ഡോമിനർ ഡൊമിനേഷൻ...

bajaj-dominar-7
SHARE

രാത്രിയുടെ അവസാനയാമങ്ങളിൽ സാധാരണക്കാരൻ കിടക്കയുടെ സുരക്ഷിതത്വത്തിൽ ചുരുണ്ടു കൂടുമ്പോൾ ഒറ്റപ്പെട്ട ഇരുണ്ട നിരത്തുകളിൽ കരുത്തൻ ബൈക്കുകളിൽ പാറി നടക്കാൻ കൊതിക്കുന്നവർക്കാണു ഡോമിനർ... അന്ധകാരത്തെ ഭയപ്പെടാത്തവരാണു കരുത്തൻമാർ... ഇരുട്ടും കരുത്തും അവർക്കു മാത്രം സ്വന്തം... ഡോമിനർ വെബ്സൈറ്റിലെ വിവരണം ഇങ്ങനെയൊക്കെ പോകുമ്പോൾ ഒന്നുറപ്പിക്കാം. ആധിപത്യമുറപ്പിക്കാനാണ് ഡോമിനർ 400. ബജാജ് നിരയിലെ ഏറ്റവും കരുത്തൻ. കെ ടി എം പാരമ്പര്യവും ബജാജ് വിശ്വാസ്യതയും ഒരുമിക്കുന്ന അപൂർവ ജനുസ്സ്.

bajaj-dominar-5
Bajaj Dominar 400

∙ കെ ടി എം കണക്ഷൻ: ബജാജും കെ ടി എമ്മുമായുള്ള ബന്ധങ്ങൾ കൂടുതൽ പ്രയോജനപ്പെട്ടത് ബജാജിനു തന്നെയാണ്. സാങ്കേതികത കുറഞ്ഞ ചെലവിൽ കയ്യിലെത്തി. ചെറിയ പരിഷ്കാരങ്ങൾ വരുത്തിയ കെ ടി എം എൻജിനുകൾ ഉപയോഗിക്കുന്ന ബജാജുകളുടെ ഏറ്റവും പുതിയ തലമുറയാണ് ഡോമിയർ. കെ ടി എമ്മിന് പകരം കിട്ടിയത് ഇന്ത്യയിൽ ബജാജിന് വർഷങ്ങളായുള്ള പരിചയ സമ്പത്ത്.

∙ കൂസ്രറും സ്പോർട്സും: സ്പോർട്സ് ടൂററാണ് ഡോമിനർ. ക്രൂസറിന്റെ സുഖവും സ്പോർട്സ് ബൈക്കിന്റെ പെർഫോമൻസും. പൾസർ എൻ എസ് 200 മുതൽ ഡ്യുക്കാറ്റിയുടെ സൂപ്പർ മോഡലായ ഡയവലിന്റേയും വരെ രൂപകൽപനാ ലൈനുകൾ ഡോമിനറിനുണ്ട്. നേക്കഡ് ഡിസൈൻ രൂപകൽപന. കരുത്ത് വിളിച്ചോതുന്ന പാനലുകളും ഘടകങ്ങളും.

bajaj-dominar-3.
Bajaj Dominar 400

∙ പ്രീമിയം: ഒരുക്കിയിരിക്കുന്നതൊക്കെ പ്രീമിയം സൗകര്യങ്ങൾ. എൽ ഇ ഡി ഓട്ടോ ഹെഡ് ലാപിൽ നാലു തരത്തിൽ ബീം ക്രമീകരിക്കാം. സ്റ്റൈലിഷ് അലോയ് വീൽ, തടിച്ച ഫോർക്കുകൾ 13 ലീറ്ററിന്റെ ടാങ്ക്, സ്പോർട്ടി ടെയിൽ പാനൽ, നീളം കുറഞ്ഞ സൈലൻസർ, കരുത്തുറ്റ സ്വിങ് ആം, ഇരട്ട സ്പ്രിങ്ങുള്ള പിൻ മോണോ സസ്പെൻഷൻ, സ്ട്രിപ് ടെയിൽ ലാംപ്, മസ്കുലർ പിൻ ടയർ എന്നിങ്ങനെ എല്ലാം പ്രീമിയം. വീതിയേറിയ സിംഗിൾ ബാർ ഹാൻഡിലിൽ മാർദവമുള്ള ഗ്രിപ്പുകൾ. പൾസറിലേതു പോലുള്ള പ്രകാശിക്കുന്ന സ്വിച്ചുകൾ.

∙ പ്രായോഗികം: കെ ടി എം മോഡലുകളുടേതിനു സമാനമായ റിയർ വ്യൂ മിററുകൾ. വലിയ ഡിജിറ്റൽ കൺസോളിൽ ടാക്കോമീറ്റർ, സ്പീഡോ മീറ്റർ, ഓഡോ മീറ്റർ, ട്രിപ് മീറ്റർ, ക്ലോക്ക്, ഫ്യൂവൽ ഗേജ്, ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയുണ്ട്. ടാങ്കിനു മുകളിലെ ഡിജിറ്റൽ കൺസോളിൽ സൈഡ് സ്റ്റാൻഡ്, എ ബി എസ്, ബാറ്ററി, എൻജിൻ താപനില വാണിങ് ലൈറ്റുകൾ. ബജാജിന്റെ ലോഗോയെയും ഈ ചെറു കൺസോളിൽ ഒതുക്കി. ബജാജ് വി മോഡലുകളിൽ എൻജിൻ കവറിൽ തീരെ ചെറുതായി ലോഗോ വയ്ക്കുന്ന അതേ സമ്പദായം.

bajaj-dominar-1
Bajaj Dominar 400

∙ ആധുനികം: കെ ടി എം 390 ആർ സി മോഡലുകളിലെ എൻജിനുകളിൽ നേരിയ മാറ്റങ്ങൾ. ഡി ടി എസ് ഐ ട്രിപ്പിൾ സ്പാർക്ക് ഫോർ വാൽവ് സിംഗിൾ സിലിണ്ടർ 373 സിസി ഓവർ സ്്ക്വയർ ബോർ എൻജിന് 8000 ആർ പി എമ്മിൽ 34.5 ബി എച്ച് പി. കൂടിയ ടോർക്ക് 8500 ആർ പി എമ്മിൽ 35 എൻ എം. ആറു സ്പീഡ് ട്രാൻസ്മിഷൻ. ഫസ്റ്റ് താഴേക്കും ബാക്കി മുകളിലേക്കും.

bajaj-dominar
Bajaj Dominar 400

∙ ഈസി റൈഡ്: 182 കിലോയുണ്ടെങ്കിലും അനായാസം കൈകാര്യം ചെയ്യാം. മുന്നോട്ടാഞ്ഞിരിക്കുന്ന രീതിയിലാണ് ഹാൻഡിൽ ബാർ. ഫുട് റെസ്റ്റിന്റെയും ബ്രേക്ക് പെഡലിന്റെയും സ്ഥാനം കൊള്ളാം. നല്ല കുഷനുള്ള സീറ്റ്.

∙ കൈ കൊടുത്താൽ: ത്രോട്ടിലൊന്നു തിരിച്ചാൽ പായും. 8.2 സെക്കൻഡിൽ 100 കിലോമീറ്ററെത്തും. 148 കിലോമീറ്ററാണ് പരമാവധി വേഗം. നേരിയ വിറയൽ പോലുമില്ല. ഉയർന്ന വേഗത്തിൽ പെട്ടെന്നു ഡൗൺ ഷിഫ്റ്റ് ചെയ്യുമ്പോൾ വീൽ ലോക്കാകാതെ നിയന്ത്രണം നൽകുന്ന സ്ലിപ്പർ ക്ലച്ച് സംവിധാനമാണ്.

bajaj-dominar-2
Bajaj Dominar 400

∙ മെയ് വഴക്കം: എങ്ങനെയും പായിക്കാം, വളയ്ക്കാം, ഒടിക്കാം. കുറഞ്ഞ സെന്റർ ഓഫ് ഗ്രാവിറ്റിയും വലിയ ഫ്രെയിമും കരുത്തുറ്റ മെറ്റൽ സ്വിങ് ആമും തന്നെ കാരണം. 150/60 ടയറാണ് പിന്നിൽ. മുന്നിൽ 320 മി മിയും പിന്നിൽ 230 മി മിയുമുള്ള ഡിസ്കുകൾ പിടിച്ച പിടിയിൽ ഡോമിനറിനെ നിർത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA