ADVERTISEMENT

150,160,180,200 – അത്‌ലറ്റിക്സിലെ മത്സരത്തിന്റെ ക്രമം പോലെയാണ് ഇരുചക്രവാഹന വിപണിയിലെ സെ‌ഗ്‌മെന്റുകൾ. അതിൽത്തന്നെ വിരലിലെണ്ണിയാൽ തീരാത്തത്ര മോഡലുകളുമുണ്ട്. 150 സിസി ബൈക്കുകൾക്കു മുകളിലുള്ള മോഡലുകൾക്കു നാട്ടിൽ ഒരു വിളിപ്പേരുണ്ട്–സ്പോർട്സ് ബൈക്ക്. സംഭവം സ്പോർട്സ് ബൈക്കല്ലെങ്കിലും നാട്ടാർക്കതു സ്പോർട്സ്ബൈക്കാണ്. പൾസർ അരങ്ങേറിയതും യൂണിക്കോൺ വന്നതുമെല്ലാം 150 സിസി എൻജിനുമായായിരുന്നു. പിന്നീട് 150 സിസിയിൽ നിന്നെല്ലാം അവർ അപ്ഗ്രേഡ് ചെയ്തു. വിപണിയിലെ മറ്റു മോഡലുകളും ഇതേ പാതയിൽത്തന്നെയാണ്. ബജാജ് എൻഎസ്, ടിവിഎസ് അപ്പാച്ചെ, ഹീറോ എക്സ്ട്രീം എന്നിങ്ങനെ ഭൂരിപക്ഷം പേരും എൻജിൻ ശേഷി കൂട്ടി വിപണിയിൽ സജീവമായി നിൽക്കുന്നവരാണ്. ഇതേ റൂട്ടിൽ‌ത്തന്നെ ഹോണ്ടയുടെ ഹോണറ്റും ഹോണടിച്ചെത്തിയിരിക്കുന്നത്്. 183 സിസി എൻജിനുമായെത്തിയ ഹോണറ്റിൽ ഒന്നു കറങ്ങിവരാം.

honda-cb-hornet-1

പുതിയ പ്ലാറ്റ്ഫോം

160 ഹോണറ്റിൽനിന്നും പേരും അഗ്രസീവ് ലുക്കും മാത്രമേ പുതിയ ഹോണറ്റ് കടമെടുത്തിട്ടുള്ളൂ എന്നു പറയുന്നതാണ് ശരി. പ്ലാറ്റ്ഫോമും ബോഡിപാർട്സുകളുമെല്ലാം പുതുപുത്തനാണ്. ശരിക്കും പറഞ്ഞാൽ രാജ്യാന്തര വിപണിയിലുള്ള ഹോണ്ടയുടെ സിബി190 ആറിന്റെ തനിപ്പകർപ്പാണ് ഹോണറ്റ് 2.0. ആദ്യ നോട്ടത്തിൽ കണ്ണുടക്കുക പ്രീമിയം ബൈക്കുകളിൽ കണ്ടിട്ടുള്ള സ്വർണനിറം പൂശിയ വലിയ മുൻ യുഎസ്ഡി ഫോർക്കിലാണ്. ഇതിനൊപ്പം മസ്കുലർ ടാങ്കും തടിച്ച ടയറുകളും മുന്നോട്ടാഞ്ഞുള്ള നിൽപ്പും കൂടിയാകുമ്പോൾ പക്കാ സ്ട്രീറ്റ്ഫൈറ്റർ ലുക്കാണ് ഹോണറ്റിന്. 

സ്പോർട്ടി ഫീൽ നൽകുന്ന വക്കുകളും വരകളും ബോഡിയിലുടനീളമുണ്ട്; ടാങ്ക് സ്കൂപ്, എൻജിൻ കൗൾ, ടെയിൽ പാനൽ, ഹെഡ്‌ലാംപ് കൗൾ എന്നിവയിലൂടെ കണ്ണോടിച്ചാൽ മതി. ടാങ്കിനു വലുപ്പം ഉണ്ടെങ്കിലും 12 ലീറ്ററേ കപ്പാസിറ്റിയുള്ളൂ.  എക്സ് ആകൃതിയിലുള്ള ടെയിൽ ലൈറ്റ് 160 ഹോണറ്റിനെ ഒാർമിപ്പിക്കുന്നു. ടെയിൽ പാനലിലെ എയർവെന്റ് ഡിസൈൻ കൊള്ളാം. നീളം കുറഞ്ഞ സൈലൻസറാണ്. വലിയ ടയർ പിന്നിൽനിന്നുള്ള കാഴ്ചയിൽ ബിഗ്ബൈക്ക് ഫീൽ നൽകുന്നുണ്ട്.

സിംഗിൾ പീസ് ഹാൻഡിൽ ബാറാണ്.അധികം കുഴിവില്ല. എന്നാൽ തീർത്തും പരന്നതുമല്ല. നിവർന്നിരിക്കാവുന്ന റൈഡിങ് പൊസിഷനാണ്. പക്ഷേ, ഫുട്പെഗ്ഗുകൾ അൽപം പിന്നിലേക്കിറക്കിയിരിക്കുന്നതിനാൽ സ്പോർട്ടി ഫീലാണ് കൂടുതൽ കിട്ടുന്നത്. എന്നു കരുതി അധികം മുന്നോട്ടാ​ഞ്ഞിരിക്കണ്ട. ലോങ് റൈഡിൽ കൂളായി ഇരിക്കാം. പ്രീമിയം ബൈക്കുകളിൽ കാണുന്ന തരത്തിൽ ടാങ്കിലാണ് കീ ഇടാനുള്ള ഇഗ്‌നീഷൻ സ്ലോട്ട്. ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. ഇതിലെ പ്രകാശം 5 തരത്തിൽ ക്രമീകരിക്കാം. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, രണ്ട് ട്രിപ് മീറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ എന്നിവയെല്ലാം കൺസോളിലുണ്ട്. എൻജിൻ കിൽ സ്വിച്ചിനു താഴെ ഹസാർഡ് ലൈറ്റ് സ്വിച്ച് നൽകിയിട്ടുണ്ട്. മൊത്തത്തിൽ ഡിസൈനിനെക്കുറിച്ചു പറഞ്ഞാൽ ഉഗ്രൻ. 180 സിസി സെഗ്‌മെന്റിലെ മസിൽമാൻ എന്നു വിശേഷിപ്പിക്കാം. എന്താണു പോരായ്മ എന്നു ചോദിച്ചാൽ ബോഡി പാനലിന്റെ ക്വാളിറ്റിയും 100 സിസി ബൈക്കുകളുടേതുപോലുള്ള മിററും നിരാശപ്പെടുത്തി. 

honda-cb-hornet-2

ടോർക്കി എൻജിൻ

184. 4 സിസി സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇൻജക്റ്റഡ് എൻജിനാണ്. മുൻ മോഡലിനെക്കാളും 22 സിസി കൂടുതലുണ്ട്. 2 വാൽവ് എയർകൂൾഡ് എൻജിന്റെ കൂടിയ കരുത്ത് 17.3 ബിഎച്ച്പിയാണ്. ടോർക്ക് 16.1 എൻഎമ്മും. അപ്പാച്ചെ 160, എൻ‌എസ് 160 എന്നിവരെക്കാളും പവറിലും ടോർക്കിലും മുൻതൂക്കമുണ്ട് ഹോണറ്റ് 2.0യ്ക്ക്. എന്നാൽ ഇവരുടെ 200 സിസി മോഡലുകളുമായി തട്ടിച്ചാൽ അൽപം പുറകിലാണുതാനും. 160 സിസി–200 സിസി മോഡലുകളോടു ഏറ്റുമുട്ടാൻ കെൽപ്പുണ്ട് പുതിയ ഹോണറ്റിനെന്നു സാരം. വളരെ സ്മൂത്താണ് എൻജിൻ. മറ്റു ഹോണ്ട ബൈക്കുകളുടേതുപോലുള്ള എക്സോസ്റ്റ് നോട്ട്. ഉയർന്ന ആർപിഎമ്മിലെ നേരിയ വൈബ്രേഷൻ വേണമെങ്കിൽ പറയാമെന്നു മാത്രം. കാര്യമായി എടുക്കേണ്ടതില്ല. നല്ല ടോർക്കി എൻജിനാണ്. കുറഞ്ഞ ആർപിഎമ്മിൽ തന്നെ നല്ല പുള്ളിങ് കിട്ടുന്നുണ്ട്. മിഡ് റേഞ്ചിലെ പ്രകടനം മികച്ചതെന്നു പറയാം. മൂന്നക്ക വേഗം കയറിയിട്ടും അതു ഫീൽ ചെയ്യുന്നില്ല. ഈ വേഗത്തിലും കൂളാണ് കക്ഷി. 

ഹാൻഡ്‌ലിങ്ങിൽ ഹോണറ്റ് അദ്ഭുതപ്പെടുത്തും. ഈ വിഭാഗത്തിൽ മികച്ചത് എന്നു തോന്നിപ്പിക്കുന്ന പ്രകടനം. പെട്ടെന്നുള്ള ദിശ മാറ്റത്തിലും വേഗത്തിലുള്ള കോർണറിങ്ങിലും നല്ല നിയന്ത്രണം കിട്ടുന്നുണ്ട്. വലിയ പിൻ ടയർ വളവുകളിൽ നൽകുന്ന അത്മവിശ്വാസം ചെറുതല്ല. ലൈറ്റാണോ എന്നു ചോദിച്ചാൽ അല്ല. കട്ടിയേറിയതാണോ എന്നാൽ അതുമല്ല. ഇതിനിടയിലുള്ള ട്യൂണിങ്ങാണ് സസ്പെൻഷനുള്ളത്. നല്ല റൈഡ് ക്വാളിറ്റി. വലിയ കുണ്ടും കുഴിയുമൊക്കെ ഈസിയായി കയറിയിറങ്ങുന്നുണ്ട്. യുഎസ്ഡി ഫോർക്കും മോണോ ഷോക്കും ഇക്കാര്യത്തിൽ ഉഗ്രൻ പെർഫോമൻസാണ് കാഴ്ചവയ്ക്കുന്നത്.  ഷോർട് ഗിയർ സെറ്റപ്പുള്ള 5 സ്പീഡ് ഗിയർബോക്സാണ്. മാറ്റങ്ങൾ കൃത്യതയുള്ളത്. ലൈറ്റ് ക്ലച്ച് റൈഡ് ആയാസരഹിതമാക്കുന്നു. 

ഫൈനൽ ലാപ്

200 സിസിക്കു താഴെ പെർഫോമൻസും സ്പോർട്ടി ലുക്കുമുള്ള അത്യാവശ്യം ദീർഘദൂരയാത്രയ്ക്കുതകുന്ന ബൈക്ക് തേടുന്നവർക്കുള്ളതാണ് ഹോണറ്റ്. അൽപം തടി കൂടുതലുള്ളവർക്ക് പരിഗണിക്കാവുന്ന മോഡലും കൂടിയാണ് ഹോണറ്റ്.

English Summary: Honda CB Hornet Test Ride Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com