ADVERTISEMENT

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾ വിറ്റഴിയുന്ന 100–125 സിസി കമ്യൂട്ടർ വിഭാഗത്തിൽ പുതിയൊരു മോഡലുമായി ടിവിഎസ് എത്തിയിരിക്കുകയാണ്. ഹോണ്ടയും ഹീറോയും അടക്കി വാഴുന്ന ഈ വിഭാഗത്തിൽ ഞെട്ടിക്കാനുള്ള വകയുമായാണ് ടിവിഎസിന്റെ റെയ്ഡർ എന്ന മോഡൽ രംഗപ്രവേശം നടത്തിയിരിക്കുന്നത്. 

ഡിസൈൻ

കാഴ്ചയിൽ റൈഡർ ഒരു 125 സിസി മോഡലാണെന്നു പറയില്ല. 150 സിസിയോ അതിനു മുകളിലോ ആണെന്നേ തോന്നൂ. അത്രയും മികച്ച ഡിസൈനാണ്. അപ്പാച്ചെയുടെ ചെറുപതിപ്പെന്നു വിശേഷിപ്പിക്കാം. 125 സിസി മോഡലല്ലേ, ക്വാളിറ്റി അത്രയ്ക്കൊന്നും കാണില്ല എന്നു വിചാരിച്ചാൽ തെറ്റി. ക്വാളിറ്റിയാണ് റെയ്ഡറിന്റെ മുഖമുദ്ര. ബ്രേക്ക്– ക്ലച്ച് ലിവർ നോക്കിയാൽത്തന്നെ അക്കാര്യം പിടികിട്ടും. നേക്കഡ് സ്പോർട് ഡിസൈനാണ്. ഷാർപ്പായ വക്കുകളും വരകളുമേറെയുള്ള ബോഡി പാനലുകൾ. മസിൽ ലുക്കുള്ള ടാങ്ക്. ഗ്രാഫിക്സിന്റെ അത്യാഡംബരങ്ങളില്ല. ടാങ്ക് സ്കൂപ്പിൽ ടിവിഎസ് ലോഗോയും സൈഡ് പാനലിൽ റെയ്ഡർ എന്ന എഴുത്തും മാത്രം. കൊത്തിയെടുത്തതുപോലുള്ള ടാങ്കിന്റെ മുകളിൽ കറുപ്പു നിറത്തിൽ ഒരു സ്ട്രിപ് നൽകിയിട്ടുണ്ട്. കാണാൻ ഭംഗി നൽകുന്നതിനൊപ്പം ടാങ്കിനുമുകളിൽ പോറൽ വീഴുന്നത് ഇതു തടയും. 

tvs-raider-125-4

ടെയിൽ പാനലിനും ഗ്രാബ് റെയിലിനും സിൽവർ ഗ്രേ നിറമാണ്. ടാങ്ക്സ്കൂപ്പിന്റെ ഒരു ഭാഗത്തിനും ഈ നിറം നൽകിയിട്ടുണ്ട്. കാഴ്ചയിൽ പ്രീമിയം ഫീൽ നൽകുന്നതിൽ ഈ കളർ സ്കീം വിജയിച്ചിട്ടുണ്ട്. വിഭജിച്ച സീറ്റാണ്. റൈഡർ സീറ്റിന്റെ പിന്നറ്റം മുതൽ ഗ്രാബ് റെയിൽ തുടങ്ങുന്നത് പുതുമയുണ്ട്.  എടുത്തു നിൽക്കുന്ന ഹെ‍ഡ്‌ലൈറ്റാണ് മുന്നിൽനിന്നുള്ള നോട്ടത്തിൽ ആദ്യം ശ്രദ്ധയിൽപെടുക. തുമ്പിയുടെ മുഖം പോലുണ്ട്. സി ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപ് കാഴ്ചയിൽ നല്ല രസമുണ്ട്. പുതിയ അപ്പാച്ചെ 200 ഫോർ വിയെ അനുസ്മരിപ്പിക്കുന്നുണ്ട് ഹെ‌ഡ്‌ലാംപ് യൂണിറ്റ്. ചെറിയ എൽഇഡി ടെയിൽ ലാംപ് കാണാൻ ക്യൂട്ടാണ്. ബോഡി കളറിലുള്ള ബെല്ലിപാൻ സ്പോർട്ടിനെസ് കൂട്ടുന്നു. അണ്ടർ സീറ്റ് സ്റ്റോറേജും ടാങ്കിൽ ഫ്യൂവൽ ഫില്ലർ ക്യാപ്പിനു മുന്നിലായി യുഎസ്ബി പോർട്ടും നൽകിയിട്ടുണ്ട്. 

നെഗറ്റീവ് ഡിസ്പ്ലേയോടുകൂടിയ മൾട്ടികളർ ഡിജിറ്റൽ മീറ്റർ കൺസോളാണ്. ഗിയർപൊസിഷൻ, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ടോപ് സ്പീഡ് റിക്കോർഡർ, ശരാശരി ഇന്ധനക്ഷമത, ഉള്ള ഇന്ധനംകൊണ്ട് എത്രദൂരം ഒാടും എന്നീ വിവരങ്ങൾ കൺസോളിൽനിന്നറിയാം. 

tvs-raider-125-3

എൻജിൻ

124.8 സിസി 3 വാൽവ് എൻജിനാണ്. എൻടോർക്കിന്റെ എൻജിനുമായി സാമ്യം പറയാമെങ്കിലും എൻജിൻ പൂർണമായും പുതിയതാണ്.  7500 ആർപിഎമ്മിൽ 11.38 ബിഎച്ച്പിയാണ് കൂടിയ പവർ. ടോർക്ക് 6000 ആർപിഎമ്മിൽ 11.2 എൻഎം. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററുമായെത്തുന്ന (െഎഎസ്ജി) ആദ്യ ടിവിഎസ് ബൈക്ക് എന്ന സവിശേഷതയും റെയ്ഡറിനുണ്ട്. സാധാരണ ബൈക്കുകളുടെ സ്റ്റാർട്ടർ മോട്ടറിനെക്കാളും വളരെ സൈലന്റ് ആണ് ഇതിലെ മോട്ടർ. ഒാട്ടോ സ്റ്റാർട്ട്– സ്റ്റോപ് സംവിധാനവും പുതിയ റൈഡറിലുണ്ട്. െഎഡിലിങ്ങിൽ കൂടുതൽ നേരം നിന്നാൽ എൻജിൻ ഒാഫാകുന്ന സംവിധാനമാണിത്. ഇന്ധനക്ഷമത കൂട്ടാനുള്ള സാങ്കേതികവിദ്യയാണിത്. കൊച്ചിയിലെ നഗരത്തിരക്കിൽ ഇതിന്റെ ഗുണം മനസ്സിലാക്കാൻ കഴിഞ്ഞു. 

tvs-raider-125-1

ഇക്കോ, പവർ എന്നിങ്ങനെ രണ്ടു റൈഡ് മോഡുകളുണ്ട്. രണ്ടു മോഡും തമ്മിൽ പവർ ഡെലിവറിയിൽ കാര്യമായ വ്യത്യാസം അറിയാനില്ലെങ്കിലും ആർപിഎം റെവ് ലിമിറ്റിൽ ചെറിയ മാറ്റമുണ്ട്. ഇക്കോ മോഡിൽ പവർ മോഡ‍ിനെക്കാളും അൽപം റെസ്പോൺസ് കുറവാണ്. എന്നാൽ, ഇത് ഇന്ധനക്ഷമതയിൽ കാര്യമായ പുരോഗതി നൽകുന്നു. ലീറ്ററിന് 67.5 കിലോമീറ്ററാണ് ടിവിഎസിന്റെ വാഗ്‌ദാനം. പവർ മോഡിൽ മികച്ച ലോ എൻഡ് ടോർക്ക് കിട്ടുന്നുണ്ട്. 5 സ്പീഡ് ഗിയർബോക്സാണ്. മാറ്റങ്ങൾ ഈസി. റിഫൈൻഡായ എൻജിൻ. സ്മൂത്തായ പവർ ഡെലിവറി. ലോ എൻഡിലും ടോപ് എൻഡിലും മടുപ്പിക്കാത്ത പ്രകടനം റൈഡർ പുറത്തെടുക്കുന്നുണ്ട്. 0–60 വേഗത്തിലെത്താൻ 5.9 സെക്കൻഡ് സമയം മതി. സെഗ്‌മെന്റിലെ ഏറ്റവും കൂടിയ ടോർക്ക് ഡെലിവറിയും റെയ്ഡറിനാണുള്ളത്. 

പുതിയ സിംഗിൾ ഡൗൺട്യൂബ് ഷാസിയിലാണ് നിർമാണം. മുന്നിൽ 30 എംഎം ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ 5 തരത്തിൽ ക്രമീകരിക്കാവുന്ന മോണോകോക്ക് സസ്പെൻഷനുമാണ്. ഹാൻഡ്‌ലിങ്ങും നേർരേഖാ സ്ഥിരതയും മികച്ചത്. നല്ല ഇരിപ്പുസുഖമുള്ള സീറ്റാണ്. സാധാരണ 125 സിസി ബൈക്കുകളെക്കാളും അൽപം സ്പോർട്ടിയായ റൈഡിങ് പൊസിഷനാണ്. എൻഡ് വെയ്റ്റോടുകൂടിയ ഹാൻഡിലും മൃദുവായ ഹാൻഡ് ഗ്രിപ്പുകളും. മുന്നിൽ പെറ്റൽ ഡിസ്ക്കും പിന്നിൽ ഡ്രം ബേക്കുമാണ്, എബിഎസ് ഇല്ല പകരം കംബൈൻഡ് ബ്രേക്കിങ് സിസ്റ്റമാണ്. ഹെൽമറ്റ് അറ്റൻഷൻ ഇൻഡിക്കേറ്ററും സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററുമുണ്ട്. റൈഡ് സുരക്ഷിതമാക്കാനുള്ള കൺസോളിലെ ഈ വാണിങ് സിഗ്‌നലുകൾ കൊള്ളാം. മാത്രമല്ല എൻജിൻ ഒാണായിരിക്കുമ്പോൾ സൈഡ് സ്റ്റാൻഡ് നിവർന്നാൽ എൻജിൻ ഒാഫാകും.

tvs-raider-125-5

ഫൈനൽ ലാപ്

ഉയർന്ന നിർമാണ നിലവാരം, സ്പോർട്ടി ഡിസൈൻ, റിഫൈൻഡ് എൻജിൻ, നൂതന ഫീച്ചറുകൾ. ഇതൊക്കെയാണ് റെയ്ഡറിന്റെ പ്രധാന സവിശേഷതകൾ. എല്ലാത്തിനുമുപരി കാഴ്ചയിൽ ഇതൊരു 125 സിസി ബൈക്കാണെന്നു തോന്നില്ല. അതുക്കും മേലെയാണ് റെയ്ഡറിന്റെ ഡിസൈൻ. അതുതന്നെയാണ് റെയ്ഡറിന്റെ ട്രംപ് കാർഡും! 

English Summary: TVS Raider 125 Test Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT