ടോഴ്സ് ആദ്യ മോഡലായ ‘ടി സിക്സ് എക്സി’ന്റെ മാതൃക അനാവരണം ചെയ്തു. തുടക്കത്തിൽ പുണെയിലും ബെംഗലൂരുവിലും ഡൽഹിയിലുമാണ് ‘ടി സിക്സ് എക്സ്’ വിൽപ്പനയ്ക്കെത്തുക. മൂന്നു നിറങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന ബൈക്കിനു പ്രതീക്ഷിക്കുന്ന വില 1,24,999 രൂപയാണ്. വില മുൻകൂറായി അടച്ച് ‘ടി സിക്സ് എക്സ്’ ബുക്ക് ചെയ്യാനുള്ള സൗകര്യവും ടോർക് മോട്ടോഴ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഓൺ ബോർഡ് നാവിഗേഷൻ, സ്റ്റോറേജ്, ക്ലൗഡ് കണക്ടിവിറ്റി, പൂർണ ഡിജിറ്റൽ ഡിസ്പ്ലേ, ക്വിക് ചാർജ്, മികച്ച ആക്സിലറേഷൻ എന്നിവയെല്ലാം ‘ടി സിക്സ് എക്സി’ൽ ടോർക് മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷാ വിഭാഗത്തിൽ എ ബി എസ്, സി ഡി എസ്, ആന്റി തെഫ്റ്റ് — ജിയോ ഫെൻസിങ്, ഡേടൈം റണ്ണിങ് ലാംപ്(ഡി ആർ എൽ) എന്നിവയും ബൈക്കിലുണ്ട്. ലിതിയം അയോൺ ബാറ്ററികൾ കരുത്തേകുന്ന ബൈക്കിന് മണിക്കൂറിൽ 85 — 100 കിലോമീറ്ററാണു ടോർക് മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. 15 ആംപിയർ പവർ സോക്കറ്റിൽ നിന്നു ചാർജ് ചെയ്യാവുന്ന രീതിയിലാണു ബൈക്കിന്റെ രൂപകൽപ്പന; ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ഓടാൻ ബൈക്കിനു കഴിയും.

ബൈക്കിലെ ബാറ്ററി ഒറ്റ മണിക്കൂറിനുള്ളിൽ 80% വരെ ചാർജ് ആവും; പൂർണ തോതിൽ ചാർജ് ആവാൻ രണ്ടു മണിക്കൂറാണു വേണ്ടത്. ഉപയോഗ രീതി അടിസ്ഥാനമാക്കി ബാറ്ററിക്ക് 80,000 മുതൽ ഒരു ലക്ഷം വരെ  കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ആയുർദൈർഘ്യം. പരമാവധി 27 എൻ എം വരെ ടോർക്ക് സൃഷ്ടിക്കാൻ കഴിയുംവിധമാണ് ‘ടി സിക്സ് എക്സി’ന്റെ പവർട്രെയ്ൻ രൂപകൽപ്പനയെന്ന് ടോർക് മോട്ടോഴ്സ് സ്ഥാപകനും ഡയറക്ടറുമായ കപിൽ ഷെൽകെ അറിയിച്ചു. പോരെങ്കിൽ ബൈക്കിന്റെ ഭാരം 130 കിലോഗ്രാമിൽ താഴെയായി പരിമിതപ്പെടുത്താനും കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. റൈഡർക്ക് വിവിധ റൈഡ് മോഡുകൾ തിരഞ്ഞെടുക്കാൻ സഹായിക്കാനായി ‘ടിറോസ്’ ഇന്റലിജൻസ് സംവിധാനവും ലഭ്യമാക്കും.

ക്ലൗഡ് വഴി പുതുമകൾ സ്വന്തമാക്കുന്ന ‘ടിറോസി’ന്റെ സാന്നിധ്യം ‘ടി സിക്സ് എക്സി’നെ നിരത്തിലുള്ള ഏറ്റവും മിടുക്കുള്ള മോട്ടോർ സൈക്കിളായി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബൈക്ക് അവതരണത്തിനു മുന്നോടിയായി ടോർക് മോട്ടോഴ്സ് പുണെയിൽ ആറു ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഡിസംബറോടെ ചാർജിങ് പോയിന്റുകളുടെ എണ്ണം 100 ആക്കി ഉയർത്താനും പദ്ധതിയുണ്ട്. ‘ഫെയിം’ പോലുള്ള നയങ്ങളുടെയും ലിതിയം അയോൺ ബാറ്ററികളുടെ വിലയിൽ രേഖപ്പെടുത്തുന്ന ഇടിവിന്റെയും പിൻബലത്തിൽ പ്രതിവർഷം 5,000 — 10,000 ‘ടി സിക്സ് എക്സ്’ ബൈക്കുകൾ വിൽക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.  

Your Rating: