ADVERTISEMENT

ജാവയുടെ മടങ്ങിവരവിൽ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചത്. ജാവ, ജാവ 42, പെരക്. ഇതിൽ ആദ്യ രണ്ടു മോഡലുകളും നിരത്തിൽ എത്തി. ഡിസൈൻ കൊണ്ട് ഏവരേയും ഹഠാദാകർഷിച്ച മോഡലായിരുന്നു പെരക്. വിലയോ1.89 ലക്ഷവും! അതോടെ പെരക്കിനോടുളള ഇഷ്ടവും പെരുത്തു. ഈയിടെ, രണ്ടാം വരവിന്റെ വാർഷികത്തിലാണ് പെരക്കിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. 

ബോബർ

ഹാർലി സ്ട്രീറ്റ് ബോബ്, ഇന്ത്യൻ സ്കൗട്ട് ബോബർ, ട്രയംഫ് ബോബർ എന്നീ ബോബർ മോഡലുകൾ മോഹിക്കാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ, വിലകൊണ്ട് മോഹം ഉള്ളിലൊതുക്കുകയാണ്. ആ മോഹം സാക്ഷാത്കരിക്കാനുള്ള വഴിയാണ് ജാവ പെരക് എന്നു ലളിതമായി പറയാം. പക്കാ ബോബർ ഡിസൈൻ തീമിലാണ് പെരക്കിനെ   വാർത്തെടുത്തിരിക്കുന്നത്. ഇരിപ്പിലും നോട്ടത്തിലും തലയെടുപ്പിലും ഒാട്ടത്തിലുമെല്ലാം തനി ബോബർ.ടാങ്കിലെയും ടൂൾബോക്സിലെയും ഫെൻഡറിലെയും സ്വർണ വരകൾ ക്ലാസിക് പ്രീമിയം ഫീൽ നൽകുന്നുണ്ട്. 

jawa-perak-1

ടാങ്കിനു മുകളിലെ ‌പെരക് എന്ന ബാഡ്ജിങ് സ്റ്റിക്കർ ടൈപ് മാറ്റി കുറച്ചുകൂടി ക്വാളിറ്റിയിൽ നൽകാമായിരുന്നു. ഹാലജൻ ഹെ‍ഡ്‌ലാംപാണ്. ഒറ്റ ഡയൽ മീറ്റർ കൺസോളിൽ ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയുമുണ്ട്. സ്പീഡോ മീറ്ററും ഫ്യൂവൽ ഗേജും അനലോഗിൽ. സൂചികളുടെ നീക്കം വലത്തുനിന്ന് ഇടത്തേക്കാണ്. ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കുമെങ്കിലും വ്യത്യസ്തതയുണ്ട്. ക്ലാസിക് ശൈലി പിന്തുടരുന്ന ടാങ്ക്. 14 ലീറ്ററാണ് കപ്പാസിറ്റി. ലോ ഫ്യൂവൽ വാണിങ് ലൈറ്റുണ്ട് കൺസോളിൽ. 

jawa-perak-3

മധ്യഭാഗം തൊട്ടു പിന്നിലേക്കുള്ള ഡിസൈനാണ് കാഴ്ചയിലെ എടുപ്പ്. അന്തരീക്ഷത്തിൽ നിൽക്കുന്നതുപോലുള്ള സിംഗിൾ സീറ്റ് തന്നെ രസമുണ്ട്. വലിയ ടൂൾബോക്സിന്റെ ഡിസൈൻ കൊള്ളാം. ബോൾഡ് ലുക്ക് സമ്മാനിക്കുന്നു. സീറ്റിനടിയിൽ ഇരു ടൂൾബോക്സിനിടയിലായാണ് മോണോഷോക്ക്. പെട്ടെന്നു കാണില്ല ഇത്. പിൻ ഫെൻഡർ മുഴുവനായി കാണത്തക്ക രീതിയാണ് പിൻവശ ഡിസൈൻ. ഇരട്ട സൈലൻസർ പൈപ്പുകൾക്കു ചെറിയ സ്പോർട്ടി ഫീൽ.

jawa-perak-5

ഈസി റൈഡ്

ഉയരം കുറവായതിനാൽ കൂളായി ഇരിക്കാം. ഭാരവും കുറവാണ്. 179 കിലോഗ്രാമേയുള്ളൂ. വീതിയേറിയ ഹാൻഡിൽ ബാറും താഴ്ന്ന റൈഡിങ് പൊസിഷനും ഈസി റൈഡ് ആണ് നൽകുന്നത്. നിവർന്നിരിക്കാം.എൻജിൻ കിൽ സ്വിച്ച് ഉണ്ട്. സ്വിച്ചുകളുടെയൊക്കെ നിലവാരം കൊള്ളാം. ഇഗ്‌നീഷൻ സ്ലോട്ട് ടാങ്കിനടിയിൽ വലതുവശത്തായാണ്. ക്ലച്ച് പിടിച്ച് സ്റ്റാർബട്ടൺ അമർ‌ത്തിയാൽ പെരക്കിനു ജീവൻ വയ്ക്കും. ജാവയുടെ മറ്റു മോഡലുകളെക്കാളും ഗാംഭീര്യമുള്ള ശബ്ദമാണ്. നാലാൾ നോക്കും. 

jawa-perak-4

394 സിസി ബിഎസ്6 നിലവാരത്തിലുള്ള എൻജിനാണ്. ജാവയുടെ മറ്റു മോഡലുകളിലെ എൻജിൻ തന്നെയെങ്കിലും ബോറിന്റെ വലുപ്പം കൂട്ടി. സ്ട്രോക്കിൽ മാറ്റമില്ല. ജാവ, 42 എന്നിവയെക്കാളും പവറിലും ടോർക്കിലും വർധനവുണ്ട്. 30 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 31 എൻഎമ്മും. ആറ് സ്പീഡ് ട്രാൻസ്മിഷനാണ്. മാറ്റങ്ങൾ ലളിതം. വലിയ കടുപ്പമില്ല. ടോർക്കി എൻജിനാണ്. ആർപിഎം റേഞ്ചിലുടനീളം നല്ല ടോർക്ക് ലഭിക്കുന്നുണ്ട്. ചെറിയ ത്രോട്ടിൽ തിരിവിൽപോലും നല്ല കുതിപ്പു കാട്ടുന്നുണ്ട്. 

jawa-perak-2

നഗരത്തിരക്കിലൂടെ കൂളായി കൊണ്ടുനടക്കാം. ഉയർന്ന വേഗത്തിൽ നല്ല സ്ഥിരത കാട്ടുന്നുണ്ട്. വളവുകളൊക്കെ കൂളായി വീശിയെടുക്കാം. വലിയ ഹംപുകളും ഗട്ടറുകളും ഒന്നു നോക്കണമെന്നുമാത്രം. മുന്നിൽ ടെലിസ്കോപ്പിക്കും പിന്നിൽ മോണോഷോക്കുമാണ്. യാത്രാസുഖം തരക്കേടില്ല. മുന്നിലും പിന്നിലും ഡ‍ിസ്ക് ബ്രേക്കും ഡ്യുവൽ ചാനൽ എബിഎസുമുണ്ട്.  1.94 ലക്ഷമാണ് പെരക്കിന്റെ ഷോറൂം വില.

English Summary: Jawa Perak Test Ride Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com