ADVERTISEMENT

മത്സരാർഥികൾ കൂടിയാൽ നല്ല മത്സരം കാണാം. എന്നും ഒരാൾ തന്നെ വിജയിക്കുന്ന മത്സരത്തിന് ആളു കാണില്ലല്ലോ. അതുകൊണ്ട് പുറത്തുനിന്നു ആളെത്തിയാലേ കളം ഒന്നു കൊഴുക്കൂ. ഇന്ത്യൻ ക്യൂസർ വിപണിയിലെ മല്ലനായ റോയൽ എൻഫീൽഡിനെ മലർത്തിയടിക്കുമെന്നു പറഞ്ഞ് കടലു കടന്നെത്തിയ പുതിയ താരമാണ് ഹോണ്ടയുടെ ഹൈനസ്. എത്തി മസിൽപ്പെരുപ്പൊക്കെ കാണിച്ചപ്പോഴേ കാണികൾ രണ്ടു ചേരികളായിക്കഴിഞ്ഞു. ഹൈനസ് പോലൊരു മോഡലിനെയാണ് ഞങ്ങൾ കാത്തിരുന്നത്. സംഭവം കിടുക്കും എന്നൊരു പക്ഷം. ആരു വന്നാലും എൻഫീൽഡിന്റെ തട്ട് താണുതന്നെയിരിക്കുമെന്നു മറുപക്ഷം.  സത്യത്തിൽ ഹൈനസ് എൻഫീൽഡ് ക്ലാസിക്കിനെ മലർത്തിയടിക്കുമോ? നോക്കാം.

ക്ലാസ് ലുക്ക്

ട്രയംഫ് സ്ട്രീറ്റ് ട്വിൻ, ടി100 എന്നീ മോഡേൺ ക്ലാസിക്കുകളുടെ ഡിസൈനോടു സാമ്യമുളള രൂപവടിവാണ് ഹൈനസിന്റെ പ്ലസ് പോയിന്റ്. ഇതു കോപ്പിയടിയല്ലേ എന്നു ചോദിക്കുന്നവർ ഗൂഗിളിൽ ഒന്നു പരതിയാൽ സിബി 350യുടെ പാരമ്പര്യം മനസ്സിലാക്കാൻ കഴിയും.

honda-hness4

 

അറുപതുകളിലെയും എഴുപതുകളിലെയും ജാപ്പനീസ് ക്ലാസിക് ഹിറോകളുടെ വിജയഗാഥയിൽ ഊന്നിത്തന്നെയാണ് വരവ്. സിബി 750 യുടെ ഡിസൈനോടാണ് ഹൈനസിനു കൂടുതൽ സാമ്യം. രണ്ടു വേരിയന്റുകളാണുള്ളത്. ഡിഎൽഎക്സ്, ഡിഎൽഎക്സ് പ്രോ. ടെസ്റ്റ് റൈഡ് ചെയ്യുന്നത് 

ഡിഎൽഎക്സ് പ്രോ. 

honda-hness1

ആദ്യ കാഴ്ചയിൽ ആഹാ എന്നു പറയിക്കുന്ന ഘടകങ്ങൾ ഒട്ടേറെ. അതിൽ പ്രധാനം വലിയ ഫ്യൂവൽ ടാങ്ക് തന്നെ. ടാങ്കിലെ ഹോണ്ട ലോഗോ നോക്കൂ. എൺപതുകളിലെ മോഡലുകൾ ഒാർമവരും. 15 ലീറ്റർ കപ്പാസിറ്റിയുണ്ട് ടാങ്കിന്. പ്രധാന എതിരാളിയായ ക്ലാസിക് 350 ന് 13.5 ലീറ്റർ മാത്രം. ടോപ് മോഡലായ ഡിഎൽഎക്സ് പ്രോയിൽ ഡ്യുവൽ ടോൺ ഫിനിഷാണ്. ക്രോം ഫിനിഷിന്റെ തിളക്കം കാഴ്ചയിൽ വിന്റേജ് ലുക്ക് കൂട്ടുന്നു. 

ഹെഡ്‌ലാംപ്, മീറ്റർ കൺ‌സോൾ മിററുകൾ, മുൻ പിൻ ഫെൻ ഡർ സൈലൻസർ എന്നിവയെല്ലാം വെട്ടിത്തിളങ്ങിയാണ് നിൽക്കുന്നത്. എൻജിൻ ഫിന്നുകളിലെ ക്രോം ഫിനിഷ് കറുപ്പിനിടയിൽ നൽകുന്ന എടുപ്പ് ഒന്നു വേറെതന്നെ. എൽഇഡിയാണ് ലൈറ്റുകളെല്ലാം. വൈ ആകൃതിയിലുള്ള അലോയ് വീലുകളാണ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും. മഡ്ഗാർഡും ടയറും തമ്മിലുള്ള അകലമെല്ലാം പെർഫെക്ട്. കാഴ്ചയിൽ ചെറിയൊരു അഭംഗിപോലുമില്ല.  ഉയർന്ന വീതിയുള്ള ഹാൻഡിൽ ബാറാണ്. സീറ്റ് ഒറ്റപ്പീസാണ്. കാഴ്ചയിൽ നീളക്കുറവു തോന്നുമെങ്കിലും രണ്ടുപേർക്ക് സുഖമായി ഇരിക്കാം. മൊത്തത്തിൽ ഡിസൈനെക്കുറിച്ചു പറഞ്ഞാൽ സൂപ്പർ. ഫിറ്റ് ആൻഡ് ഫിനിഷ് കേമം. പ്രത്യേകിച്ച് പെയിന്റ് ക്വാളിറ്റി. 

ഫീച്ചേഴ്സ്

honda-hness3

ക്ലാസിക് ക്രൂസർ ബൈക്കിനെന്തു ഫീച്ചേഴ്സ് എന്നാണോ? എങ്കിൽ തെറ്റി. ക്ലാസിക്കിനൊപ്പം മോഡേൺ ഘടകങ്ങളും കൂട്ടിയിണക്കിയാണ് ഹൈനസിന്റെ വരവ്. ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോളാണ്. ഡിഎൽഎക്സ് പ്രോ വേരിയന്റിൽ ഹോണ്ടയുെട സ്മാർട് വോയ്സ് കൺട്രോൾ സിസ്റ്റമുണ്ട്. ബ്ലൂടൂത്ത് വഴി സ്മാർട് ഫോൺ കണക്ട് ചെയ്യാം.

 

ഇന്‍കമിങ് കോൾ, മെസേജ് എന്നിവ കൺസോളിലൂടെ അറിയാൻ കഴിയും മാത്രമല്ല ഹോണ്ട ആപ് ഡൗൺലോഡ് ചെയ്താൽ മ്യൂസിക് പ്ലേ ചെയ്യാം. ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനു താഴെ ഫോൺ ചാർജ് ചെയ്യാനുള്ള പോർട്ടുണ്ട്. സി പോർട്ടാണെന്നു മാത്രം. 

എൻജിൻ

honda-hness2

ഇതാണല്ലോ മുഖ്യം. എൻജിനെക്കുറിച്ചറിയുന്നതിനു മുൻപ് ശബ്ദം എങ്ങനുണ്ടെന്നറിയാനായിരിക്കും ഭൂരിപക്ഷത്തിന്റെയും ആഗ്രഹം. സൗണ്ട് അത് ഒരു രക്ഷയുമില്ല. നല്ല ബേസുള്ള കിടിലൻ ശബ്ദം. ഒച്ച പോര എന്നു പറഞ്ഞ് ആക്സസറി ഷോപ്പിലേക്കു പോയി കാശ് കളയണ്ട. ക്ലാസിക് 350 യെക്കാളും ഉഗ്രൻ ശബ്ദമാണ്. 

348. 36 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ്. കൂടിയ പവർ 5500 ആർപിഎമ്മിൽ 20.8 ബിഎച്ച്പി.ടോർക്ക് 3000 ആർപിഎമ്മിൽ 30 എൻഎം. (റോയൽ എൻഫീൽഡ് ക്ലാസിക്കിന്റെ കൂടിയ പവർ 19.8 ബിഎച്ച്പി. ടോർക്ക് 28 എൻഎം). 

ടോർക്ക് തന്നെയാണ് ഹൈനസ്സിന്റെ ഹൈലൈറ്റ്. വൈബ്രേഷൻ ഇല്ലെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. െഎഡിലിങ്ങിൽ മിററിൽ ചെറിയൊരു തരിപ്പു പോലുമില്ല. വൈബ്രേഷൻ കുറയ്ക്കാനായി ബാലൻസർ ഷാഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ നൽകിയിട്ടുണ്ട്.

റൈഡ് വളരെ കൂളാണ്. നിവർന്ന് സുഖമായി ഇരിക്കാം. മിഡ് സെറ്റ് ഫുട്പെഗ്ഗുകളും ഉയർന്ന ഹാൻഡിൽ ബാറും കുഷനുള്ള സീറ്റും റൈഡ് ഈസിയാക്കുന്നു. ലോ എൻഡിൽ കിടിലൻ ടോർക്കാണ്. ത്രോട്ടിൽ തിരിവിനോട് ക്ഷണ പ്രതികരണമുണ്ട്. മിഡ് റേഞ്ചിൽ സൂപ്പർ റൈഡാണ് ഹൈനസ് സമ്മാനിക്കുന്നത്. 5 സ്പീഡ് ഗിയർബോക്സാണ്. മാറ്റങ്ങൾ ലളിതം. സൈഡ് സ്റ്റാൻഡ് വാണിങ് ലൈറ്റുണ്ട്. ഒപ്പം എൻജിൻ ഇൻഹിബിറ്ററും. അതായത്, സൈഡ് സ്റ്റാൻഡ് നിവർന്നാൽ എൻജിൻ കട്ടാകും.പുതിയ ക്രാഡിൽ ഫ്രെയിമാണ്. റൈഡ് ക്വാളിറ്റി കൊള്ളാം. ഉയർന്ന വേഗത്തിൽ നല്ല സ്ഥിരതയുണ്ട്. 

 

166 എംഎം ഗ്രൗണ്ട് ക്ലിയറൻസ് പ്ലസ് പോയിന്റുകളിലൊന്ന്. ടെൻഷനില്ലാതെ റോഡിന്റെ കട്ടിങ് ചാടിക്കാം. കുണ്ടു കുഴിയും അനായാസം കയറിഇറങ്ങുകയും ചെയ്യും. സൈലൻസറിന്റെ പിന്നഗ്രം ഉയർന്നിരിക്കുന്നതുകൊണ്ട് തട്ടുമെന്ന പേടിയും വേണ്ട. ഹോണ്ടയുടെ സിലക്ടബിൾ ടോർക്ക് കൺട്രോൾ സംവിധാനമുണ്ട്. അതായത്, ട്രാക്‌ഷൻ കൺട്രോൾ. മുൻപിൻ വീലുകൾ തമ്മിലുള്ള വേഗവ്യത്യാസം മനസ്സിലാക്കി എൻജിന്റെ ടോർക്ക് വാഹനം തനിയെ നിയന്ത്രിച്ചുകൊള്ളും. സ്ലിപ്പർ ക്ലച്ച് സാങ്കേതികവിദ്യയുണ്ട്.

 

ബ്രേക്കിങ് കൃത്യതയുള്ളത്. മുന്നിലും പിന്നിലും ഡിസ്ക്കാണ്. ഒപ്പം ഡ്യൂവൽ ചാനൽ എബിഎസും. റൈഡിൽ എന്തെങ്കിലും നെഗറ്റീവ് ഉണ്ടോ എന്നു ചോദിച്ചാൽ പറയാവുന്ന ഒരു പ്രശ്നം ടോപ് ഗിയറിൽ ക്ലാസിക് 350 യിൽ പോകുന്ന കുറഞ്ഞ വേഗത്തിൽ ഹൈനസ് ഒാടില്ല എന്നതാണ്. ടോപ് ഗിയറിൽ 60 കിലോമീറ്ററിനു താഴേക്കു വല്യപാടാണ്. ഡൗൺ ചെയ്യേണ്ടി വരും. അതു മാത്രമാണ് നെഗറ്റീവായി തോന്നിയത്.

ഫൈനൽ ലാപ് 

സൂപ്പർ ഫിറ്റ് ആൻഡ് ഫിനിഷ്, റിലാക്സ്ഡ് റൈഡ്, റിഫൈൻഡ് എൻജിൻ. നൂതന ഫീച്ചേഴ്സ് എന്നിവയാണ് ഹൈനസിന്റെ ഹൈലൈറ്റ്. ദീർഘദൂര യാത്ര ഇഷ്ടപ്പെടുന്ന ക്രൂസർ ബൈക്കിൽ ചുറ്റിയടിക്കണമെന്നു മോഹിക്കുന്നവർക്ക് ഇണങ്ങിയ മോഡൽ.

 

English Summary: Honda Hiness Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com