പോക്കറ്റിലൊതുങ്ങും ഡോമിനർ

bajaj-dominar-250
Bajaj Dominar 250
SHARE

ഒരു ചെറിയ ക്ലൂ എങ്കിലും തന്നിരുന്നെങ്കിൽ ഞങ്ങൾ വേറെ മോഡൽ വാങ്ങുമായിരുന്നോ? ഇതു വല്ലാത്ത ചതിയായിപ്പോയി! ഇതിനു മാപ്പില്ല...ഡോമിനർ 250യുടെ ലോഞ്ചിനോടുള്ള ആദ്യ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.  ഡോമിനർ 400 നു വിലക്കൂടുതൽ അയതുകൊണ്ടു മാത്രം മറ്റു മോഡലുകൾ വാങ്ങിയവർ എങ്ങനെ പ്രതികരിക്കാതിരിക്കും. ഏതായാലും ഡോമിനർ 250 യുടെ വരവ് തകർത്തു എന്നു തന്നെ പറയണം. കെടിഎം ഡ്യൂക്ക് 250 അടക്കമുള്ള എതിരാളികൾക്കു കനത്ത വെല്ലുവിളി തന്നെയായിരിക്കും ഡോമിനർ 250. കാഴ്ചയിൽ ഡോമിനർ 400 ന്റെ അതേ ലുക്കുമായാണു വരവ്. അപ്പോൾ പ്രകടനത്തിലോ? ഒന്നു റൈഡ് ചെയ്തു നോക്കാം

bajaj-dominar-250-6

മസിലൻ

ഹെഡ്‌ലാംപ് മുതൽ ടെയിൽ സെക്‌ഷൻ വരെ ഡോമിനർ 400 ന്റെ     ഡിസൈൻതന്നെയാണ് പിന്തുടർന്നിരിക്കുന്നത്. വലുപ്പത്തിൽ ഒട്ടും മാറ്റമില്ല. വീൽബേസും ഗ്രൗണ്ട് ക്ലിയറൻസും വരെ സമം. ചുവപ്പ്, കറുപ്പ് എന്നീ രണ്ടു നിറങ്ങളിലാണ് 250 എത്തിയിരിക്കുന്നത്. സ്പോർട്ടി ഫീൽ കൂടുതൽ ചുവപ്പു നിറത്തിനാണ്. കാഴ്ചയിൽ‌ നല്ല എടുപ്പുണ്ട്. ഫുൾ എൽഇഡി ഹെഡ്‌ലാംപാണ്. ഇരട്ട ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ, മസ്കുലർ ബോഡി പാനലുകൾ, വിഭജിച്ച സീറ്റുകൾ, ഇരട്ട സൈലൻസർ എന്നിങ്ങനെ ഡോമിനർ‌ 400 ന്റെ കാഴ്ചയിലെ എടുപ്പുകൾ എന്തൊക്കെയായിരുന്നോ അതെല്ലാം 250 ക്കും നൽകി. 

bajaj-dominar-250-4

മാറ്റങ്ങൾ‌ ഇവയൊക്കെയാണ്– കൺസോളിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ കാസ്റ്റ് അയൺ സ്വിങ് ആമിനു പകരം ബോക്സ് സെക്‌ഷനാണ് നൽകിയിരിക്കുന്നത്. മാത്രമല്ല, സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും, ടയറുകളും ചെറുതാണ്. മുന്നിൽ 110/70 R 17 ഉം പിന്നിൽ 150/60 R17 ഉം ആണ് ഡോമിനറിൽ 400 ൽ.  യുഎസ്ഡി ഫോർക്ക് തന്നെയാണ് മുന്നിലെങ്കിലും വണ്ണം കുറവാണ്. 37 എംഎം. ഡോമിനർ 400 ൽ 43 എംഎം ഫോർക്കാണ്. പിന്നിലെ ഡിസ്കി ന്റെ വലുപ്പം രണ്ടു പേർക്കും ഒരുപോലെയാണ്. എന്നാൽ മുൻ ഡിസ്ക് 250 യുടെ ചെറുതാണ്. ഭാരം 4 കിലോ കുറവുണ്ട്. ഇത്രയൊക്കെയാണ് കാഴ്ചയിൽ മാറ്റങ്ങളായി പറയാവുന്നത്. 

bajaj-dominar-250-2

എൻജിൻ

249 സിസി ലിക്വിഡ് കൂൾഡ് ഡബിൾ ഒാവർഹെഡ് ക്യാം സിംഗിൾ സിലിണ്ടർ എൻജിനാണ് 250 ക്കും നൽകിയിരിക്കുന്നത്. അതായത്, ഇതേ എൻജിൻ തന്നെയാണ് കെടിഎം ഡ്യൂക്ക് 250യിലും ഉള്ളത്. ട്യൂണിങ് വ്യത്യാസമുണ്ടെന്നു മാത്രം. 27 ബിഎച്ച്പിയാണ് ഡോമിനർ 250 പുറത്തെടുക്കുന്ന കൂടിയ കരുത്ത്. ടോർക്ക് 24 എൻഎമ്മും. സ്പോർ‌ട്ടി ഫീലുണ്ട് എൻജിൻ ശബ്ദത്തിന്. ഉയർന്ന റെവ്വിലെ രസം പിടിപ്പിക്കുന്ന മൂളിച്ച കൊള്ളാം. ലോ എൻഡിലെ പെർഫോമൻസ് തരക്കേടില്ല. മിഡ് റേഞ്ചിലെ പെർഫോമൻസാണ് മികച്ചത്. 4500 ആർപിഎമ്മിനു മുകളിൽ ഉഗ്രൻ പെർഫോമൻസാണ്. ആറ് സ്പീഡ് ട്രാൻസ്മിഷന്റെ മാറ്റങ്ങൾ ലളിതം. കട്ടി കുറഞ്ഞ തീർത്തും ലൈറ്റായ ക്ലച്ചാണ്. ഇത് റൈഡ് ഈസിയാക്കുന്നു. നേർരേഖയിലും വളവുകളിലും നല്ല സ്ഥിരതയും നിയന്ത്രണവും ഉണ്ട്. പെരിമീറ്റർ ഫ്രെയിമാണ്.  ബ്രേക്കിങ് കൊള്ളാം. കൃത്യതയുണ്ട്. അതുകൊണ്ടു തന്നെ ധൈര്യമായി കുതിക്കാം. 

bajaj-dominar-250-5

ടെസ്റ്റേഴ്സ് നോട്ട്‌

ഡോമിനർ 400 നെക്കാളും ഏകദേശം മുപ്പതിനായിരം രൂപയോളം കുറവുണ്ട് ‍ഡോമിനർ 250 ന്. കാഴ്ചയിൽ 400 ന്റെ എടുപ്പ്. എന്നാൽ വില കുറവും. ഇതു തന്നെയാണ് ഇവന്റെ സെല്ലിങ് പോയിന്റും. പെർഫോമൻ‌സിൽ ശരാശരിക്കും മുകളിൽ നിൽക്കുന്നു എന്നതുകൂടിയാകുമ്പോൾ വിപണിയിൽ ഡോമിനർ 250 ചലനം സൃഷ്ടിക്കും. 

Vehicle provided by : Royal Bajaj, Kottayam Ph- 9745732168, Riding Gear Provided By: Auto Queen, KochiPh- 9847373966

English Summary: Bajaj Dominar 250 Test Ride

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA