Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സല്യൂട്ടൊ ആർ എക്സു’മായി യമഹ; വില 46,400 രൂപ

yamaha-saluto-rx

എൻട്രി ലവൽ വിഭാഗത്തിൽ ജാപ്പനീസ് നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യയുടെ പുതിയ മോഡലായ ‘സല്യൂട്ടൊ ആർ എക്സ്’ വിൽപ്പനയ്ക്കെത്തി. ‘ക്രക്സി’ന്റെയും ‘വൈ ബി ആറി’ന്റെയും പകരക്കാരനാവാൻ നിയോഗിക്കപ്പെട്ട ബൈക്കിനു 46,400 രൂപയാണു ഡൽഹി ഷോറൂമിൽ വില. ഒപ്പം ടു സ്ട്രോക്ക് എൻജിൻ അനുവദനീയമായിരുന്ന കാലത്തു നിരത്തു വാണ ‘ആർ എക്സ് 100’ ബൈക്കിലൂടെ പ്രചാരം നേടിയ ‘ആർ എക്സ്’ എന്ന പേരിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള മടക്കം കൂടിയാണിത്.

സ്റ്റൈൽ സമ്പന്നമായ കമ്യൂട്ടർ മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവരെയാണു ‘സല്യൂട്ടൊ ആർ എക്സി’ലൂടെ യമഹ നോട്ടമിടുന്നത്. ഇന്ത്യൻ യുവാക്കളുടെ മോഹങ്ങൾക്ക് യമഹ നൽകുന്ന പരിഗണനയുടെ പ്രതിഫലനമാണു പുതിയ ‘സല്യൂട്ടൊ ആർ എക്സ്’ എന്നു യമഹ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ മസാകി അസാനൊ അവകാശപ്പെട്ടു.

നിലവിൽ നിരത്തിലുള്ള ‘സല്യൂട്ടൊ 125’ ബൈക്കിന്റെ രൂപകൽപ്പന പിൻപറ്റിയാണു ‘സല്യൂട്ടൊ ആർ എക്സി’ന്റെ വരവ്. ബൈക്കിലെ 110 സി സി, നാലു സ്ട്രോക്ക്, ഇരട്ട വാൽവ്, എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിന് 7,000 ആർ പി എമ്മിൽ 7.4 ബി എച്ച് പി വരെ കരുത്തും 4,500 ആർ പി എമ്മിൽ 8.5 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. നാലു സ്പീഡ് ഗീയർ ട്രാൻസ്മിഷൻ.

ടെലിസ്കോപിക് മുൻ ഫോർക്ക്, പിന്നിൽ ഇരട്ട ഷോക് അബ്സോബർ, മുന്നിലും പിന്നിലും 130 എം എം ഡ്രം ബ്രേക്ക്, അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, അലോയ് വീൽ എന്നിവയാണു ‘സല്യൂട്ടൊ ആർ എക്സി’ൽ യമഹ ലഭ്യമാക്കുന്നത്. യമഹയുടെ ശേഷിയേറിയ ബൈക്കുകളിൽ കാണുന്ന ബ്ലൂ കോർ ടെക്നോളജിയുടെ പിൻബലവും എൻജിനുണ്ട്.

വാഹനഭാരം ഗണ്യമായി കുറയ്ക്കുംവിധമാണ് ബൈക്കിന്റെ എൻജിൻ, ഫ്രെയിം, വീൽ എന്നിവയുടെ രൂപകൽപ്പനയെന്നു യമഹ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ബൈക്കിന്റെ മൊത്തം ഭാരം 82 കിലോഗ്രാമിൽ ഒരുക്കാനും കമ്പനിക്കായി. മുമ്പ് എൻട്രിലെവൽ വിഭാഗത്തിൽ യമഹ അവതരിപ്പിച്ച ബൈക്കുകളുടെ ഭാരത്തെ അപേക്ഷിച്ച് 22 കിലോഗ്രാമോളം കുറവാണിത്. ഈ അനുകൂല സാഹചര്യത്തിന്റെ ഫലമായി ലീറ്ററിന് 82 കിലോമീറ്ററാണു ബൈക്കിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

വിപണിയിൽ ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡർ പ്രോ’, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ ‘ഡ്രീം’ ശ്രേണി, ടി വി എസ് മോട്ടോർ കമ്പനിയുടെ ‘വിക്ടർ’ തുടങ്ങിയവരാണ് ‘സല്യൂട്ടൊ ആർ എക്സി’ന്റെ പ്രധാന എതിരാളികൾ.

Your Rating: