ADVERTISEMENT

ബൈക്കോടിക്കുന്നതിന്റെ ഗമ വേണം. സ്കൂട്ടറിന്റെ പ്രായോഗികതയും- മാക്സി സ്കൂട്ടറുകളുടെ പിറവിക്കു പിന്നിൽ ഇതായിരുന്നു ആശയം. ഇന്ത്യയിൽ മാക്സി സ്കൂട്ടറുകൾ വിരളമായിട്ടാണു രംഗത്തിറങ്ങിയത്. ഇറങ്ങിയവയോ, ആകാരത്തിൽ മാത്രം ശ്രദ്ധിച്ചു. 125 സിസി എൻജിനുകളായിരുന്നു അവയുടെ ഹൃദയം. ഇതിൽനിന്നു വ്യത്യസ്തമായിട്ടാണു യമഹ തങ്ങളുടെ മാക്സി സ്കൂട്ടറിനെ അവതരിപ്പിക്കുന്നത്. എയ്റോക്സ് എന്ന കിടിലൻ മാക്സി സ്പോർട്സ് സ്കൂട്ടർ യമഹ ആർവൺ ഫൈവിന്റെ എൻജിനുമായിട്ടാണ് എത്തുന്നത്.

 

രൂപകൽപന 

 

കരുത്തനാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. വീതിയേറിയ ശരീരത്തിനുള്ളിലൊതുക്കിയിട്ടുണ്ട് മുൻ ഇൻഡിക്കേറ്റർ വരെ. പ്രാപ്പിടിയൻ കണ്ണുകൾ എൽഇഡിയാണ്.  ഹാൻഡിൽ യൂണിറ്റിനു താഴെ പൊട്ടുതൊട്ടതുപോലെ യമഹ ലോഗോ.  14 ഇഞ്ച് അലോയ് വീലും വീതി കൂടിയ ടയറുകളും മാക്സി സ്കൂട്ടർ എന്ന പ്രതീതി കൂട്ടുന്നതിനൊപ്പം സുരക്ഷയും യാത്രാസ്ഥിരതയും വർധിപ്പിക്കും.

 

ഉയരത്തിലാണ് സീറ്റ്. ശരാശരി ഉയരക്കാർക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാകും. വീതിയേറിയ സീറ്റിന്റെ കുഴിവും പിൻസീറ്റിന്റെ ഉയർച്ചയും റൈഡർക്ക് സുഖപ്രദമാണ്. എന്നാൽ പിൻസീറ്റിന് ഈ സവിശേഷതകളൊന്നുമില്ല. റൈഡറോടു നന്നായി ചേർന്നിരുന്നില്ലെങ്കിൽ പിൻസീറ്റിൽ സ്ഥലമില്ല. വീതി കുറവുമാണ്. ബോഡിക്കടിയിൽ ഇണക്കിച്ചേർത്ത മട്ടിലാണു ഗ്രാബ് റെയിൽ. യാത്രയിൽ എപ്പോഴും കൈ ഗ്രാബ്റെയിലിനു പിന്നിൽ വയ്ക്കേണ്ടിവരും. സീറ്റിനു മുകളിൽ ഗ്രാബ് റെയിൽ എന്ന ആശയവും അതു നൽകുന്ന സുരക്ഷയും രൂപകൽപനാ മികവിൽ ഉള്ളിലൊതുങ്ങിപ്പോയി. എന്നാൽ, പിന്നിലിരുന്നപ്പോൾ യാത്രാസുഖത്തിനു കുറവുണ്ടായിരുന്നില്ല. മറ്റേതു ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നതിലും രസമുണ്ട് എയ്റോക്സിനു പിൻസീറ്റിൽ. കുടുക്കം കുറവിനു കാരണം ബൈക്കുകളിലേതു പോലുള്ള ഇരട്ട സസ്പെൻഷൻ ആണ്. 

 

റൈഡർക്ക് വിശാലമായി കാൽവയ്ക്കാവുന്നത്ര നീളമുള്ളതാണ് ഫുട്ട് റെസ്റ്റ്. ഉയർന്ന നടുവരമ്പിലാണ്  ഫ്യൂവൽ ടാങ്ക്. സീറ്റ് തുറക്കാതെ ഇന്ധനം നിറയ്ക്കാം. സ്റ്റോറേജ് ബോക്സിനുള്ളിൽ 12 വോൾട്ട് സോക്കറ്റുണ്ട്. അടുത്തുതന്നെ പഴ്സ് മുതലായ ചെറിയ സംഗതികൾ സൂക്ഷിക്കാനും സാധിക്കും. വലിയ ഫോൺ വയ്ക്കാൻ പറ്റില്ല. കീഹോളിന്റെ വലതുവശത്തായി ടാങ്കും സീറ്റും തുറക്കാനുള്ള സ്വിച്ചുകൾ. ഒരു ഹെൽമറ്റും പിന്നെ സാധനസാമഗ്രികളും വയ്ക്കാവുന്നത്ര വിശാലമാണ് സ്റ്റോറേജ് റൂം (24.54 ലീറ്റർ). മൊത്തത്തിൽ പ്രായോഗികത ഏറെയുണ്ട് എയ്റോക്സിന്. 

 

വലിയ ബോഡിയിൽ ചെറുതായിട്ടുള്ളത് എൽഇഡി ടെയിൽലാംപും പിന്നിലെ ഇൻഡിക്കേറ്ററുകളുമാണ്.  മിററുകളിലൂടെയുള്ള കാഴ്ച അത്ര മികച്ചതായി തോന്നിയില്ല. നെഗറ്റീവ് എൽസിഡി ഡിസ്പ്ലേ ആണ് കൺസോൾ. പകൽവെട്ടത്തിലും അക്കങ്ങൾ വ്യക്തം. യമഹ വൈ കണക്ട് എന്ന ആപ്പ് സ്കൂട്ടറുമായി ബന്ധിപ്പിക്കാം. കോൾ,എസ്എംഎസ് അലർട്ടുകൾ ഡിസ്പ്ലേ നൽകും.  സൈഡ് സ്റ്റാൻഡ് തട്ടിയില്ലെങ്കിൽ എയ്റോക്സ് സ്റ്റാർട്ടാകില്ല, നിവർത്തിയാൽ എൻജിൻ ഓഫ് ആകുകയും ചെയ്യും.

 

എൻജിൻ, റൈഡ്

 

155 സിസി ലിക്വിഡ് കൂൾഡ് എൻജിൻ. ആർ വൺ ഫൈവ് മുതലായ യമഹ താരങ്ങളിൽനിന്നു കടമെടുത്തത്. പ്രകടനം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ വിദ്യകൾ അടങ്ങിയ യമഹ ബ്ലൂകോർ എൻജിൻ  മറ്റു 150 സിസി ബൈക്കുകളെക്കാൾ കരുത്തുറ്റത്. തുടക്കത്തിൽ കുതിക്കാൻ ഒട്ടും മടുപ്പില്ല. വിവിഎ (വേരിയബിൾ വാൽവ് ആക്ചുവേഷൻ) വിദ്യയുടെ മാജിക് ഉയർന്ന ആർപിഎമ്മിൽ അറിയാം. എൻജിൻ ആർപിഎം 6000 ത്തിനു മുകളിൽ ആയാൽ, നാലെണ്ണത്തിൽ രണ്ട് ഇൻടേക് വാൽവുകൾ തുറന്നുതന്നെ  ഇരിക്കും. കൂടുതൽ വായു ജ്വലനത്തിനെത്തും.

 

ഒരു തരം ടർബോ എന്നു വിളിക്കാം (ആർവൺ ഫൈവിനെ, എൻജിൻ ശേഷി കൂടിയ ബൈക്കുകളുമായി മിഡ് ആർപിഎമ്മിൽ കിട പിടിക്കാൻ സഹായിച്ചത് വിവിഎ ആയിരുന്നു). അപാര ആത്മവിശ്വാസം നൽകുന്ന സീറ്റിങ് പൊസിഷൻ. മികച്ച ഹാൻഡ്‌ലിങ്. വലിയ ടയറുകളും ഭാരമേറിയ ബോഡിയും നൽകുന്നത് സ്ഥിരതയുള്ള റൈഡ്. ചാഞ്ഞും ചെരിഞ്ഞും കിടത്തിയും എയ്റോക്സുമായി കുതിക്കാം. ബ്രേക്കിങ്ങിലെ സ്ഥിരത നിലനിർത്താൻ സിംഗിൾ ചാനൽ എബിഎസ് കൂടിയുണ്ട്. ബൈക്കുകളെക്കാളും ആത്മവിശ്വാസമുണ്ട് എയ്റോക്സ് ഓടിക്കുവാൻ. ലോങ് ഡ്രൈവിനൊക്കെ എയ്റോക്സ് തയാർ.  ഓട്ടമാറ്റിക് സ്റ്റാർട്ട്- സ്റ്റോപ് സംവിധാനം ട്രാഫിക് ബ്ലോക്കുകളിലും മറ്റും എൻജിൻ  ഓഫ് ചെയ്യും. ഇന്ധനം ലാഭം. 

 

ഫൈനൽ ലാപ്

 

നിരത്തിൽ വേറിട്ടു നിൽക്കണം എന്നാഗ്രഹിക്കുന്നവർക്ക് എയ്റോക്സിനെ സ്വന്തമാക്കാം. ദീർഘയാത്രയിലും കൂടെ കൂട്ടാം. 

 

English Summary: Yamaha Aerox Test Ride Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com