ഒറ്റ ചാർജിൽ 156 കി.മീ, ഇലക്ട്രിക് വിപ്ലവം ഈ ആർവി 400-ടെസ്റ്റ് ഡ്രൈവ്

revolt
Revolt RV 400
SHARE

നിങ്ങൾ മനസിൽ കാണുമ്പോൾ റിവോൾട്ട് മാനത്തു കാണുമെന്നാണു നിർമാതാക്കളുടെ രഹസ്യം പറച്ചിൽ. നിർമിത ബുദ്ധിയുടെ മികവോടെ നിരത്തിലിറങ്ങുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്നതും വെറുതെയല്ല. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം സാധിക്കുന്ന ആർവി400 എന്ന പുതിയ ബൈക്ക് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണു വിലയിരുത്തൽ. 

ഇലക്ട്രിക് ബൈക്ക് അത്ര സജീവമായിട്ടില്ല ഇന്ത്യൻ വിപണിയിൽ. ചാർജിങ് കേന്ദ്രങ്ങളുടെ കുറവ് ഉൾപ്പെടെയുള്ള വെല്ലുവിളികളുണ്ട്. ഇതെല്ലാം മനസിലാക്കിയാണു റിവോൾട്ടിന്റെ രൂപകൽപ്പന. മൈക്രോമാക്സ് എന്ന കമ്പനിയിലൂടെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി ഒരിക്കൽ കീഴടക്കിയിരുന്ന രാഹുൽ ശർമ്മയുടെ പുതിയ സംരംഭം, ഏറെ പഠനത്തിനു ശേഷമാണു ഈ രംഗത്തേക്കു ചുവടുവച്ചിരിക്കുന്നതെന്നു തീർച്ച. 

രൂപകൽപ്പന

ദൂരമേറിയ യാത്രകൾക്കായാണു ആർവി400 എന്ന ഇ- ബൈക്കിനെ കമ്പനി രൂപപ്പെടുത്തിയിരിക്കുന്നതെന്നു തീർച്ച. വണ്ടിയുടെ സ്റ്റൈലും എൻജിൻ മികവുമെല്ലാം ഇതിന് അടിവരയിടുന്നു. വണ്ടിയുടെ ഒതുക്കവും സ്പോർട്സ് ബൈക്കുകൾക്കു സമാനമായ ഡിസൈനുമെല്ലാം ചെറുപ്പക്കാരെ ആകർഷിക്കും. എൽഇഡി ഹെഡ്‍ലാംപ്, ഓട്ടോമാറ്റിക് ഡിസ്പ്ലേ യൂണിറ്റ് എന്നിവയെല്ലാം മികച്ചത്. 7വാട്ട് എൽഇഡി ബൾബാണു ലോ ബീമിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നതെങ്കിൽ ഹൈബീമിൽ എൽഇഡി പ്രൊജക്ടറുകളുമുണ്ട്. പിൻ ഭാഗത്തെ ലൈറ്റും ഇൻഡിക്കേറ്ററുകളുമെല്ലാം എൽഇഡി തന്നെ. സാധാരണ ബൈക്കുകളുടെ ഇന്ധന ടാങ്കിന്റെ ഭാഗത്ത് റിവോൾട്ടിൽ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നു. 

ഡ്രൈവിങ് മികവ്

സാധാരണ ബൈക്കുകളോടു കിടപിടിക്കുന്ന ഡ്രൈവിങ് അനുഭവമാണു ആർവി400 നൽകുന്നത്. 3കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകളാണു ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. നോർമൽ, ഇക്കോ, സ്പോർട്സ് എന്നീ മൂന്നു മോഡിലായി ക്രമീകരിച്ചിരിക്കുന്ന വേഗ സംവിധാനം ഒരു സ്വിച്ചിലൂടെ നിയന്ത്രിക്കാം. പരമാവധി വേഗം 85 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ ബാറ്ററിയിൽ 156 കിലോമീറ്റർ സഞ്ചരിക്കാമെന്നാണു വാഗ്ദാനമെങ്കിലും പരമാവധി വേഗത്തിൽ ഇത്ര ദൂരം ലഭിച്ചെന്നു വരില്ല. വണ്ടിയുടെ ഭാരം 108 കിലോ മാത്രം. അതിനാൽ തന്നെ അനായാസം വണ്ടി കൈകാര്യം ചെയ്യാൻ സാധിക്കും. വളവിലും മറ്റും ഒട്ടും ആയാസമില്ലാതെ സഞ്ചരിക്കാം. 220 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും സീറ്റിന്റെ ക്രമീകരണവുമെല്ലാം യാത്രായ്ക്ക് അനുകൂല ഘടകങ്ങൾ. 

ശബ്ദം തിരഞ്ഞെടുക്കാം

റോഡിൽ കുതിക്കുമ്പോൾ ശബ്ദമില്ലെങ്കിൽ പിന്നെന്തു ബൈക്ക്. ബൈക്കിന്റെ ശബ്ദം ട്യൂൺ ചെയ്ത് ആരവമുയർത്താൻ ചെറുപ്പക്കാർ പരിശ്രമിക്കുമ്പോഴാണു ശബ്്ദമില്ലാത്ത ഇലക്ട്രിക് ബൈക്കുകൾ വിപണിയിലേക്കെത്തുന്നത്. ഇതിനു പരിഹാരം കാണുന്നുണ്ട് റിവോൾട്ട്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് ബൈക്കിന്റെ ശബ്ദം സെറ്റ് ചെയ്യാം. വണ്ടി ഓടിക്കുന്നതിനിടയിൽ ഹാൻഡിലെ സ്വിച്ചിൽ വിരലമർത്തിയാൽ ശബ്ദം നിലയ്ക്കുകയും ചെയ്യും. 

ബാറ്ററിയാണു മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് വാഹനങ്ങളിലേതു പോലെ ചാർജിങ് സോക്കറ്റും മറ്റു സംവിധാനവുമെല്ലാം ആർവി400നുമുണ്ട്. എന്നാൽ പ്രധാന ആകർഷണം ബാറ്ററി നിങ്ങൾക്ക് എടുത്തുകൊണ്ടു പോകാമെന്നതാണ്. നിങ്ങളുടെ വീട്ടിലോ, ഓഫിസിലോ ബാറ്ററി കൊണ്ടു പോയി ചാർജ് ചെയ്തു തിരികെ ബൈക്കിൽ ഘടിപ്പിക്കാം. കൂടാതെ റിവോൾട്ട് ക്രമീകരിക്കുന്ന ബാറ്ററി സ്വാപിങ് കേന്ദ്രങ്ങളിലെത്തിയാൽ ചാർജ് തീർന്ന ബാറ്ററി നൽകി പൂർണ തോതിൽ ചാർജ് ചെയ്ത ബാറ്ററി വാങ്ങാം. മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവരം അറിയിച്ചാൽ നിങ്ങളുടെ അടുത്തേക്കു ബാറ്ററിയുമായി കമ്പനി ജീവനക്കാരെത്തുന്ന സൗകര്യവുമുണ്ട്. 

ഡൽഹി, പുനെ നഗരങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ ബൈക്ക് ലഭിക്കുക. എക്സ് ഷോറൂം നിരക്ക് 1,29,463 രൂപ. വൈകാതെ ചെന്നൈ, ഹൈദരബാദ്, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും വിൽപന വ്യാപിപ്പിക്കും. കേരളത്തിൽ എത്താൻ വൈകുമെന്നാണു പ്രാഥമിക വിവരം. 

ആർവി 400

 ബ്രേക്ക്(സിബിഎസ്)– ഫ്രണ്ട് ഡിസ്ക്(240 മില്ലിമീറ്റർ)/റിയർ ഡിസ്ക്( 240 മില്ലിമീറ്റർ)

 ടയർ– ഫ്രണ്ട്–90/80-17, റിയർ– 120/80-17

 ഫ്രണ്ട് ഫോർക്ക്– അപ്സൈഡ് ഡൗൺ ഫോർക്ക്

 റിയർ സസ്പെൻഷൻ– അഡ്ജസ്റ്റബിൾ മോണോഷോക്ക്

 ബാറ്ററി– ലിഥിയം ലോൺ

 വോൾട്ടേജ്– 72വോൾട്ട്, 3.24 കിലോവാട്ട്

 ചാർജിങ് സമയം– 0–75% മൂന്നു മണിക്കൂറിൽ. 100 ശതമാനമാകാൻ 4.5 മണിക്കൂർ

 മോട്ടോർ– 3 കിലോവാട്ട് മിഡ് ഡ്രൈവ്

 ഭാരം– 108 കിലോ

 വീൽ ബേസ്– 1350 മില്ലിമീറ്റർ

 സീറ്റ് ഉയരം– 814 മില്ലി മീറ്റർ

 വഹിക്കാവുന്ന ഭാരം– രണ്ട് ആളുകൾ, പരമാവധി 150 കിലോ

 ഗ്രൗണ്ട് ക്ലിയറൻസ്– 220 മില്ലി മീറ്റർ

 റെയ്ഞ്ച്– 156 കിലോമീറ്റർ(എആർഎഐ സർട്ടിഫൈഡ് റെയ്ഞ്ച്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA