ADVERTISEMENT

ഫാസ്റ്റസ്റ്റ് ഇന്ത്യൻ! പൾസർ 220 മോഡലിനെ ബജാജ് അവതരിപ്പിച്ചതിങ്ങനെയാണ്. എന്നാൽ, അതിലുപരി സാധാരണക്കാരന്റെ സ്പോർട്സ് ബൈക്ക് എന്ന വിശേഷണമാണ് ജനം പൾസർ 220യ്ക്കു നൽകിയത്! പുതുതലമുറ മോഡലുകളുടെ കുത്തൊഴുക്കിലും കിതയ്ക്കാതെ കുതിക്കാൻ പൾസർ 220യ്ക്ക് ഊർജം പകർന്നതും ഈ പിൻബലമാണ്. 

രണ്ടു പതിറ്റാണ്ടായി പൾസർ എന്ന പേര് വിപണിയിൽ എത്തിയിട്ട്. പൾസർ 150 ആയിരുന്നു ആദ്യ മോഡൽ. അക്കാലത്ത് ഒപ്പമെത്തിയ പലരും ഇന്ന് കളത്തിലില്ല. പക്ഷേ, പൾസറുണ്ട്, 135 സിസി മുതൽ 220 സിസിവരെയുള്ള മോഡ‍ലുകളുമായിട്ട്. ഇപ്പോഴിതാ കരുത്തുറ്റ എൻജിനുമായി 250 സിസി വിഭാഗത്തിലേക്കും  പൾസർ ടയർതൊട്ടിരിക്കുന്നു. രണ്ടു വേരിയന്റുകളാണുള്ളത്. എഫ് 250, എൻ 250. ഇതിൽ സെമി ഫെയേർഡ് വേർഷനായ എഫ് 250യെ ഒന്നു വിശദമായി കാണാം.

bajaj-pulsar-250-8

ഡിസൈൻ

ഏകദേശം ഒൻപതു വർഷം മുൻപെത്തിയ എൻഎസ് 200 മോഡലായിരുന്നു കാര്യമായ പരിഷ്കാരവുമായി എത്തിയ പൾസർ. വർഷങ്ങൾക്കുശേഷം 250 സിസിയിലേക്കുള്ള ചുവടു വയ്പിൽ പൾസർ ഡിഎൻഎ ഒട്ടും ചോരാതെ നോക്കിയിട്ടുണ്ട്. കാഴ്ചയിൽ 220 മോഡലിനോടും എൻഎസ് 200 മോഡലിനോടും ചെറിയ സാമ്യം പറയാം. എന്നാൽ, അടുമുടി പുതിയതാണ് 250. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപാണ്. ബൂമറാങ് ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപും ക്രിസ്റ്റലൈൻ ടെയിൽ ലൈറ്റുമെല്ലാം മനോഹരം. 

bajaj-pulsar-250-11

എൽഇഡിയാണ് ലൈറ്റുകളല്ലാം. മസ്കുലർ ഡിസൈനാണ്. വലിയ ടാങ്കും സ്പോർട്ടി എടുപ്പുകളുള്ള സെമി ഫെയറിങ്ങും ടെയിൽ പാനലും കാഴ്ചയിൽ ഗൗരവം നൽകുന്നുണ്ട്. മുൻമോഡലുകളെക്കാളും നിലവാരമുള്ള ബോഡി പാനലുകളാണ്. പുതിയ ‘ഗ്ലാസ് ഫിൽഡ് നൈലോൺ സ്ട്രക്ചറാണ്’(ജിഎഫ്എൻ) ബോഡിപാനലുകൾക്ക്. വൈബ്രേഷൻ കുറയും എന്നത് മേന്മ. കാണാൻ മനോഹരവും ഇരിക്കാൻ സുഖകരവുമായ സ്പ്ലിറ്റ് സീറ്റ്. സാറ്റിൻ സിൽവർ ഫിനിഷുകളും കോപ്പർ ഫിനിഷിലുള്ള എൻജിൻ കവറും കാഴ്ചയിൽ പ്രീമിയം ഫീൽ നൽകുന്നു. ചെറിയ സൈലൻസറാണ്. മൊത്തത്തിൽ ഡിസൈനും നിർമാണ നിലവാരവും കൊള്ളാം. പിൻ ടയറിന്റെ വലുപ്പം അൽപം കൂടി ഉണ്ടായിരുന്നെങ്കിൽ പിൻകാഴ്ചയിൽ മസിൽ ഫീൽ കൂടിയേനെ.

bajaj-pulsar-250-6

എൻഎസ് 200, 220 എന്നിവയിലെപ്പോലെ അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോളാണ്. ഇൻഫിനിറ്റി ഡിസ്പ്ലേ എന്നു ബജാജ്. അനലോഗിലാണ് ടാക്കോമീറ്റർ. മറ്റു വിവരങ്ങൾ ഡിജിറ്റൽ കൺസോളിലും. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, നിലവിലെ ഇന്ധനംകൊണ്ട് എത്ര ദൂരം സഞ്ചരിക്കാം എന്നുള്ള കാര്യങ്ങൾ ഇതിലറിയാം. ബ്ലൂടൂത്ത് കണക്ടിവിറ്റി പോലുള്ള സംവിധാനങ്ങളില്ല. ടാങ്കിൽ ഫ്യൂവൽ ഫില്ലർ ക്യാപ്പിനു മുന്നിലായി യുഎസ്ബി ചാർജിങ് പോർട്ട് നൽകിയിട്ടുണ്ട്. 

bajaj-pulsar-250-7

എൻജിൻ

പുതിയ 249.07 സിസി സിംഗിൾ ഒാവർഹെഡ് ക്യാം(എസ്ഒഎച്ച്സി) എയർ–ഒായിൽ കൂൾഡ് എൻജിനാണ്. പൾസർ നിരയിലെ വലിയ എൻജിനാണിത്. 24.5 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 21.5 എൻഎം. പൾസർ എൻഎസ്200, ആർഎസ്200, 220 എന്നിവയെക്കാളും ടോർക്ക് കൂടുതലുണ്ട്. അൽപം ബേസുള്ള സ്പോർട്ടിയായ എക്സോസ്റ്റ് നോട്ടിനു പൾസർ കുടുംബത്തിലെ മറ്റുള്ളവരോടു ചെറു സാമ്യമുണ്ട്. ഡൗൺ ചെയ്ത് ത്രോട്ടിൽ കൊടുക്കുമ്പോൾ ഇത് കൃത്യമായി മനസ്സിലാകും. ‘ചാടിച്ചാടി’ നിൽക്കുന്ന പൾസർ പ്രകൃതമാണ് ഇവനും. നല്ല പുള്ളിങ്ങുണ്ട്. മിഡ് റേഞ്ചിലാണ് മികച്ച പ്രകടനം. 

bajaj-pulsar-250-2

നാലാം ഗിയറിൽ 40 കിലോമീറ്ററിനു താഴെ വേഗത്തിൽ എൻജിനിടിക്കാതെ നീങ്ങും. ഉയർന്ന വേഗത്തിലേക്ക് മടികൂടാതെ കയറുന്നുമുണ്ട്. ഉയർന്ന ആർപിഎമ്മിൽ എടുത്തുപറയത്തക്ക എൻജിൻ വൈബ്രേഷനൊന്നും ഇല്ല. 5 സ്പീഡ് ഗിയർബോക്‌സാണ്. 250 സിസിയല്ലേ ഒരു ഗിയറും കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാം എന്നു തോന്നുമെങ്കിലും പ്രകടനത്തിൽ സംഗതി ഒാക്കെ. സ്ലിപ് അസിസ്റ്റ് ക്ലച്ചാണ്. പെട്ടെന്നുള്ള ഡൗൺ ഷിഫ്റ്റിൽ വീൽ ലോക്കാകാതെ നോക്കുന്നതിനൊപ്പം സ്മൂത്ത് ഗിയർ ഷിഫിറ്റിങ്ങും സാധ്യമാക്കുന്നു. 

bajaj-pulsar-250

റൈഡ്

സീറ്റിന്റെ ഉയരം 795 എംഎം. പൾസർ 220യോട് സമം. അൽപം ഉയർന്ന ക്ലിപ് ഒാൺ ഹാൻഡിൽ ബാറും പിന്നോട്ടിറങ്ങിയ ഫുട് പെഗും സ്പോർട്ടി പൊസിഷനാണ് നൽകുന്നത്. എങ്കിലും ദീർഘദൂര യാത്രയിൽ മടുപ്പുളവാക്കില്ല. പുതിയ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമാണ്. കോർണറുകളിലെ വഴക്കവും നേർരേഖ സ്ഥിരതയും മികച്ചത്. പെട്ടെന്നു വളച്ചൊടിച്ചു പോകുമ്പോഴും നിയന്ത്രണം കാട്ടുന്നുണ്ട്. സിറ്റി ഡ്രൈവിൽ ഗുണപ്പെടും. 

bajaj-pulsar-250-4

യാത്രാസുഖത്തിന്റെ കാര്യത്തിൽ ശരാശരിക്കും മുകളിലാണ് പൾസർ 250. കുണ്ടും കുഴികളും വലിയ അടിപ്പ് അറിയിക്കാതെ പോകുന്നുണ്ട്. നല്ല കുഷനുള്ള സീറ്റും ചേരുമ്പോൾ ലോങ് ട്രിപ് പ്ലാനിടുന്നവർക്കും ഇവനെ പരിഗണിക്കാം. ഡിസ്ക് ബ്രേക്കാണ് ഇരുവീലുകളിലും. സിംഗിൾ ചാനൽ എബിഎസാണ്. 

bajaj-pulsar-250

ഫൈനൽ ലാപ്

വിപണിയിലെ 250 സിസി ബൈക്കുകളെക്കാൾ വിലക്കുറവാണെന്നതാണ് പൾസർ എഫ്250യുടെ ഹൈലൈറ്റ്. സ്പോർട്ടി ഡിസൈനും ഉഗ്രൻ  പെർഫോമൻസും റൈഡ് ക്വാളിറ്റിയും പൾസർ എഫ്250യുടെ കുതിപ്പിന് ഇന്ധനമാകുന്നു. ലീറ്ററിനു 39 കിലോമീറ്ററാണ് എആർഎെഎ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

English Summary: Bajaj Pulsar 250 Test Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT