ADVERTISEMENT

ശക്തനായ എതിരാളി ഉണ്ടെങ്കിലേ മത്സരം കൊഴുക്കൂ. പോരടിക്കുന്നവർക്കും പോരിനു മൂർച്ച കൂട്ടുന്നവർക്കും എങ്കിലേ ഒരു വാശിയുണ്ടാകൂ. ഇനി അത്തരത്തിലൊരു പോരാട്ടത്തിനാകും വിപണി സാക്ഷ്യം വഹിക്കുക. ഇന്ത്യൻ‌ ഇരുചക്ര വാഹന വിപണിയിൽ ക്രൂസർ സെഗ്‌മെന്റിൽ ഇതു വരെ റോയൽ‌ എൻഫീൽഡ് എതിരാളിയില്ലാതെ ഒറ്റയ്ക്കു വിരാജിക്കുകയായിരുന്നു.  ക്ലാസിക് എത്തിയ കാലം മുതൽ എൻഫീൽഡ് നേടിയ വളർച്ച ആരിലും അസൂയ ഉളവാക്കുന്നതാണ്. 

benelli-imperiale-400

ചരിത്രത്തിൽ നിന്നു പുനർജൻമം നേടി എത്തിയ ജാവയ്ക്കും എൻഫീൽഡ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ രണ്ടു പേർക്കും ഒരു എതിരാളി എത്തിയിരിക്കുന്നു. ബെനലി ഇംപീരിയാലെ 400. ബെനലി എന്ന നാമം ഇന്ത്യൻ വിപണിയിൽ പുതിയതല്ല. ഡിഎസ്കെ ഗ്രൂപ്പുമായി കൈകോർത്ത് ബെനലി മോഡലുകൾ നിരത്തിലെത്തിയിട്ടു നാളേറെയായി. പക്ഷേ, വിപുലമായ വിപണന ശൃംഖല ഇല്ലാത്തതും ചർച്ചയാകാൻ പാകത്തിലുള്ള മോഡൽ ഇല്ലാത്തതും വിൽപനയിൽ പിന്നോട്ടടിച്ചു. എന്നാൽ ഡിഎസ്കെയുമായി പിരിഞ്ഞ് ഹൈദരാബാദ് ആസ്ഥാനമായുള്ള മഹാവീർ‌ ഗ്രൂപ്പിന്റെ ആദിശ്വേർ ഒാട്ടോ റൈഡ് ഇന്റർനാഷനലുമായി സഹകരിച്ച് മൂന്നു മോഡലുകളുമായി തകർപ്പൻ വരവാണ് ബെനലി നടത്തിയത്. 

ലിയോൻസിനോ 500, ലിയോൻസിനോ 250, ഇംപീരിയലെ 400. ഇതിൽ വിപണിയിൽ ഏറ്റവും ചർച്ചയായിരിക്കുന്നത് ഏറ്റവും ഒടുവിൽ ലോഞ്ച് ചെയ്ത ഇംപീരിയലെ 400 ആണ്. കാരണം മറ്റൊന്നുമല്ല, രൂപം കൊണ്ടും വിലകൊണ്ടും പെർഫോമൻസുകൊണ്ടും റോയൽ എൻഫീൽഡ് ക്ലാസിക്കിനും ജാവയ്ക്കും കടുത്ത വെല്ലുവിളിയാണ് ഇംപീരിയലെ ഉയർത്തുന്നത്. വിശദമായ ടെസ്റ്റ് റൈഡിലേക്ക്...

benelli-imperiale-400-2-3

ക്ലാസിക് ഡിസൈൻ

അൻപതുകളിലെയും അറുപതുകളിലെയും ബെനലിയുടെ ക്ലാസിക് താരങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപന. റോയൽ എൻഫീൽഡ് ക്ലാസിക്കിനോടു കട്ടയ്ക്കു നിൽക്കുന്ന ഡിസൈൻ. തനി റെട്രോ ക്ലാസിക് ലുക്കാണ്. വലിയ വട്ടത്തിലുള്ള ഹെഡ‍്‌ലൈറ്റ്, ഇൻഡിക്കേറ്റർ, റിയർവ്യൂ മിറർ, മീറ്റർ കൺസോൾ എന്നിവയിലെല്ലാം ക്ലാസിക് തനിമ വിളിച്ചോതുന്ന ക്രോമിയം ഫിനിഷ് ആവോളമുണ്ട്. സ്പോക്ക് വീലുകളാണ്. റബർ പാഡിങ്ങുള്ള ഫ്യൂവൽ‌ ടാങ്ക് ട്രയംഫിന്റെ ടി100 മോഡലിനെ ഒാർമിപ്പിക്കുന്നു. വിഭജിച്ച സീറ്റുകളാണ്. എൻഫീൽഡ് ക്ലാസിക്കിന്റേതുപോലെ ഇംപീരിയലിന്റെ റൈഡർ സീറ്റും സ്പ്രിങ് ലോഡഡ് ആണ്. 

വലിയ മുൻ, പിൻ ഫെൻഡറുകൾ ക്ലാസിക് ഫീൽ പകരുന്നു. ചെറിയ ടെയിൽ ലാംപ് കാണാൻ ക്യൂട്ടാണ്. എൻജിനും സൈലൻസറും അടക്കമുള്ള ഘടകങ്ങൾക്കു മാറ്റ് ബ്ലാക്ക് ഫിനിഷ് നൽകിയതു രസമുണ്ട്. പഴമയുടെ പ്രൗഢിക്കൊപ്പം ഡിജിറ്റൽ ഡിസ്പ്ലേയും കൂട്ടിയിണക്കിയാണ് മീറ്റർ കൺസോൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഫ്യൂവൽ ഗേജ് ആണ്. സ്വിച്ചുകളുടെയും മറ്റു പ്ലാസ്റ്റിക് ഘടകങ്ങളുടെയും നിലവാരം കൊള്ളാം. 

സ്വിച്ച് ഗിയർ, ലൈറ്റുകൾ, ടയർ, വീൽ, ബാറ്ററി എന്നിങ്ങനെയുള്ള ഘടകങ്ങൾ ഇന്ത്യയിൽനിന്നുള്ളതാണ്. ടിവിഎസിന്റെ റിമോറ ടയറുകളാണ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും. പുണെ ആസ്ഥാനമായുള്ള യോഷിക്കയുടേതാണ് സ്പോക് വീലുകൾ. ഗബ്രിയേൽ കമ്പനിയുടേതാണ് മുൻ ഫോർക്കുകളും പിന്നിലെ ഷോക്ക് അബ്സോർബറുകളും. 41 എംഎം വലുപ്പമുണ്ട് മുൻഫോർക്കുകൾക്ക്. ഗ്യാസ്ഫിൽഡ് സസ്പെൻഷനാണ് പിന്നിൽ ഇതിന്റെ പ്രീലോഡ് ക്രമീകരിക്കുകയും ചെയ്യാം. മൊത്തത്തിൽ രൂപകൽപനയും നിർമാണ നിലവാരവും കേമം. 

benelli-imperiale-400-5

എൻജിൻ

374 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ്. ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷനാണ്. 5500 ആർപിഎമ്മിൽ 21 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 4500 ആർപിഎമ്മിൽ 29 എൻഎം. അഞ്ച് സ്പീഡ് ട്രാൻസ്മിഷനാണ്.

റൈഡ് 

ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് ‌നിർമാണം. 205 കിലോ ഭാരമുണ്ടെങ്കിലും അത്ര ഫീൽ ചെയ്യില്ല. സീറ്റിന്റെ ഉയരം കുറവാണ്. 780 എംഎം. ഉയരം കുറഞ്ഞവർക്കും കൂളായി ഇരിക്കാം. ഇനി ഒന്നു സ്റ്റാർട്ട് ചെയ്തു നോക്കാം. ശബ്ദമെങ്ങനെ? വൈബ്രേഷനുണ്ടോ? ടോർക്കെങ്ങനെ എന്നീ സംശയങ്ങൾക്കു മറുപടി വേണമല്ലോ... എന്നാൽ മുൻവിധികളെ തകർത്തെറിഞ്ഞ അനുഭവമാണ് ഇംപീരിയലെ നൽകിയത്. നല്ല കിടിലൻ എക്സോസ്റ്റ് നോട്ട്. 

benelli-imperiale-400-1

ഘനമുണ്ട്. ത്രോട്ടിൽ കൊടുക്കുന്നതിനനുസരിച്ച് ഗാംഭീര്യവും കൂടുന്നു. ചിലമ്പിച്ച ശബ്്ദം തെല്ലുമില്ല. റിഫൈൻഡായ എൻജിൻ. നേരിയ വൈബ്രേഷൻ മാത്രം. റിയർ വ്യൂമിററിൽ പിന്നിലെ വസ്തുക്കളെ ക്ലിയർ ആയി കാണാം! എൻഫീൽഡിനു കടുത്ത വെല്ലുവിളിയാകുമെന്നു പ്രഥമദൃഷ്ട്യാ വ്യക്തം. മികച്ച ടോർക്ക് ഉണ്ടെങ്കിലും ലോ എൻഡിൽ അത്ര പോരാ. എൻജിൻ വേഗം 2500 ആർപിഎമ്മിനു മുകളിലെത്തിയാൽ നല്ല കുതിപ്പു കാട്ടുന്നുണ്ട്. മിഡ് റേഞ്ചിലെ പ്രകടനമാണു മികച്ചത്. ആർപിഎം റെഡ് ലൈൻ ആയ 6000 ത്തിനു മുകളിലേക്ക് അനായാസം എൻജിൻ കുതിക്കുന്നുണ്ട്. 

‌ഉയർന്ന ആർപിഎമ്മിൽ നേരിയ വൈബ്രേഷൻ ഫുട്പെഗിലും ഹാൻഡിലിലും അറിയുന്നുണ്ട്. എങ്കിലും അതത്ര കാര്യമാത്ര പ്രസക്തമല്ല. മൂന്നക്ക വേഗത്തിൽ എൻജിൻ പ്രകടനം മികച്ചത്. അഞ്ച് സ്പീഡ് ഗിയർ ബോക്സാണ്. ടോ ഷിഫ്റ്റാണ്. മാറ്റങ്ങൾ ലളിതം. കൃത്യതയുണ്ട്. സിറ്റിയിലും ഹൈവേയിലും ഒരു പോലെ മെരുങ്ങുന്ന പ്രകൃതം. വീതിയേറിയ ഹാൻഡിൽ ബാർ‌ നല്ല കംഫർട്ട് നൽകുന്നു. ഉയർന്ന വേഗത്തിൽ നല്ല നിയന്ത്രണമുണ്ട്. കരുത്തൻ ഫ്രെയിമും കൂടിയ വീൽബേസും ഇക്കാര്യത്തിൽ പിന്തുണ നൽകുന്നുണ്ട്. ടിവിഎസിന്റെ റെമോറ ടയർ നല്ല ഗ്രിപ്പ് നൽകുന്നുണ്ട്. 19 ഇഞ്ച് ടയറാണ് മുന്നിൽ പിന്നിൽ 18 ഉം. ഡിസ്ക് ബ്രേക്കാണ് മുന്നിലും പിന്നിലും. ഡബിൾ ചാനൽ എബിഎസ് ബ്രേക്കിങ് ശേഷി കൂട്ടുന്നു. 

benelli-imperiale-400-4

വില

സിൽവർ, മെറൂൺ‌, ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിൽ ഇംപീരിയലെ ലഭ്യമാകും. സിൽവർ കളർ മോഡലിന് 2.15 ലക്ഷമാണ് കൊച്ചിയിലെ ഒാൺറോഡ് വില. മറ്റു മോഡലുകൾക്ക് 2.25 ലക്ഷവും. 

ഫൈനൽ ലാപ്

ക്ലാസിക് ലുക്ക്, മികച്ച നിർമാണ നിലവാരം, റിഫൈൻഡ് എൻജിൻ, മികച്ച യാത്രാസുഖം എന്നിവയാണ് ഹൈലൈറ്റ്. ലോഞ്ച് ചെയ്ത് മാസത്തിനുള്ളിൽ 300 ബുക്കിങ്ങാണ് കൊച്ചി ഷോറൂമിൽ കിട്ടിയത്. ഇതാണ് സ്ഥിതിയെങ്കിൽ ബെനലിയുടെ നല്ല കാലം തെളിഞ്ഞു എന്നു തന്നെ പറയാം. ഷോറൂം ശൃംഖലയും മികച്ച സർവീസും നൽകിയാൽ ഈ വിഭാഗത്തിലെ നായകസ്ഥാനം വിദുരമല്ല.

Vehicle Provided By: Benelli Kochi, Ph-9605095955

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT