ADVERTISEMENT

എൻട്രിലെവൽ നേക്കഡ് സ്പോർട്സ് വിഭാഗത്തിൽ ഇതാ ഹോണ്ടയുടെ രാജ്യാന്തര മോഡൽ എത്തിയിരിക്കുന്നു–സിബി300 ആർ. ഇന്ത്യയിൽ എത്തുന്നു എന്നറിഞ്ഞതു മുതൽ സ്പോർട്സ് ബൈക്ക് പ്രേമികൾ കാത്തിരുന്ന മോഡലാണിത്.  അതെന്താണ് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ; ക്വാളിറ്റി. നിർമാണ നിലവാരത്തിൽ കണ്ണും പൂട്ടി വിശ്വസിക്കാം എന്നാണ് ഒരു ആരാധകൻ പറഞ്ഞത്. മാത്രമല്ല വിദേശ വിപണിയിലെ അതേ ക്വാളിറ്റി ഇന്ത്യൻ മോഡലിലും ഉണ്ടാകും എന്നതാണ് പ്രതീക്ഷ കൂടാൻ കാരണം. അതു ശരിയാണോ? ക്വാളിറ്റി മാത്രമേ ഉള്ളോ? പെർഫോമൻസോ? ടെസ്റ്റ് റൈഡ് ചെയ്തു  നോക്കാം.

hondacb-300r
Honda CB 300 R

ഗ്ലോബൽ താരം

2017 ൽ ആണ് സിബി300 ആർ വിപണിയിൽ എത്തുന്നത്. അന്ന് വിപണിയിലുണ്ടായിരുന്ന സിബി300 എഫ് എന്ന മോഡലിന്റെ പകരക്കാരനായിട്ടാണ് 300 ആർ എത്തിയത്. സിബി300 എഫ് സ്പോർട്ടി ലുക്കോടുകൂടിയ നേക്കഡ് ബൈക്കായിരുന്നു. എന്നാൽ 300 ആറിൽ സ്പോർട്ടിനെസിനൊപ്പം റെട്രോ ശൈലിയും ചാലിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. സൂപ്പർ ഫിനിഷ്കൊച്ചിയിലെ ഇവിഎം ഹോണ്ട വിങ് വേൾഡിൽ 300 ആറിനെ കണ്ടപ്പോൾ തന്നെ ആദ്യം പറഞ്ഞ ക്വാളിറ്റി എന്താണെന്നു മനസ്സിലായി. ലോകോത്തര നിർമാണ നിലവാരം പ്രകടം. പെയിന്റ് ക്വാളിറ്റിയും ഫിനിഷിങ്ങും കൊള്ളാം.

hondacb-300r-1
Honda CB 300 R

നിയോ സ്പോർട്സ് കഫേ എന്നാണു ഹോണ്ട 300 ആറിനെ വിശേഷിപ്പിക്കുന്നത്. സ്ട്രീറ്റ് സ്പോർട്സ് ബൈക്കിന്റെ തുടിപ്പുകൾ ഏറിയ ശരീരം. ഒഴുക്കുള്ള, ചിലയിടത്തു ഷാർപ്പായ, മറ്റു ചിലയിടത്തു ഉരുളിമയുള്ള ബോഡി പാനലുകൾ. വട്ടത്തിലുള്ള എൽഇഡി ഹെഡ്‌ലാംപ് തന്നെ നോക്കൂ, ക്വാളിറ്റിയും ഡിസൈനിലെ മികവും അറിയാൻ കഴിയും. കറുപ്പു നിറത്തിന്റെ എടുപ്പ് ഇവനെ നോക്കുമ്പോഴാണു മനസ്സിലാകുന്നത്. മസിൽ ഉറച്ച ഷോൾഡർ പോലെ ടാങ്ക്. കാൽമുട്ടുകളെ ഉൾക്കൊള്ളുന്ന തരത്തിൽ കൊത്തിയെടുത്തിട്ടുണ്ടു വശങ്ങൾ. അതിനോടു ചേർന്നു സിൽവർ നിറത്തിലുള്ള സ്കൂപ്പ് കാഴ്ചയിൽ എടുപ്പു കൂട്ടുന്നു. ഹോണ്ടയുടെ ബിഗ് ബൈക്കായ സിബി1000 ആറിന്റെ ഡിസൈൻ മഹിമകൾ ഉൾക്കൊണ്ടാണ് ഇവന്റെയും വരവ്. എൻജിനടക്കമുള്ള ഘടകങ്ങളെല്ലാം ബ്ലാക് തീമിലാണ്. പേരിനു മാത്രം ചിലയിടങ്ങൾ സിൽവർ ഫിനിഷ് നൽകി. അതാകട്ടെ പ്രീമിയം ഫീൽ കൂട്ടുന്നുമുണ്ട്. നട്ടുച്ചയ്ക്കും ഈസി

hondacb-300r-2
Honda CB 300 R

യായി വായിച്ചെടുക്കാവുന്ന തരത്തിലുള്ള ഡിജിറ്റൽ മീറ്റർ കൺസോളാണ്. എൽസിഡി ഡിസ്പ്ലേയാണ്. ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററും ശരാശരി മൈലേജും നിലവിലെ ഇന്ധനക്ഷമതയുമൊക്കെ ഇതിൽ അറിയാം. അഗ്രസീവായ റൈഡിങ് പൊസിഷൻ നൽകുന്ന ഫ്ലാറ്റ് ഹാൻഡിൽ ബാറാണ്. സ്വിച്ചുകളുെട നിലവാരമൊക്കെ ടോപ് ക്ലാസാണ്. ഹോൺ സ്വിച്ചിന്റെ പൊസിഷൻ തുടക്കത്തിൽ മാത്രം ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കും. ഡയമണ്ട് ടൈപ്പ് ചട്ടക്കൂടിലാണ് 300 ആറിനെ നിർമിച്ചിരിക്കുന്നത്. ബൈക്കിന്റെ മധ്യത്തിലേക്കു ഭാരം മൊത്തം കേന്ദ്രീകരിക്കുന്ന രീതിയിലാണ് രൂപകൽപന. 147 കിലോഗ്രാമേയുള്ളൂ ആകെ ഭാരം. എതിരാളികളായ കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു 310ആർ എന്നിവരെക്കാളും കുറവാണ്. വീൽബേസും ഇവർ രണ്ടുപേരെക്കാളും കുറവ്–1344 എംഎം. വിഭജിച്ച സീറ്റാണ്. നല്ല കുഷൻ. ഉയരം 800 എംഎം (ഡ്യൂക്ക് 390 –830 എംഎം, ജി310 ആർ–785 എംഎം). ഉയരം കുറഞ്ഞവർക്ക് ഈസിയായി കയറാം. സ്പോർട്ടി ഡിസൈനാണ് ടെയിൽ സെക്‌ഷന്. ഇരട്ട ചേമ്പറുള്ള സൈലൻസറാണ്. പിൻഭാഗം ഉയർന്ന ക്രോംഫിനിഷോടു ഡിസൈൻ കാഴ്ചയിൽ മസ്കുലർ ഫീൽ നൽകുന്നു..

hondacb-300r-3
Honda CB 300 R

എൻജിൻ

286.01 സിസി ലിക്വിഡ്‌ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ്. കൂടിയ കരുത്ത് 30.4 ബിഎച്ച്പി. ടോർക്ക് 27.4 എൻഎം. പക്കാ റിഫൈൻഡ് എൻജിനാണ്. മികച്ച ത്രോട്ടിൽ റെസ്‌പോൺസ്. ലോ എൻഡിൽ നല്ല കുതിപ്പുണ്ടെങ്കിലും മിഡ് റേഞ്ചിലെ പെർഫോമൻസാണ് ഇഷ്ടപ്പെട്ടത്. സ്മൂത്ത് പവർ ഡെലിവറി. ആറു സ്പീഡ് ട്രാൻസ്മിഷനാണ്. റൈഡ് കംഫർട്ടാണ് 300 ആറിന്റെ ഏറ്റവും എടുത്തു പറയേണ്ട മേന്മ. നഗരത്തിരക്കിലൂടെ അനായാസം കയറിപ്പോകാം. നേർരേഖയിൽ നല്ല സ്ഥിരത കാട്ടുന്നു. വർഷങ്ങളായി നാം ഉപയോഗിക്കുന്ന ഒരു ബൈക്ക് നമുക്കെങ്ങനെ ഇണങ്ങിക്കിടക്കുന്നോ അതേ ഫീലാണ് 300 ആർ ആദ്യം ഒാടിക്കുമ്പോഴും തോന്നുന്നത്. 41 എംഎം യുഎസ്ഡി ഫോർക്കാണു മുന്നിൽ. പിന്നിൽ മോണോ ഷോക്കും. ഡ്യുവൽ ചാനൽ എബിഎസ് ആണ്. ബ്രേക്കിങ് ക്ഷമത കൂട്ടുന്ന െഎഎംയു (ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ്) സാങ്കേതികവിദ്യകൂടിയതാണിത്. നാലു പിസ്റ്റൺ കാലിപ്പറോടുകൂടിയ റേഡിയൽ മൗണ്ടഡ് ഡിസ്ക് ബ്രേക്കാണു മുന്നിൽ. പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറോടു കൂടിയ ഡിസ്ക്കും. 

അവസാനവാക്ക്

ലോകോത്തര നിർമാണ നിലവാരം. ക്ലാസിക് തനിമയും സ്പോർട്ടി ഫീലും സമന്വയിക്കുന്ന ഉഗ്രൻ ഡിസൈൻ. മികച്ച റൈഡ് ക്വാളിറ്റിയും പെർഫോമൻസും. ഇങ്ങനെ 300 ആറിന്റെ മേന്മകൾ ഒട്ടേറെ. 

Vehicle Provided By: Evm Honda Wing World, Cochin  Ph: 9895661188

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT