ADVERTISEMENT

റോയൽ എൻഫീൽഡിന്റെ ഹിമാലയനോടെന്താ ഇത്ര സ്നേഹം? ഹിമാലയനെ പൊക്കിപ്പറയുന്നതിൽ ലേശം അമർഷം പൂണ്ട സുഹൃത്തിന്റെയാണ് ചോദ്യം. ഡൽഹി–ചണ്ഡിഗഡ്–മണാലി–ലേ 2016 ൽ, ലേ– കർദുങ്‌ലാ–റോത്താങ്–സർച്ചു – മണാലി– ചണ്ഡിഗഡ് 2019 ൽ. അതേ വർഷം തന്നെ ഗോവയിൽനിന്നു കോസ്റ്റൽ റൂട്ടിലൂടെ കന്യാകുമാരിയിലേക്ക്. ഈ മൂന്നു യാത്രയിലും സഹചാരിയായിരുന്നത് റോയൽ എൻഫീൽഡ് ഹിമാലയനായിരുന്നു. യാത്രയിൽ ഒരിടത്തുപോലും ഹിമാലയൻ പണി തന്നിട്ടില്ല. വഴിയുണ്ടോ എന്നു ചോദിച്ചാൽ അതെന്താ സംഭവം എന്നു ചോദിച്ചുപോകുന്ന ഇടങ്ങളീലൂടെ ചങ്കായി കൂടെ നിന്ന ഹിമാലയനെ എങ്ങനെ മറക്കും ഇഷ്ടപ്പെടാതിരിക്കും? 

അതുകൊണ്ടുതന്നെ ഹിമാലയത്തോളം ഇഷ്ടമാണ് റോയൽ എൻഫീൽഡിന്റെ ഈ അഡ്വഞ്ചർ ക്രൂസറിനോട്. മുൻ മോഡലിലെ പരാതികൾ പരിഹരിച്ച് പുതിയ ഫീച്ചറുകളും പുതിയ ബിഎസ്6 എൻജിനുമൊക്കെയായാണ് 2021 മോ‍ഡലിന്റെ വരവ്. വിശദമായ ടെസ്റ്റ് റൈഡിലേക്ക്...

himalayan-3

മാറ്റം എന്തൊക്കെ?

രൂപത്തിൽ കാര്യമായ മാറ്റമില്ല. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് ഉൾക്കൊണ്ട് ഒന്നു രണ്ടു മാറ്റങ്ങൾ. ടാങ്കിനു വശത്തായി നൽകിയ ഫ്രെയ്മുകളുടെ നീളം കുറച്ചു. ഉയരം കൂടിയ ആളുകളുടെ കാൽമുട്ട് ഇതിൽ തട്ടുന്നു എന്ന പരാതി ഉയർന്നതിനാലാണ് ഈ മാറ്റം. മീറ്റിയോറിൽ ഉള്ള ട്രിപ്പർ നാവിഗേഷൻ കൊണ്ടുവന്നതാണ് മറ്റൊരു പുതുമ. ട്രിപ്പ് പോകുന്നവർക്ക് ഏറ്റവും ഗുണപ്പെടുന്ന ഫീച്ചറാണിത്. റോയൽ എൽഫീൽഡിന്റെ മൊബൈൽ ആപ്ലിക്കേഷനും ബ്ലൂടൂത്തും വഴിയാണ് കണക്‌ഷൻ. ടേണ്‍ ബൈ ടേൺ നാവിഗേഷനാണ്. ഫോൺ മെസേജോ കോൾ അലേർട്ടോ പോലുള്ള വിവരങ്ങൾ ഈ ഡയലിൽ ലഭ്യമല്ല. ഒരു മീറ്ററും കൂടി വന്നതോടെ വൈസറും നവീകരിക്കേണ്ടതായി വന്നു. പഴയമോഡലിൽ ഉള്ളതിനെക്കാളും വീതിയും അൽപം നീളവും കൂടിയതാണ് പുതിയ വൈസർ. 

പൂർണമായും സുതാര്യമായ ടൈപ്പ് മാറ്റി ടിൻഡഡ് ആണിത്. എന്നിരുന്നാലും മുൻ കാഴ്ചയ്ക്ക് തടസ്സമൊന്നുമില്ല. പിന്നിലെ ലഗേജ് റാക്കിന്റെ ഉയരം കുറച്ചതാണ് മറ്റൊരു മാറ്റം. മാത്രമല്ല, മെറ്റൽ പ്ലേറ്റും ഇതിനൊപ്പം നൽകിയത് ലഗേജ് വയ്ക്കാൻ കൂടുതൽ സൗകര്യമായി. സീറ്റിന്റെ കുഷൻ മുൻമോഡലിനെക്കാളും നന്നായിട്ടുണ്ട്. ഫോം മാറ്റി. മാർദവം കൂടി. ദീർഘദൂരയാത്രയിൽ കംഫർട്ട് കൂടുതലുണ്ട് ഇപ്പോൾ. 

himalayan-6

മിറാഷ് സിൽവർ, പൈൻ ഗ്രീൻ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ പുതിയ മൂന്നു നിറങ്ങളുമായാണ് 2021 മോഡൽ ഹിമാലയന്റെ വരവ്. മൊത്തത്തിൽ ഫിറ്റ് ആൻഡ് ഫിനിഷ് നോക്കിയാൽ കൊള്ളാം. മുൻ മോഡലുമായി വലിയ അന്തരമൊന്നും പറയാനില്ല. കസ്റ്റമൈസ് ചെയ്യുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ആക്സസറീസിന്റെ നിരയുമുണ്ട്. 

പെർഫോമൻസ്

ബിഎസ്6 നിലവാരത്തിലുള്ള 411 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ്. നേരത്തേ നിരത്തിലെത്തിയ ബിഎസ്6 മോഡലിൽനിന്ന് എൻജിനിൽ മാറ്റമൊന്നുമില്ല. കൂടിയ പവർ 24 ബിഎച്ച്പി. ടോർക്ക് 32 എൻഎം. 

80–90 കിലോമീറ്റർ വേഗത്തിൽ ക്രൂസ് ചെയ്യാൻ കിടുവാണ് ഹിമാലയൻ. സ്പീഡോമീറ്റർ സൂചി 100–120 വേഗത്തിലേക്കു കയറുമ്പോൾ ചെറിയ വൈബ്രേഷൻ കയറിവരുന്നുണ്ട്. ലോങ് സ്ട്രോക്ക് എൻജിനാണ്. നല്ല ലോ എൻഡ് ടോർക്കും റൈഡ് രസമുള്ളതാക്കുന്നു. 2000 ആർപിഎമ്മിനുമുകളിൽ നല്ല കിക്ക് കിട്ടുന്നുണ്ടെങ്കിലും മിഡ്റേഞ്ചിലെ പെർഫോമൻസാണ് പവർഫുൾ. അടിക്കടിയുള്ള ഗിയർ മാറ്റം വേണ്ടി വരുന്നില്ല. 5 സ്പീഡ് ട്രാൻസ്മിഷനിൽ കാര്യമായ പരിഷ്കാരമൊന്നും ഇല്ല. പഴയപടിതന്നെ. മീറ്റിയോറിലെ ട്രാൻസ്‌മിഷന്റെ പോലെ സ്മൂത്താക്കിയിരുന്നെങ്കിൽ കിടുക്കിയേനെ. ഡ്യൂവൽ ചാനൽ എബിഎസ് ഉണ്ട്. ഒാഫ്റോഡിങ്ങിൽ പിന്നിലെ എബിഎസ് ഒാഫ് ചെയ്യാനുള്ള ഒാപ്ഷനുമുണ്ട്. 

himalayan-2

ടെസ്റ്റേഴ്സ് നോട്ട്

ഹൈവേയെന്നോ നാട്ടുവഴിയെന്നോ  കുന്നോ മലയെന്നോ നോക്കാതെ മനസ്സെത്തുന്നിടത്തു കൂടെ നിൽക്കാൻ ഒരു ഇരുചക്രം വേണമെന്നുണ്ടെങ്കിൽ പോക്കറ്റ് കാലിയാക്കാതെ ഹിമാലയൻ കൂടെ നിൽക്കും. വില ₨1.97 ലക്ഷം മുതൽ ₨ 2.60 ലക്ഷം വരെ.

English Summary: Royal Enfield Himalayan 2021 Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com