കാടും മലയും താണ്ടാൻ ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡ

Ducati Multistrada
SHARE

ബഹുമുഖ പ്രതിഭ. ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡയെ അങ്ങനെ വിളിക്കുന്നതാണ് ഉചിതം. കാരണം  ടാർ റോഡ്, മഡ് ട്രാക്ക്, ഹൈവേ, സിറ്റി എന്നിങ്ങനെ ഏതു പ്രതലത്തിലൂടെയും ഏതു സാഹചര്യത്തിലൂടെയും മൾട്ടിസ്ട്രാഡ കുതിച്ചുപായും. തെല്ലും കൂസലില്ലാതെ. ഇതുമാത്രമല്ല മൾട്ടിസ്ട്രാഡയെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഇണക്കിച്ചേർത്തിട്ടുള്ള ടൂറർ എന്ന ഖ്യാതിയും ഈ ഡ്യുക്കാറ്റി മോഡലിനു സ്വന്തമാണ്.  മൾട്ടിസ്ട്രാഡയുടെ 1200 എസ്സിന്റെ ടെസ്റ്റ് റൈഡിലേക്ക്.

ducati-multistrada-1

ഡിസൈൻ

നിരത്തുകളിൽ അധികം കാണാത്ത രൂപം. അതുകൊണ്ടുതന്നെ പോകുന്ന വഴികളിലെല്ലാം ഇതേതു ബൈക്ക് എന്ന ആശ്ചര്യമാണ് എല്ലാവരിലും കണ്ടത്. ആജാനുബാഹുവാണ് മൾട്ടിസ്ട്രാഡ.വലിയ ടാങ്കും അതിനെ പൊതിഞ്ഞു നിൽക്കുന്ന മസ്കുലർ ഫെയറിങ്ങും ഉയർന്നു നിൽക്കുന്ന ഹെഡ്‌ലാംപ് യൂണിറ്റും നീളമേറിയ വൈസറുമെല്ലാം മുൻഭാഗത്തിനു ഭീമാകാരൻ‌ ഫീൽ നൽകുന്നു. പക്ഷികളുടെ ചുണ്ടുപോലുള്ള രണ്ട് എയർ ഇൻടേക്കുകളോടു കൂടിയ മുൻഫെയറിങ് കൗതുകമുണർത്തുന്ന കാഴ്ചയാണ്. വീതിയേറിയ ഹെഡ്‌ലൈറ്റുകൾ എൽഇഡിയാണ്. കോർണറിങ് ലൈറ്റോടു കൂടിയതാണിത്. നല്ല വീതിയുള്ള ഹാൻഡിൽ ബാർ. ഹാൻഡ് ഗാർഡിലാണ് ഇൻഡിക്കേറ്റർ ഘടിപ്പിച്ചിരിക്കുന്നത്. ഇതും എൽഇഡിയാണ്. പിൻകാഴ്ച സുഗമമാക്കുന്ന വലിയ മിററുകൾ. ഫുള്ളി ഡിജിറ്റൽ കൺസോളാണ്. മിനി കംപ്യൂട്ടർ എന്നു പറയുന്നതാണു ശരി.

വാഹനത്തിന്റെ പെർഫോമൻസടക്കമുള്ള സകല വിവരങ്ങളും ഇതിൽ അറിയാൻ കഴിയും. ടാക്കോമീറ്റർ, സ്പീഡോമീറ്റർ, ഗീയർ പൊസിഷൻ, ട്രിപ് മീറ്റർ, ഇന്ധനനില, സർവീസ് കാര്യങ്ങൾ, ലാംപ് ടൈം, എബിഎസ്, ട്രാക്‌ഷൻ കൺട്രോൾ, വീലി കൺട്രോൾ എന്നിവയടക്കമുള്ളവയുടെ വിവരങ്ങൾ ഈ ഡിജിറ്റൽ കൺസോളിലൂടെ അറിയാൻ കഴിയും. ബ്ലൂടൂത്ത്് വഴി ഫോൺ കണക്ട് ചെയ്താൽ പാട്ടു കേൾക്കുകയോ കോൾ ചെയ്യുകയോ ചെയ്യാം. ഇതെല്ലാം സെറ്റ് ചെയ്യുന്നതിനുള്ള സ്വിച്ചുകൾ ഹാൻഡിൽ ബാറിന്റെ ഇടത്തെ ഗ്രിപ്പിനടുത്താണു നൽകിയിരിക്കുന്നത്. ഫോബ് ടൈപ് കീ ആണ്. കീ പോക്കറ്റിൽ ഇട്ടാൽ മതി. മാത്രമല്ല ഹാൻഡിൽ ലോക്ക് ചെയ്യാനും കീ ഉപയോഗിക്കണ്ട. വലത്തെ ഗ്രിപ്പിനോടു ചേർന്നുള്ള ലോക്ക് സ്വിച്ച് അമർത്തിപ്പിടിച്ചാൽ ഹാൻഡിൽ ലോക്കാകും. ബൈക്കിനു നല്ല ഉയരമുണ്ടെങ്കിലും താഴ്ന്ന സീറ്റാണ്. നല്ല വീതിയുള്ള സീറ്റുകൾ. വലിയ ഗ്രാബ്റെയിലും വീതിയേറിയ ടെയിൽ‌ ലാംപും അടങ്ങുന്ന പിൻഭാഗത്തിനു കരുത്തൻ ലുക്കാണ്. നീളം കുറഞ്ഞ ഇരട്ട സൈലൻസർ വശത്തായി ഘടിപ്പിച്ചിരിക്കുന്നു. സിംഗിൾ സൈഡ് സ്വിങ് ആം ആണ്. 

ducati-multistrada-3

എൻജിൻ 

ഡ്യുക്കാറ്റിയുടെ പ്രശസ്തമായ ടെസ്റ്റാസ്ട്രെറ്റാ ഡിവിടി (‍െ‍ഡസ്മോഡ്രോമിക് വേരിയബിൾ ടൈമിങ്) എൻജിനാണ് ഇതിലുള്ളത്. 1198 ക്യുബിക് കപ്പാസിറ്റിയുണ്ട് (സിസി) ഈ ഇരട്ട സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിന്. 9500 ആർപിഎമ്മിൽ 160 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 7500 ആർപിഎമ്മിൽ 136 എൻഎമ്മും. ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷൻ സിസ്റ്റമാണ്. 

റൈഡ്

ട്യൂബുലാർ ട്രെല്ലീസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന മൾട്ടിസ്ട്രാഡയ്ക്ക് 232 കിലോ ഭാരമുണ്ട്. സീറ്റിന്റെ ഉയരം 825 എംഎം. ഇത് 845 എംഎം വരെ കൂട്ടുകയും ചെയ്യാം. ശരാശരിക്കാർക്ക് ഈസിയായി ഇരിക്കാം. ഉയരം കുറഞ്ഞവർക്ക് കാൽനിലത്തെത്താൻ‌ പാടുപെടും. റിലാക്സ് ആയി ഇരിക്കാവുന്ന റൈഡിങ് പൊസിഷൻ. വിതിയുള്ള സീറ്റിനു നല്ല കുഷനുമുണ്ട്. നല്ല ഗ്രിപ്പുള്ള ഫുഡ്പെഗ്ഗുകൾ. 

ducati-multistrada

റൈഡ് മോഡുകൾ

നാലു റൈഡ് മോഡുകളുണ്ട് ഇതിൽ– സ്പോർട്, ടൂറിങ്, അർബൻ, എൻഡുറോ. പോകുന്ന വഴി അനുസരിച്ചും റൈഡിങ് താൽപര്യമനുസരിച്ചും ഇവയിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. എൻജിൻ പവറും സസ്പെൻഷൻ സെറ്റപ്പും എല്ലാം അതിനനുസരിച്ചു മാറും. ഇതുമാത്രമല്ല റൈഡിൽ പിന്നിൽ ഒരാളെക്കൂടി കൂട്ടുകയാണെങ്കിൽ അതിനനുസരിച്ച് സെറ്റിങ്സ് മാറ്റാം. ലഗേജും കൂടി ഉണ്ടെങ്കിൽ അതിനുള്ള സെറ്റിങ്സുമുണ്ട്. കൊടുക്കുന്ന ഒാപ്ഷനനുസരിച്ച് സസ്പെൻഷൻ ഹാർഡ് സോഫ്റ്റ്  എന്നിങ്ങനെ സ്വയം ക്രമീകരിച്ചുകൊള്ളും. 

സ്പോർട് മോഡിൽ നല്ല കിടിലൻ പവർ ഡെലിവറിയാണ് മൾട്ടിസ്ട്രാഡ കാഴ്ചവയ്ക്കുന്നത്. ചെറിയ ത്രോട്ടിൽ തിരിവിൽ പോലും കുതിച്ചു നിൽക്കുന്നു. റൈഡ് ബൈ വയർ സാങ്കേതികവിദ്യ മികച്ച ത്രോട്ടിൽ റെസ്പോൺസ് സാധ്യമാക്കുന്നു. ഹൈ, മീഡിയം, ലോ എന്നിങ്ങനെയാണ് എൻജിന്റെ പവർ ഡെലിവറി. സ്പോർട് മോഡിൽ ഹൈ പവർ ഡെലിവറിയാണ്. ടൂറിങ് മോഡിൽ മീഡിയവും അർബൻ എൻഡുറോ മോഡിൽ ലോയും. 

ടോപ് സുരക്ഷ

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), പിൻവീലിനു റോഡുമായി നല്ല ഗ്രിപ് നൽകുന്ന ഡ്യുക്കാറ്റി ട്രാക്‌ഷൻ കൺട്രോൾ (ഡിടിസി), ഡ്യുക്കാറ്റി വീലി കൺട്രോൾ (ഡിഡബ്ള്യുസി– കരുത്തേറുമ്പോൾ മുൻ വീൽ നിലത്തുനിന്ന് ഉയരാതെ നോക്കുന്ന സംവിധാനം ) എന്നീ സുരക്ഷാസംവിധാനങ്ങൾ നൽകിയിട്ടുണ്ട് ഇതിൽ. എട്ട് ലെവൽ ട്രാക്‌ഷൻ കൺട്രോളും മൂന്ന് ലെവൽ എബിഎസ്സുമാണ്. മോഡുകൾക്കനുസരിച്ച് ലെവൽ മാറും. ഉദാ– അർബൻ മോ‍ഡിൽ ട്രാക്‌ഷൻ ലെവൽ ആറും എബിഎസ് ലെവൽ മൂന്നുമാണ്. വീലി കൺട്രോൾ അഞ്ചും. സ്പോർട് മോഡിലാകട്ടെ ട്രാക്‌ഷൻ കൺട്രോൾ മൂന്നിലേക്കും എബിഎസ് ലെവൽ രണ്ടിലേക്കും വീലി കൺട്രോൾ ഒന്നിലേയ്ക്കും മാറും. 

സ്ഥിരതയുടെയും മെയ്‌വഴക്കത്തിന്റെയും കാര്യത്തിൽ ഫുൾമാർക്ക് കൊടുക്കാം. കോർണറിങ് എബിഎസ് വളവുകൾ ആത്മവിശ്വാസം കൂട്ടും. സാക്സിന്റെ സസ്പെൻഷനാണ് മുന്നിലും പിന്നിലും. സൂപ്പർ പെർഫോമൻസാണ് ഇരുസസ്പെൻഷനും കാഴ്ചവയ്ക്കുന്നത്. 

ടെസ്റ്റേഴ്സ് നോട്ട്

എതിരാളികളെ അപേക്ഷിച്ച് ഈസിയായി കൈകാര്യം എന്നത് വലിയ സവിശേഷതയാണ്. പെർഫോമൻസ്, സ്റ്റെബിലിറ്റി എന്നിവ എടുത്തു പറയണം. എല്ലാത്തിനുമുപരി ഒരു മൾട്ടിറോൾ ബൈക്ക് എന്നതാണ് മൾട്ടിസ്ട്രാഡയുടെ ഏറ്റവും വലിയ ഹൈലൈറ്റ് പോയിന്റ്. ലോകോത്തര സാങ്കേതികവിദ്യകൂടി ചേരുമ്പോൾ മൾട്ടിസ്ട്രാഡയ്ക്കു സൂപ്പർ സ്റ്റാർ പരിവേഷം കിട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA