മാസ് ലുക്കും ഉഗ്രൻ പെർഫോമൻസുമായി ഒരു അഡ്വഞ്ചർ ടൂറർ, ബെനലി ടിആർകെ 251

benelli-trk-251
Benelli TRK 251
SHARE

തകർപ്പൻ മോഡൽ നിരകളുമായി എത്തിയിട്ടും ബെനലി എന്ന ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളോട് ആദ്യം ഇന്ത്യൻ ഉപയോക്താക്കൾ വലിയ അടുപ്പമൊന്നും കാണിച്ചില്ല. അധികനാൾ ഇവിടെ കാണുമോ എന്ന പേടിതന്നെയായിരുന്നു അതിനു കാരണം. പക്ഷേ, അതുണ്ടായില്ല. ഇന്ന് വിപണിയിൽ സജീവമാണ് ബെനലി.

ഡിഎസ്കെ ഗ്രൂപ്പിൽ നിന്നു ഹൈദരാബാദ് ആസ്ഥാനമായ മഹാവീർ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ബെനലിക്ക് ഇന്ത്യയിൽ പുതിയൊരു വേഗം കൈവന്നിട്ടുമുണ്ട്. വിപണി മനസ്സിലാക്കി ഉഗ്രൻ മോഡലുകളെയാണ് ബെനലി നിരത്തിലിറക്കിയിരിക്കുന്നത്. ഇംപീരിയാലെ 400 തന്നെ ഉദാഹരണം. ക്രൂസർ ബൈക്കുകളിൽ നിർമാണ നിലവാരം കൊണ്ടും പെർഫോമൻസ്കൊണ്ടും ബെനലിക്കു പേര് നേടിക്കൊടുത്ത മോഡലാണ് ഇത്. നേക്കഡ്, സ്ക്രാംബ്ലർ, ക്ലാസിക്, ടൂറിങ് എന്നീ നിരകളിൽ 6 മോഡലുകൾ ഇപ്പോൾ ബെനലിക്കുണ്ട്. അതിൽ പുതിയതാണ് ടൂറർ ആയ ടിആർകെ 251. 

benelli-trk-251-6

മസിലൻ

ബെനലിയുെട മസിൽമാനായ ടിആർകെ 502  അഡ്വഞ്ചർ ടൂററിന്റെ ചെറു പതിപ്പെന്നു വിശേഷിപ്പിക്കാം. 250 സിസി ബൈക്കെങ്കിലും നല്ല വലുപ്പമുണ്ട് കാഴ്ചയിൽ. വലുപ്പം തന്നെയാണല്ലോ അഡ്വഞ്ചർ ബൈക്കുകളുടെ എടുപ്പ്. ട്വിൻ പ്രൊജക്ടർ ഹെഡ്‌ലാംപും അതിനോട് ഇഴുകിച്ചേർന്നു നിൽക്കുന്ന ബീക്ക് ഫെൻഡറും നന്നേ ഉയരം കൂടിയ ടിന്റഡ് വൈസറും നല്ല തലക്കനം നൽകുന്നുണ്ട്. വീതിയേറിയ ഉയരമുള്ള ഹാൻഡിൽ ബാറാണ്. ക്ലച്ച്–ബ്രേക്ക് ലിവറുകളുടെ അകലം ക്രമീകരിക്കാം. ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളിൽ ഗിയർ ഇൻഡിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ അറിയാം. ബ്ലൂടൂത്ത് കണക്ടിവിറ്റി പോലുള്ള സംവിധാനങ്ങൾ ഇല്ല. 

benelli-trk-251-5

വശക്കാഴ്ചയിൽ നോട്ടമുടക്കുക വലിയ ടാങ്കിലും ഹാഫ് സൈഡ് ഫെയറിങ്ങിലുമാണ്. ഈ ഫെയറിങ്ങിലാണ് ഇൻഡിക്കേറ്റർ നൽകിയിരിക്കുന്നത്. 18 ലീറ്റർ ഫ്യൂവൽ ടാങ്കാണ്. ടൂറിങ്ങിനു പറ്റിയ കപ്പാസിറ്റിയുണ്ട്. വലുതെങ്കിലും കാൽമുട്ടുകൾ സുഖമായി ഉൾക്കൊള്ളുന്ന രീതിയിലാണ് ഡിസൈൻ. മാത്രമല്ല, ഒാഫ്റോഡിൽ എഴുന്നേറ്റു നിൽക്കുമ്പോഴും നല്ല ഗ്രിപ്പുണ്ട്. ഉയരം കുറഞ്ഞവർക്ക് കൂളായി ഇരിക്കാം 251 ൽ. പൊതുവേ ടൂറർ ബൈക്കുകൾക്ക് ഉയരം കൂടുതലാണ്. എന്നാൽ, ഉയരക്കുറവാണ് ഇവന്റെ ഹൈലൈറ്റ്. മാത്രമല്ല, ഭാരവും കുറവാണ്. 164 കിലോഗ്രാമേയുള്ളൂ. 

benelli-trk-251-4

എൻജിൻ

249 സിസി സിംഗിൾ സിലിണ്ടർ ഫോർ വാൽവ് ഫ്യൂവൽ ഇൻജക്‌ഷൻ എൻജിനാണ്. കൂടിയ പവർ 25.4 ബിഎച്ച്പി. ടോർക്ക് 21.1 എൻഎം. ട്രാൻസ്മിഷൻ 6 സ്പീഡ്.

റൈഡ്

കാഴ്ചയിൽ ബിഗ്ബൈക്ക് ഫീൽ ഉണ്ടെങ്കിലും സീറ്റിന്റെ ഉയരം കുറവാണ്. റൈഡർ സീറ്റിന്റെ ഉയരം 800 എംഎം മാത്രമേയുള്ളു.  കെടിഎം അഡ‍്വഞ്ചറിന് 855 എംഎം ആണ് റൈ‍ഡർ സീറ്റിന്റെ ഉയരം. നല്ല കുഷനുള്ള വലിയ സീറ്റുകളാണ്. മുന്നോട്ടും പിന്നോട്ടും കയറിയും ഇറങ്ങിയും ഇരിക്കാനുള്ള ഇടമുണ്ട്. പിന്നിൽ ഇരിക്കുന്നവർക്കും ആവശ്യത്തിന് ഇടം. വലിയ ഗ്രാബ് റെയിലും ലഗേജ് കാരിയറും നൽകിയിട്ടുണ്ട്. ദീർഘദൂരയാത്രയിൽ ഈസിയായി ലഗേജ് വയ്ക്കാം.  

benelli-trk-251-3

ദീർഘദൂരയാത്രയ്ക്കു പറ്റിയ റൈഡിങ് പൊസിഷൻ. നിവർന്നിരിക്കാം. സിറ്റിയിൽ തിരിക്കലും വളയ്ക്കലുമൊക്കെ പാടായിരിക്കും എന്നു തോന്നുമെങ്കിലും അക്കാര്യങ്ങൾ  ഈസിയാണ്. ലിയോൻസിനോയിലുള്ള അതേ എൻജിൻതന്നെയാണിത്. റിഫൈൻമെന്റാണ് ഈ എൻജിന്റെ ഹൈലൈറ്റ്. സ്മൂത്ത് പവർ ഡെലിവറി. ഉയർന്ന ഗിയറിൽ കുറഞ്ഞ വേഗത്തിൽ പോയാലും കാര്യമായ എൻജിൻ നോക്കിങ് ഇല്ലെന്നത് എടുത്തുപറയാം. യാത്രാസുഖത്തിലും 251 സ്കോർ ചെയ്യുന്നു. വലിയ അടിപ്പില്ലാതെ കട്ടിങ്ങും ചെറു ഗട്ടറുകളും കയറിയിറങ്ങുന്നുണ്ട്. നല്ല നേർരേഖാ സ്ഥിരതയും വളവുകളിലെ വഴക്കവും മേൻമയായി പറയാം. 

benelli-trk-251-7

ഒാഫ് റോഡിങ്ങിൽ

ടിആർകെ 251 ടൂറർ ബൈക്കാണെങ്കിലും അഡ്വഞ്ചർ ടൂറർ വിഭാഗത്തിലും പരിഗണിക്കപ്പെടുന്നു. ഡിസൈൻ തന്നെയാണ് കാരണം. എന്നാൽ, ചെറിയ ഒാഫ്റോഡിനു മാത്രമേ പരിഗണിക്കാവൂ. 170 എംഎം മാത്രമേ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളൂ. മാത്രമല്ല അലോയ് വീലുകളുമാണ്. രണ്ടു വീലുകളിലും ഡിസ്ക്ബ്രേക്കുകളാണ്. ഡ്യൂവൽ ചാനൽ എബിഎസുണ്ട്. ഉഗ്രൻ ബ്രേക്കാണ്. ഉയർന്ന വേഗത്തിലും പെട്ടെന്നു പിടിച്ചാൽ വരുതിയിൽ നിൽക്കുന്നുണ്ട്. 

benelli-trk-251-2

ഫൈനൽ ലാപ്

ക്വാർട്ടർ ലീറ്റർ അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ ഡിസൈൻ മികവിലും റൈഡ് ക്വാളിറ്റിയിലും നിർമാണ നിലവാരത്തിലും എതിരാളികൾക്കു വെല്ലുവിളിയാണ് ടിആർകെ 251. ലോങ് ട്രിപ്പിനും ചെറിയ ഒാഫ് റോഡിങ്ങിനും പറ്റിയ വ്യത്യസ്ത ലുക്കുള്ള ബൈക്ക് വേണമെന്നുള്ളവർക്ക് ധൈര്യമായി ബെനലി ഷോറൂമിലേക്കുചെല്ലാം. ടിആർകെ ബുക്ക് ചെയ്യാം. നിരാശപ്പെടേണ്ടി വരില്ല. 

English Summary: Benelli TRK 251 Test Ride Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS