ADVERTISEMENT

ഹാർലി ഡേവിഡ്സൺ എന്നുകേൾക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്നത് ഫാറ്റ്ബോയ് അടക്കമുള്ള മസിൽമാന്മാരെയാണ്. ടൂറിങ്, ക്രൂസർ, സ്പോർട്ട് എന്നീ വിഭാഗങ്ങളിലായി പൂരത്തിനു തലപ്പൊക്ക മത്സരത്തിനു നിരന്നപോലെ പന്ത്രണ്ടോളം മോഡലുകളാണ് ഹാർലിയുടെ ഗാരിജിലുള്ളത്. ഈ നിരയിലേക്ക് പുതിയൊരു താരംകൂടിയെത്തുന്നു. കാലത്തിനൊത്ത് പുതിയ ചുവടുകൾ പരീക്ഷിച്ച് പാൻ അമേരിക്ക എന്ന അഡ്വഞ്ചർ ടൂറർ. ഹാർലി ആയതിനാൽ സംഗതി വെറൈറ്റിയായിരിക്കുമെന്ന് ഉറപ്പ്. ഫോർട്ട് കൊച്ചിയിലെ ട്രാക്കിലൂടെ പാൻ അമേരിക്കയെ ഒന്നോടിച്ചു നോക്കാം. 

 

ഡിസൈൻ

harley-davidson-pan-america-9

 

harley-davidson-pan-america-11

നിലവിൽ വിപണിയിലുള്ള അഡ്വഞ്ചർ ടൂറർ മോഡലുകളിൽനിന്നെല്ലാം വ്യത്യസ്ത രൂപമാണ് പാൻ അമേരിക്കയ്ക്കുള്ളത്. ഇതെന്തു ഡിസൈൻ! എന്നും ഇതു കൊള്ളാം, അപാര ഡിസൈൻ! എന്നും പറയിക്കുന്ന രൂപമാണ് പാൻ അമേരിക്കയുടേത്. ഉയർന്ന ബീക്ക് ഫെൻഡറാണ് സാധാരണ അഡ്വഞ്ചർ ടൂററുകളുടെ െഎഡന്റിറ്റി. എന്നാൽ, ഹാർലി അത് പൊളിച്ചെഴുതി. വീതിയേറിയ അഡാപ്റ്റീവ് ഹെഡ്‌ലാംപ് തന്നെയാണ് കൗതുകം. വശക്കാഴ്ചയിൽ ടാങ്ക് സ്കൂപ്പ് പോലെ തോന്നും ഈ യൂണിറ്റ്. തൊട്ടു മുകളിൽ വൈസറിനടിയിലായി മറ്റൊരു ലൈറ്റ് യൂണിറ്റുണ്ട്. ഇത് കോർണറിങ് ലൈറ്റാണ്. വാഹനത്തിന്റെ ചെരിവും തിരിവും മനസ്സിലാക്കിയാണ് ഇതിന്റെ പ്രവർത്തനം. 

harley-davidson-pan-america-7

 

harley-davidson-pan-america-6

നല്ല വലുപ്പമുള്ള ഉയരം ക്രമീകരിക്കാവുന്ന വിൻഡ്ഷീൽഡാണ്. നക്കിൾ ഗാർഡോടുകൂടിയ ഉയരമുള്ള വീതിയേറിയ ഹാൻ‌ഡിൽ ബാർ. ഹീറ്റഡ് ഹാൻഡ് ഗ്രിപ്പുകളാണ്. ഹാൻഡിലിൽ ഇരുവശത്തും ഒട്ടേറെ സ്വിച്ചുകളുണ്ട്. റൈഡ് മോഡ്, ട്രാക്‌ഷൻ കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെയാണ് നിയന്ത്രിക്കുക. ഹാർലി ലോഗോ പേറുന്ന വലിയ ടാങ്കിനു മുകളിൽ കനത്തിലുള്ള പാഡിങ് ഉണ്ട്. വീതിയേറിയ സ്പ്ലിറ്റ് സീറ്റാണ്.

harley-davidson-pan-america-1

 

ബൈക്കിന്റെ മൊത്തത്തിലുള്ള കാഴ്ചയിൽ റൈഡർ സീറ്റിന് ഉയരം കുറവു തോന്നുമെങ്കിലും 848 എംഎം ഉണ്ട് ഇത്. ഉയരം കുറഞ്ഞവരെ സംബന്ധിച്ച് ഇതൊരു പ്രശ്നമായി തോന്നുമെങ്കിലും കാൽ നിലത്ത് എത്താനുള്ള സൂത്രവിദ്യ ഹാർലി ഒരുക്കിയിട്ടുണ്ട്. അക്കാര്യം പിന്നാലെ. പാൻ അമേരിക്കയുടെ സ്പോർട്ടി ഫീൽ നൽകുന്ന ഭാഗം ടെയിൽ സെക്‌ഷനാണ്. പുറത്തേക്കു കാണുന്ന ഫ്രെയിമും വലിയ സൈലൻസറും വീതിയേറിയ കട്ട ടയറും കാഴ്ചയിൽ കിടുവാണ്. 

harley-davidson-pan-america-5

 

ഹാർലിയുടെ മറ്റു മോഡലുകളിൽനിന്നു വ്യത്യസ്തമായി ആധുനിക അഡ്വഞ്ചർ ടൂററുകളുടേതുപോലെയാണ് പാൻ അമേരിക്കയുടെയും ചട്ടക്കൂട് നിർമിച്ചിരിക്കുന്നത്. മുൻ ഫ്രെയിമും മിഡ് ഫ്രെയിമും ടെയിൽ സെക്‌ഷനും എൻജിനിൽ ബോൾട്ട് ചെയ്ത് ഉറപ്പിച്ചിരിക്കുന്നു. ഒാഫ് റോഡിങ്ങിൽ അടി തട്ടി എൻജിൻ ക്രാങ്ക് കേസ് തകരാതിരിക്കാൻ അലുമിനിയം സ്കിഡ് പ്ലേറ്റും റേഡിയേറ്ററിന്റെ സംരക്ഷണത്തിനു ബ്രഷ് ഗാർഡും നൽകിയിട്ടുണ്ട്. റൈഡിൽ മികച്ച നിയന്ത്രണം ഉറപ്പാക്കാൻ സ്റ്റിയറിങ് ഡാംപറുമുണ്ട്.

harley-davidson-pan-america-2

 

രണ്ടു തരത്തിൽ പൊസിഷൻ ക്രമീകരിക്കാവുന്ന റിയർ ബ്രേക്കാണ്. ഒാഫ് റോഡ് റൈഡിൽ പ്രത്യേകിച്ച് എഴുന്നേറ്റുനിൽക്കുമ്പോൾ ബ്രേക്ക് പെഡലിൽ മികച്ച ഗ്രിപ്പ് കിട്ടാൻ ഇതു സഹായിക്കും ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. 6.8 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയിൽ സ്പീഡോമീറ്റർ, ഗിയർ പൊസിഷൻ, ടാക്കോമീറ്റർ, ഫ്യൂവൽ ഗേജ്, ക്ലോക്ക്, ട്രിപ് മീറ്റർ, ലോ ടെംപറേച്ചർ അലേർട്ട്, റൈഡ് മോഡ്, ട്രാക്‌ഷൻ എബിഎസ് സെറ്റിങ് എന്നിങ്ങനെയുള്ള വിവരങ്ങൾ അറിയാം. ബ്ലൂടൂത്ത് വഴി മൊബൈൽ ഫോൺ പെയർ ചെയ്യാം.

harley-davidson-pan-america-12

 

എൻജിൻ

 

harley-davidson-pan-america-10

1252 സിസി വി ട്വിൻ റെവലൂഷൻ മാക്സ് എൻജിനാണ്. 150 ബിഎച്ച്പിയാണ് കൂടിയ പവർ. ടോർക്ക് 128 എൻഎമ്മും. ഡബിൾ ഒാവർ ഹെഡ് ക്യാം, ലിക്വിഡ് കൂളിങ് സംവിധാനമുള്ള വി ട്വിൻ എൻജിനാണ് ഹാർലിയുടെ റെവലൂഷൻ മാക്സ്. പാൻ അമേരിക്കയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്ത എൻജിനാണിത്. മറ്റു ക്രൂസർ ബൈക്കുകളിൽ ഉപയോഗിക്കുന്ന വി ട്വിൻ എൻജിനെക്കാളും ആധുനികനാണിത്. വേരിയബിൾ വാൽവ് ടൈമിങ്ങോടു കൂടിയ ഈ എൻജിന്റെ ഹൈലൈറ്റ് വൈഡ് പവർ ബാൻഡും ഒപ്പം മികച്ച ലോ എൻഡ് ടോർക്കുമാണ്.  ഹൈഡ്രോളിക് വാൽവ് അഡ്ജസ്റ്റേഴ്സാണ് ഇതിൽ. ഗുണം, വാൽവ് അഡ്‍ജസ്റ്റ് ചെയ്യാൻ ഇടയ്ക്കിടെ ഷോറൂമിൽ പോകേണ്ടി വരില്ല. മെയിന്റനൻസ് ചെലവും കുറയും. സ്ലിപ് ആൻഡ് അസിസ്റ്റ് ക്ലച്ചോടുകൂടിയ 6 സ്പീഡ് ട്രാൻസ്മിഷനാണ്. അഗ്രസീവ് ഡൗൺ ഷിഫ്റ്റിങ്ങിൽ കരുത്ത് പെട്ടെന്നു വീലിലേക്കെത്തി ലോക്കാകാതെനോക്കും ഈ ക്ലച്ച് സംവിധാനം.  

harley-davidson-pan-america-4

 

harley-davidson-pan-america-8

ഫീച്ചർ ലോഡഡ്

harley-davidson-pan-america-3

 

ഇലക്ട്രോണിക്കലി കൺട്രോൾഡ് സെമി ആക്ടീവ് സസ്പെൻഷൻ, മൾട്ടിപ്പിൾ ട്യൂണബിൾ റൈഡിങ് മോഡ്, കീലെസ് ഇഗ്‌നീഷൻ, കോർണറിങ് ലൈറ്റ്, ക്രൂസ് കൺട്രോൾ, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഹിൽഹോൾഡ്, ടയർ പ്രഷർ മോണിറ്ററിങ്, കോർണറിങ് എബിഎസ്, എൻജിൻ ബ്രേക്ക് കൺട്രോൾ എന്നിങ്ങനെ ഫീച്ചർ പാക്ഡാണ് പാൻ അമേരിക്ക. 6 ആക്സിസ് െഎഎംയു യൂണിറ്റാണ് ഇതെല്ലാം നിയന്ത്രിക്കാൻ നൽകിയിരിക്കുന്നത്.

 

സസ്പെൻഷൻ

 

ഇതിലെ സെമി ആക്ടീവ് സസ്പെൻഷൻ ഒരു സംഭവം തന്നെയാണ്. 191 എംഎം ട്രാവലുള്ള ഷോവയുടെ 43 എംഎം ബാലൻസ് ഫ്രീ ഇൻവേർട്ടഡ് ഫോർക്കുകളാണ് മുന്നിൽ. പിന്നിൽ ഇലക്ട്രോണിക് പ്രീ ലോഡ് കൺട്രോളും സെമി ആക്ടീവ് കംപ്രഷനും റീ ബൗണ്ട് ഡാംപിങ്ങുമുള്ള ഷോക്കാണ്. വാഹനത്തിന്റെ വേഗം, ചെരിവ്, ത്രോട്ടിൽ, ബ്രേക്ക് ഇൻപുട്ട്, വെർട്ടിക്കൽ ആക്സിലറേഷൻ എന്നിവയോടൊപ്പം സിലക്ട് ചെയ്തിരിക്കുന്ന റൈഡ് മോഡും മനസ്സിലാക്കിയാണ് സസ്പെൻഷന്റെ പ്രവർത്തനം. കംഫർട്ട്, ബാലൻസ്ഡ്, സ്പോർട്ട്, ഒാഫ്റോഡ് സോഫ്റ്റ്, ഒാഫ്റോഡ് ഫേം എന്നിങ്ങനെ 5 പ്രോഗ്രാംഡ് സെറ്റിങ്ങുകൾ ഇതിനുണ്ട്.

  

റൈഡ്

 

പൊതുവേ ഭീമാകാരൻമാരാണ് ഹാർലിയുടെ വലിയ എൻജിൻ പേറുന്ന മോഡലുകളെല്ലാം. പാൻ അമേരിക്കയും അതേ പാതയിൽത്തന്നെയാണ്. 258 കിലോഗ്രാം ഭാരമുണ്ട്.പക്ഷേ, റൈഡിൽ അത്ര ഭീകരത തോന്നില്ല. രണ്ടു വേരിയന്റുകളുണ്ട് പാൻ അമേരിക്കയ്ക്ക്– സ്റ്റാൻഡേർഡ്, സ്പെഷൽ. ഇതിൽ ടോപ് വേരിയന്റായ സ്പെഷലാണ് റൈഡ് ചെയ്യുന്നത്. റെയിൻ, റോഡ്, സ്പോർട്ട്, ഒാഫ്റോഡ്, ഒാഫ്റോഡ് പ്ലസ് എന്നിങ്ങനെ 5 റൈഡ് മോഡുകൾകൂടാതെ കസ്റ്റമൈസ് ചെയ്യാവുന്ന രണ്ടു മോഡുകൾകൂടി സ്പെഷലി ലുണ്ട്. 

 

ഉയരം കൂടുതലെന്ന പ്രശ്നം പരിഹരിക്കാൻ അഡാപ്റ്റീവ് റൈഡ് ഹൈറ്റ് എന്ന സംവിധാനമുണ്ടിതിൽ. വാഹനം നിശ്ചലമാകുമ്പോൾ സസ്പെൻഷൻ തനിയെ ക്രമീകരിച്ച് സീറ്റിന്റെ ഉയരം കുറയ്ക്കും. വാഹനത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് ഉയരം കൂടുകയും ചെയ്യും. ചെയിൻ ഡ്രൈവാണ്. ഹെവി മെഷീനെങ്കിലും ഈസി റൈഡാണ് പാൻ അമേരിക്ക നൽകുന്നത്. ദീർഘദൂരയാത്രയ്ക്കും ആഡ്വഞ്ചർ റൈഡിനും ഇണങ്ങിയ റൈഡിങ് പൊസിഷൻ. നിവർന്നിരിക്കാം.

 

ദിവസേനയുള്ള റൈഡിനു പാകത്തിലാണ് റോഡ് മോഡിലെ പവർ ഡെലിവറി. റെയിൻ മോഡിനെക്കാളും കരുത്തുണ്ട് ഈ മോഡിൽ. റെയിൻ മോഡിൽ 60% കരുത്തു മാത്രമേ വീലിലേക്കെത്തുകയുള്ളൂ. ത്രോട്ടിൽ റെസ്‌പോൺസും സോഫ്റ്റായിരിക്കും. ഉഗ്രൻ ത്രോട്ടിൽ റെസ്പോൺസാണ് സ്പോർട്ട് മോഡിൽ. കിടിലൻ ടോർക്കും പവർ ഡെലിവറിയുമാണ് ഈ മോഡിൽ എൻജിൻ പുറത്തെടുക്കുന്നത്. ഒാഫ്റോഡ് മോഡിൽ ത്രോട്ടിൽ റെസ്പോൺസ് കുറച്ചുകൂടി ആഗ്രസീവാകും. 

 

ട്രാക്‌‍ഷനും എബിഎസും ഒാട്ടമാറ്റിക്കായി ഒാഫാകും. മുൻഭാഗം ഹെവിയായിരിക്കും എന്നു തോന്നുമെങ്കിലും നിർത്തി തിരിക്കലും വളയ്ക്കലും വലിയ ടാസ്ക് അല്ല. കോർണറുകൾ ഈസിയായി വീശിയെടുക്കാം. 

 

‌ഫൈനൽ ലാപ്

 

ആഡ്വഞ്ചർ ടൂറർ വിഭാഗത്തിലെ അതികായരായ ട്രയംഫ്, ബിഎംഡബ്ല്യു, ഡുക്കാറ്റി എന്നിവരോടാണ് പാൻ അമേരിക്ക നേരിട്ട് ഏറ്റുമുട്ടുന്നത്. കരുത്തുറ്റ റിഫൈൻഡായ എൻജിനും മികച്ച ഫീച്ചറുകളുമാണ് പാൻ അമേരിക്കയുെട സവിശേഷതകൾ. ഹാർലി പാരമ്പര്യത്തിൽ മോഡേൺ അഡ്വഞ്ചർ മെഷീൻ. എന്നു വിശേഷിപ്പിക്കാം.. മാത്രമല്ല, വ്യത്യസ്ത രൂപവും ഈ അമേരിക്കനെ വേറിട്ടു നിർത്തുന്നു.

 

English Summary: Harley Davidson Pan America Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT