അകലെപോകാൻ ഈ ‘സൂപ്പർ’ ക്രൂസർ

Suzuki Intruder 150
SHARE

പഴയ പേരും പെരുമയും സുസുകി തിരിച്ചു പിടിക്കുമോ? പിടിക്കും എന്നാണ് വിപണിയിലെ ലക്ഷണം വച്ചു തോന്നുന്നത്. അതിന്റെ മിന്നലാട്ടങ്ങൾ കണ്ടുകഴിഞ്ഞു ജിക്സറിലൂടെ. 150 സിസിയിലെ തങ്ങളുടെ തുറുപ്പു ചീട്ടായ ജിക്സറിന്റെ എൻജിനുമായി ഒരു ക്രൂസർ മോഡലിനെ  സുസുകി അവതരിപ്പിച്ചിരിക്കുകയാണ്– ഇൻട്രൂഡർ 150. ബജാജിന്റെ അവഞ്ചർ നിരയാണ്  എതിരാളികൾ. 

കാഴ്ചയിൽ വമ്പൻ

സുസുക്കിയുടെ വമ്പൻ ക്രൂസറായ ഇൻട്രൂഡർ 1800 ന്റെ ചെറുപതിപ്പെന്ന തോന്നലാണ് ഉളവാകുന്നത്. 150 സിസി ബൈക്കാണെന്നു തോന്നില്ല. ക്രോം സ്പർശമുള്ള ഹെഡ്‌ലാംപും ടാങ്കിനെ പൊതിഞ്ഞിരിക്കുന്ന വലിയ പാനലും ഇരട്ട സൈലൻസറും താഴ്ന്നിറങ്ങുന്ന പിൻഭാഗവുമൊക്കെ ഇൻട്രൂഡറിനു നല്ല വലുപ്പം നൽകുന്നു. താഴ്ന്ന സീറ്റുകളും വീതിയേറിയ ഹാൻഡിലും മുന്നിലേക്കു കയറിയ ഫുട്പെഗ്ഗുമെല്ലാം ക്രൂസറിന്റെ ഗാംഭീര്യം പകരുന്നുണ്ട്. ജിക്സറിലുള്ള ഫുള്ളി ഡിജിറ്റൽ കൺസോളാണ് ഇൻട്രൂഡറിനും. നിലവാരമുള്ള ഘടകങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ മൊത്തത്തിലൊരു പ്രീമിയം ഫീലുണ്ട്. മാത്രമല്ല, നിർമാണ നിലവാരവും കേമം. 

suzuki-intruder-150-1
Suzuki Intruder 150

മികച്ച എൻജിൻ

ജിക്സറിൽ കഴിവു തെളിയിച്ച 154.9 സിസി എൻജിനാണ് ഇൻട്രൂഡർ 150 നു കരുത്തേകുന്നത്. 8000 ആർപിഎമ്മിൽ 14.8 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 6000 ആർപിഎമ്മിൽ 14 എൻഎം. റിഫൈൻമെന്റും പെർഫോമൻസുമാണ് ഈ എൻജിന്റെ മേന്മ. മാത്രമല്ല, മോശമല്ലാത്ത ഇന്ധനക്ഷമതയും നൽകും. ജിക്സറിനെക്കാളും എട്ടു കിലോഗ്രാം ഭാരക്കൂടുതലുണ്ട് ഇൻട്രൂഡറിന്. വലിയ എയർബോക്സും നൂതന എക്സോസ്റ്റ് സിസ്റ്റവും വലിയ സ്പ്രോക്കറ്റും നൽകിയതു വഴി പെർഫോമൻസിൽ ഇതു കാര്യമായി ബാധിക്കാതിരിക്കാൻ സുസുകി നോക്കിയിട്ടുണ്ട്. 

suzuki-intruder-150-2
Suzuki Intruder 150

സുഖസവാരി

താഴ്ന്ന വീതിയേറിയ സീറ്റ്. ഉയരം കുറഞ്ഞവർക്കും ഈസിയായി ഇരിക്കാം. വലിയ ഇൻട്രൂഡറിന്റെ ശൈലിയിലുള്ള ഒറ്റ ബാർ ഹാൻഡിലാണ്. ദീർഘദൂരയാത്രയ്ക്ക് അത്യുത്തമം. എന്നുകരുതി സിറ്റി ഡ്രൈവിൽ ഒട്ടും പിന്നിലല്ല. തിരക്കിലൂടെ കൂളായി വെട്ടിച്ചെടുത്തുകൊണ്ടുപോകാൻ കഴിയുന്നുണ്ട്. പുതിയ സബ്ഫ്രെയിമോടു കൂടിയ ജിക്സറിന്റെ പരിഷ്കരിച്ച ചട്ടക്കൂടാണ്. ജിക്സറിനെ അപേക്ഷിച്ച് 75 എംഎം വീൽബേസ് കൂടുതലുണ്ട് ഇൻട്രൂഡറിന്. യാത്രാസുഖത്തിലും ഹാൻഡ്‌ലിങ്ങിലും ഇൻട്രൂഡർ വളരെയേറെ മികച്ചു നിൽക്കുന്നു. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ്. ഒപ്പം സിംഗിൾ ചാനൽ എബിഎസുമുണ്ട്. 

suzuki-intruder-150-3
Suzuki Intruder 150

ടെസ്റ്റേഴ്സ് നോട്ട്

സിറ്റിയിലും ഹൈവേയിലും ഒരുപോലെ സുഖസവാരി നൽകുന്ന ഉഗ്രൻ ക്രൂസർ. കിടിലൻ പെർഫോമൻസ് നൽകുന്ന സ്മൂത്തായ എൻജിൻ, പ്രീമിയം ഫീൽ എന്നിവ എടുത്തു പറയാവുന്ന സവിശേഷതകൾ. 

Vehicle Provided by: VTJ Suzuki, kochi Ph - 8606971901

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA