ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി കൂപ്പെയായി കർവ് അവതരിച്ചിട്ട് ഒരു മാസത്തിലധികമായി. ഇലക്ട്രിക്കായായിരുന്നു ജനനമെങ്കിൽ ഇപ്പോഴിതാ പെട്രോളും ഡീസലും എത്തുന്നു. എസ്‌യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്താണെന്ന് നമുക്കറിയാം. എന്നാൽ കൂപ്പെ അത്ര പരിചിതമല്ല. വളരെ വിലപ്പിടിപ്പുള്ള ചില ബി എം ഡബ്ല്യു, മെർക്ക് മോഡലുകൾ പിൻഭാഗം ഒഴുകി താഴേക്കു പോകുന്നതു പോലെയുള്ള കൂപ്പെ മോഡലുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന കൂപ്പെകൾ ഉണ്ടായിട്ടില്ല. കർവ് ഈ കുറവ് പരിഹരിക്കുകയാണ്. ശരാശരി ഇന്ത്യക്കാരന്റെ ബലഹീനതയായ എസ്‌യുവിയിൽ കൂപ്പെ സ്റ്റൈലിങ് കൂടി കൊണ്ടുവരാൻ ടാറ്റ നടത്തിയ ശ്രമം വിഫലമല്ലെന്ന് കർവ് കണ്ടാൽ പിടികിട്ടും. കഴിഞ്ഞകൊല്ലം ഓട്ടോ എക്സ്പോ ഫ്ലോറിൽ കണ്ട അതേ കൺസപ്റ്റ് വാഹനം കാര്യമായ മാറ്റമൊന്നുമില്ലാതെ നിരത്തിലിറങ്ങിയിരിക്കുന്നു.

എല്ലാം തനി പുത്തൻ

നെക്സോൺ പുതിയൊരു കുപ്പായവുമണിഞ്ഞെത്തിയതാണ് കർവ് എന്നു ചില ബ്ലോഗർമാർ പറഞ്ഞത് അറിവു കേടുകൊണ്ടാണെന്നു കരുതി പൊറുക്കാം. കാരണം പ്ലാറ്റ്ഫോമടക്കം തികച്ചും വ്യത്യസ്തമായ രൂപകൽപനയാണ് കർവ്. വെറുമൊരു വെള്ളക്കടലാസിൽ കോറിയിട്ടു തുടങ്ങിയ രൂപകൽപന. വാഹനത്തിന്റെ രൂപം ഉടമയുടെ സ്വഭാവവുമായി ചേർന്നു പോകണമെന്നാണ് കർവിന്റെ സൃഷ്ടാക്കളിലൊരാളായ ടാറ്റാ ഡിസൈൻ വിഭാഗം മേധാവി മാർട്ടിൻ ഉഹ്ലാറിക് വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ തികച്ചും വൃത്യസ്തവും ഡൈനാമിക്കുമായ സ്വഭാവമുള്ളവർക്കായാണ് കർവിന്റെ രൂപകൽപന .

tata-curvv-11

കണ്ണഞ്ചിക്കും രൂപഭംഗി

ആദ്യ കാഴ്ചയിൽത്തന്നെ ഭ്രമിപ്പിക്കുന്ന രൂപഭംഗിയാണ് കർവ്. ഇങ്ങിനെയൊരു കാർ നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ബോഡിയിലേക്കു ചേർന്നു പോകുന്ന ഡോർ ഹാൻഡിലുകളും എയ്റോ ഇൻസേർട്ടുകളുള്ള 18 ഇഞ്ച് അലോയ് കളും വ്യത്യസ്തമായ എയർ ഡാമുകളുള്ള മുൻഭാഗവും പുതുമയായ കൂപെ പിൻവശവും ചേർന്ന് കർവിനെ വ്യത്യസ്തമാക്കുന്നു. പിയാനോ ഗ്ലോസി ഫിനിഷുള്ള വീൽ ആർച്ചുകളും വശങ്ങളിലെ ക്ലാഡിങ്ങും  സുന്ദരം. എയ്റോ ഡൈനാമിക് ഡോർ ഹാൻഡിലുകളെപ്പറ്റിയൊരു ദോഷം പറയാനുണ്ട്. പലപ്പോഴും രണ്ടു കൈകൊണ്ടു ശ്രമിച്ചാലേ ഡോർ തുറക്കൂ. ശീലക്കുറവാണെന്നു കരുതാം.

നെക്സോണിലും വലുപ്പം

4310 മി മി നീളം, 1810 മി മി ഉയരം, 1637 മി മി വീതി, 2560 മി മി വീൽബേസ്. കർവ് നെക്സോണിനെക്കാൾ വലുതാണ്, എം ജി സി എസ് ഇവിക്കു തുല്യവുമാണ്. 

tata-curvv-10

സൂപ്പറാണ്, പ്രീമിയമാണ്...

ഉൾവശത്ത് ശ്രദ്ധേയം തിളങ്ങുന്ന കറുപ്പും സിൽവറും സമാസമം ചേർന്നു നിൽക്കുന്ന ഡാഷ് ബോർഡ്. പൂതിയ നാലു സ്പോക്ക് സ്റ്റീയറിങ് മറ്റു ടാറ്റകളിലെപ്പോലെ ഇലൂമിനേറ്റഡ്. മുന്നിൽ വെൻറിലേറ്റ് സീറ്റുകൾ. ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലായും കോഡ്രൈവർ സീറ്റ് മെക്കാനിക്കലായും ക്രമീകരിക്കാം. പിൻ സീറ്റും റിക്ലൈൻ ചെയ്യാം. പനോരമിക് സൺറൂഫ്. വലിയ 10.2 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററിൽ നാവിഗേഷൻ ഡിസ്പ്ലേ. മാത്രമല്ല ഇൻഡിക്കേറ്ററിട്ടാൽ വശങ്ങൾ കാട്ടിത്തരുന്ന ക്യാമറ തെളിയും. റേഞ്ചടക്കം എല്ലാ വിവരങ്ങളും വിശദമായി ഈ ക്ലസ്റ്ററിൽ മിഴിവോടെ കാണാം. മധ്യത്തിലായുള്ള 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്സിസ്റ്റം, 9 ജെബിഎൽ തിയെറ്റർ സ്പീക്കേഴ്സ്. ആംബിയന്റ് ലൈറ്റിങ്,360 ക്യാമറ, വയർലെസ് ചാജർ, ഓട്ടോ ഹെഡ് ലാംപ്, വൈപ്പർ. ജെസ്റ്റർ നിയന്ത്രിത ഡിക്കി ഡോർ. എല്ലാ സംവിധാനങ്ങളും ഡ്രൈവറുടെ ശബ്ദനിയന്ത്രണത്തിൽ പ്രവർത്തിക്കും.  സൗകര്യങ്ങളിലും ഫിനിഷിലും മെർക്ക്, ബീമർ, ഔഡി നിലവാരം...

tata-curvv-6

ഡ്രൈവിങിലാണ് ശ്രദ്ധ

രണ്ടു പെട്രോള്‍ എൻജിനുകളും ഒരു ഡീസൽ മോഡലുമുണ്ട്.  88.2 കിലോവാട്ട് കരുത്തും 170 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ 3 സിലിണ്ടർ ടർബൊ പെട്രോൾ റെവോട്രോൺ എൻജിൻ, 91.9 കിലോവാട്ട് കരുത്തും 225 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ ടർബൊ പെട്രോൾ ഹൈപെരിയോൺ എൻജൻ, 86.7 കിലോവാട്ട് കരുത്തുള്ള 1.5 ലീറ്റർ ക്രയോജെറ്റ് ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിനുകൾ. അഞ്ച് സ്പീഡ് മാനുവൽ, ഡിസിഎ ഓട്ടമാറ്റിക് ഗിയർബോക്സുകൾ. ഡീസൽ, പെട്രോൾ ഹൈപെരിയോൺ എൻജിനുകൾ അസാമാന്യ ഡ്രൈവബിലിറ്റി തരും. ഒന്നിനൊന്ന് മെച്ചം. റെവ്ട്രോണിൽ അധിഷ്ഠിതമെങ്കിലും അടിമുടി പുതുമയായ ഹൈപെരിയോൺ കരുത്തനാണ് ശാന്തനാണ്. ഒച്ചയും ബഹളവുമൊന്നുമില്ലാതെ പായുന്ന പുലി. 

tata-curvv-7

സുരക്ഷിതം

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ വിത്ത് ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍. അഡാസ് ഫീച്ചറുകളുമായാണ് കര്‍വിന്റെ വരവ്. 20 അഡ്വാൻസിഡ് സൗകര്യങ്ങളുള്ള എഡിഎഎസ് ലെവൽ 2 സാങ്കേതിക വിദ്യയാണ്. .

tata-curvv-9

വില, വേരിയന്റുകൾ

ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്,  അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. 1.2 ലീറ്റർ റെവോട്രോൺ പെട്രോൾ മാനുവലിന് 9.99 ലക്ഷം രൂപ മുതൽ 14.69 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 12.49 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെയും. 1.2 ലീറ്റർ ടർബൊ പെട്രോൾ ഹൈപെരിയോൺ മാനുവലിന് 13.99 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 16.49 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയുമാണ് വില. ഡീസൽ മോഡലിന്റെ മാനുവലിന് 11.49 ലക്ഷം രൂപ മുതൽ 17.69 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 13.99 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയുമാണ് വില. 

English Summary:

Tata Curvv Test Drive Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com