ADVERTISEMENT

സ്കൂട്ടർ വിപണിയിൽ  ടിവിഎസിനു മേൽക്കൈ നേടിക്കൊടുത്ത മോഡലാണ് ജൂപ്പിറ്റർ. ഉയർന്ന നിർമാണ നിലവാരവും യാത്രാസുഖവും ഫീച്ചറുകളും മികച്ച ഇന്ധനക്ഷമതയുമൊക്കെയാണ് 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ജൂപ്പിറ്റർ തിളങ്ങി നിൽക്കുന്നതിന്റെ പിന്നിലെ കാരണം. ജൂപ്പിറ്റർ 125 സിസി വിഭാഗത്തിലേക്ക് കയറുകയാണ്. വിശദമായി കാണാം.

ഡിസൈൻ

ഹോണ്ട ആക്ടീവ 125, സുസുക്കി ആക്സസ് 125, ഹീറോ മാസ്ട്രോ, ഡെസ്റ്റിനി, യമഹ റേ, ഫാസിനോ  എന്നിങ്ങനെ ഒട്ടേറെ മോഡലുകൾ വിപണിയിൽ എതിരാളികളായിട്ടുണ്ട്.  ടിവിഎസിന്റെ എൻടോർക്കും ഈ വിഭാഗത്തിലാണുള്ളത്. എന്നാൽ എൻടോർക്ക്, അപ്രീലിയ തുടങ്ങിയ മോഡലുകൾ സ്പോർട്ടി പരിവേഷവുമായി യുവാക്കളെയാണ് നോട്ടമിടുന്നത്. അതുകൊണ്ടുതന്നെ അവരുടെ രൂപവും  സ്പോർട്ടിയാണ്. 

ഏതു പ്രായക്കാർക്കും ഇണങ്ങുന്ന രൂപവുമായാണ് ജൂപ്പിറ്റർ 125 എത്തിയിരിക്കുന്നത്. നല്ല വലുപ്പമുണ്ട്. എന്നാൽ ഭാരക്കുറവാണ്. സാധാരണ ജൂപ്പിറ്ററിനെക്കാളും ഒരു കിലോഗ്രാം ഭാരക്കൂടുതലേയുള്ളൂ. മെറ്റൽ ബോഡി. ക്രോമിയം ഫിനിഷിങ്ങിൽ വെട്ടിത്തിളങ്ങുന്ന സുന്ദരരൂപം. വീതിയേറിയ ക്രോം സ്ട്രിപ്പിലാണ് ഡേ ടൈം റണ്ണിങ് ലാംപുകൾ ഇണക്കിച്ചേർത്തിരിക്കുന്നത്. ഹെഡ്‌ലാംപിലും മിററിലും സൈഡ് പാനലിലും ക്രോമിയം ഫിനിഷിങ്ങുണ്ട്. കറുപ്പു നിറത്തിൽ ഹെ‍ഡ്‌ലാംപ് വൈസറുണ്ട്. എൽഇഡിയാണ് ലൈറ്റുകളെല്ലാം. ബോഡി പാനലും ടെയിൽ ലാംപ് സെക്‌ഷനുമെല്ലാം നല്ല ക്വാളിറ്റിയുണ്ട്. ഒഴുക്കൻ മട്ടിലുള്ള ഡിസൈനാണ്. പിൻഭാഗത്തുനിന്നു നോക്കിയാൽ 110 സിസി ജൂപ്പിറ്ററിൽ നിന്നു വലിയ മാറ്റം പറയില്ല. 

tvs-jupiter-125-4

കിടിലൻ ഫീച്ചേഴ്സ്

പെട്രോൾ അടിക്കാൻ സീറ്റ് ഉയർത്തി ബുദ്ധിമുട്ടേണ്ട എന്നതായിരുന്നു ജൂപ്പിറ്റർ 110 സിസിയുടെ ഹൈലൈറ്റ്. പിന്നിൽ ടെയിൽ ലാംപിനു മുകളിൽ അതിനുള്ള ക്യാപ് നൽകിയിരുന്നു. എന്നാൽ, 125 വരുന്നത് അതിലും മാറ്റവുമായാണ്. ഇതിൽ മുന്നിലാണ് പെട്രോൾ നിറയ്ക്കാനുള്ള ഫ്യൂവൽ ഫില്ലർ ക്യാപ്.മറ്റൊരു സവിശേഷത പെട്രോൾ ടാങ്കാണ്. മറ്റു സ്കൂട്ടറുകളിൽ സീറ്റിനടിയിലാണ് ടാങ്കിന്റെ സ്ഥാനം. ഇതിൽ ഫ്ലോർ ബോർഡിനടിയിലാണ് ടാങ്ക് വച്ചിരിക്കുന്നത്. ഫലം സീറ്റിനടിയിലെ സ്റ്റേറേജ് ഇടം കൂടി. 33 ലീറ്റർ സ്പെയ്സുണ്ട്. രണ്ട് ഹാഫ് ഫെയ്സ് ഹെൽമറ്റ് വച്ച് സീറ്റടയ്ക്കാം. 5 ലീറ്ററാണ് പെട്രോൾ ടാങ്ക് കപ്പാസിറ്റി. 

മുന്നിൽ ഇഗ്‌നിഷൻ സ്ലോട്ടിനു വലത്തായി മൊബൈൽ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ടുണ്ട്. മുന്നിലെ ഗ്ലവ് ബോക്സ് 2 ലീറ്റർ കപ്പാസിറ്റിയുള്ളതാണ്. ഹാൻഡിലിനു താഴെയും സീറ്റിനു മുന്നിലായും സാധനങ്ങൾ തൂക്കിയിടാൻ ഹുക്കുണ്ട്.

tvs-jupiter-125-1

സെമി ഡിജിറ്റൽ മീറ്റർ കണ്‍സോളാണ്. അനലോഗ് സ്പീഡോ മീറ്ററിനൊപ്പം ചെറിയ ഡിജിറ്റൽ കണ്‍സോളുമുണ്ട്. സൈഡ് സ്റ്റാൻ‍‍ഡ് ഇൻഡിക്കേറ്റർ, ലോ ഫ്യൂവൽ വാണിങ് ലൈറ്റ് എന്നിവ കൺസോളിലുണ്ട്. 2 ട്രിപ് മീറ്റർ, ക്ലോക്ക്, ഫ്യൂവൽ ഗേജ്, ശരാശരി ഇന്ധനക്ഷമത, നിലവിലെ ഇന്ധനക്ഷമത, ഉള്ള ഇന്ധനംകൊണ്ട് എത്രദൂരം യാത്രചെയ്യാം എന്നുള്ള വിവരങ്ങൾ ‍ഡിജിറ്റൽ കൺസോളിൽനിന്നറിയാം. ഇത് നോക്കാനുള്ള സ്വിച്ച് കൺസോളിന് അടുത്തു തന്നെയുണ്ട്. ഉപയോഗിക്കാൻ വളരെ എളുപ്പം. സ്വിച്ചുകളുടെയും മറ്റും നിലവാരം കൊള്ളാം. 

tvs-jupiter-125-6

ഡയമണ്ട് കട്ട് അലോയ് വീലാണ്. ഡ്യൂവൽ ടോൺ കൊള്ളാം. മൊത്തത്തിൽ ഡിസൈനും നിർമാണ നിലവാരവും പാർട്ടുകളുടെ നിലവാരവും ഒരുപടി ഉയർന്നിട്ടുണ്ട്. ഫ്ലോറിന്റെ സൈഡ് പാനൽ തന്നെ നോക്കൂ.

എൻജിൻ

എൻടോർക്കിലുള്ള 125 സിസി എൻജിന്റെ അതേ ബോറും സ്ട്രോക്കുമുള്ള എൻജിൻ. എന്നാൽ, സംഗതി പുതിയതാണ്. കരുത്തും ഒപ്പം ഇന്ധനക്ഷമതയുമാണ് വാഗ്ദാനം. ഇഗ്‌നിഷൻ ഒാണാക്കി സെൽഫ് അമർത്തുമ്പോൾ ജൂപ്പിറ്ററിന്റെ അടുത്ത ഫീച്ചർ മനസ്സിലാകും. സൈലന്റ് സ്റ്റാർട്ട് ഫങ്ഷനുണ്ടിതിൽ. അതായത്, സ്റ്റീൽ പാത്രം വലിച്ചെറിയുന്ന പോലുള്ള ശബ്ദമില്ല. നൈസായിട്ടുള്ള എൻജിൻ മുരൾച്ച മാത്രം. 

tvs-jupiter-125-5

കാറുകളിലും ബൈക്കുകളിലുമൊക്കെയുള്ള ഒാട്ടോ സ്റ്റാർട്ട്‌ – സ്റ്റോപ് സംവിധാനം ഇതിൽ നൽകിയിട്ടുണ്ട്. വലത്തേ ഹാൻഡിലിനോടു ചേർന്ന് ഇത് ഒാൺ–ഒാഫ് ചെയ്യാനുള്ള സ്വിച്ചുണ്ട്. ഇന്ധനക്ഷമത കൂട്ടാനുള്ള ഈ വിദ്യ കൊള്ളാം. െഎഡിലിങ്ങിൽ കൂടുതൽ നേരം നിന്നാൽ എൻജിൻ തനിയെ ഒാഫായിക്കോളും. ഇരിപ്പു സുഖമുള്ള ഊർന്നു പോരാത്ത വലിയ സീറ്റ്. നല്ല കുഷൻ. രണ്ടു പേർക്ക് വിശാലമായി ഇരിക്കാം. ഫ്ലോർ ബോർഡിൽ ഇടം കൂടുതലുണ്ട്. ഉയരം കൂടിയവർക്ക് ഹാൻഡിലിൽ മുട്ടിടിക്കാതെ ഇരിക്കാം. 

ഒാടിക്കാനുള്ള സുഖവും യാത്രാ സുഖവുമാണ് 110 സിസി ജൂപ്പിറ്ററിനെ ഇഷ്ടപ്പെടാനുള്ള കാരണം. 125 സിസി മോഡലും അതേ പാതയിൽതന്നെ. നല്ല കരുത്തുള്ള എൻജിൻ. എൻടോർക്കിനെക്കാളും കരുത്തിൽ ചെറിയ കുറവുണ്ടെങ്കിലും ടോർക്ക് സമം. കൈ കൊടുത്താൽ കുതിച്ചു കയറുന്നുണ്ട്. ഉയർന്ന വേഗത്തിൽ നല്ല സ്ഥിരതയും നിയന്ത്രണവുമുണ്ട്. വളവുകളിൽ ബൈക്കിലെന്നപോലെ വീശിയെടുക്കാം. കുണ്ടും കുഴിയും വലിയ അടിപ്പില്ലാതെ കയറി ഇറങ്ങുന്നുണ്ട്. ഇക്കോ, പവർ എന്നിങ്ങനെ രണ്ടു മോഡുണ്ട്. 

tvs-jupiter-125-2

ആക്സിലറേറ്റർ നന്നായി കൊടുത്താൽ പവർ മോഡ് എന്ന ലൈറ്റ് കൺസോളിൽ തെളിയും ഇക്കോ മോഡിൽ ഒാടിച്ചാൽ ഇന്ധനക്ഷമത കൂടുതൽ കിട്ടും. ടെസ്റ്റ് റൈഡിൽ 57 കിലോമീറ്ററാണ് ശരാശരി ഇന്ധനക്ഷമത കാണിച്ചത്. കിടിലൻ ബ്രേക്കാണ്. പിടിച്ചാൽ മടികൂടാതെ നിൽക്കുന്നുണ്ട്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രമ്മുമാണ്. കോംബി ബ്രേക്കിങ് സംവിധാനമുണ്ട്. 

ഫൈനൽ ലാപ്

കരുത്തും ഇന്ധനക്ഷമതയുമേറിയ എൻജിൻ. വലിയ സ്റ്റോറേജ് ഇടം അടക്കമുള്ള ഫീച്ചറുകൾ. ഉഗ്രൻ യാത്രാസുഖവും നല്ല നിർമാണ നിലവാരവും. മൂന്നു വേരിയന്റുകളുണ്ട്. 

English Summary: TVS Jupiter 125 Test Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com