ADVERTISEMENT

പെട്രോളിലോടുന്ന ടാറ്റ ആൽട്രോസിന് ശക്തി പോരാ എന്ന ആരോപണവുമായി നടക്കുന്നവർക്ക് മുഖമടച്ചുള്ള മറുപടിയാണ് ആൽട്രോസ് ഐ ടർബോ. ഒരു ഹാച്ച് ബാക്ക് കാറിന് ആവശ്യത്തിലധികമായിരുന്ന 86 ൽ നിന്ന് 110 ബി എച്ച് പിയിലേക്ക് ഉയർന്ന ടർബോ കരുത്ത് വിമർശകരുടെ വായകൾ എന്നെന്നേക്കുമായി മൂടിക്കെട്ടും. 113 ൽ നിന്ന് 140 എൻഎമ്മിലേക്കുയർന്ന ടോർക്ക് ഏതു മോശം പരിസ്ഥിതികളിലും സുഗമസുന്ദരമായ ഡ്രൈവിങ് അല്ലാതെ മറ്റെന്താണ്?

∙ ശക്തി കുറവായിരുന്നോ? കടലാസ് കണക്കുകൾ പരിശോധിക്കുമ്പോൾ പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിൽ ആൽട്രോസിന് തെല്ലു ശക്തി കൂടിയാകാമെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റില്ല. എന്നാൽ ഒന്നരക്കൊല്ലം മുമ്പ് പാക്കിസ്ഥാൻ അതിർത്തിയിൽ ആദ്യമായി ആൽട്രോസിൽ കൈ വയ്ക്കുമ്പോൾത്തന്നെ ആ തോന്നലിൽ കഴമ്പില്ലെന്നു വ്യക്തമായി. ഇതേ മൂന്നു സിലണ്ടർ എൻജിൻ തന്നെയല്ലേ ടിയാഗോയിലും എന്ന പുച്ഛവുമായി കയറിയവർ ജയ് പൂരിൽ നിന്നു ലോംഗോവാൾ വരെയത്തിയപ്പോൾ തിരുത്തി; ടാറ്റ പറയുന്നത് ശരിയാണ്: ആൽട്രോസ് എല്ലാത്തിലും സ്വർണ നിലവാരം തന്നെ... തനി തങ്കം...

Altroz-iTurbo-Interior

∙ ഗോൾഡ് സ്റ്റാൻഡേർഡ്: രൂപകൽപനയിലും യാത്രാസുഖത്തിലും ഡ്രൈവിങ് മികവിലും ആഢംബരത്തിലുമെല്ലാം ടാറ്റ സ്ഫുടം ചെയ്തെടുക്കുന്ന തങ്കനിലവാരമാണ് ആൽട്രോസ്. ഗുണമേന്മയുള്ള ആ സ്വർണത്തിന് ഒരു മങ്ങൽ വേണ്ട എന്ന തോന്നലാകണം ടർബോ സാങ്കേതികതയുള്ള പെട്രോൾ മോഡലുമായെത്താൻ കാരണം. പരാതികൾ ഒന്നു പോലും ബാക്കി വയ്ക്കരുത് എന്ന നിർബന്ധം.

tata-altroz-3

∙ എന്താണ് ടർബോ? ഡീസലിൽ ടർബോ സർവസാധാരണമായ കാലത്തും പെട്രോൾ ടർബോ അത്രയങ്ങു കാണാറില്ല. താരതമ്യേന ഉയർന്ന സാങ്കേതികതയും വിലക്കൂടുതലും ഇന്ത്യയിൽ ടർബോ പെട്രോൾ വേണ്ടെന്നു വയ്ക്കാൻ നിർമാതാക്കളെ നിർബന്ധിതരാക്കി. മാത്രമല്ല, ഒരു കാലത്ത് വലിയ വിലയുള്ള പെർഫോമൻസ് കാറുകളിലും റേസിങ് കാറുകളിലുമൊക്കെയായി ഒതുങ്ങി നിന്നിരുന്ന സാങ്കേതികതയാണിത്. എന്നാൽ കടുത്ത പരിസ്ഥിതി നിയന്ത്രണങ്ങളും ചെറിയ എൻജിനുകളിൽ നിന്നു പരമാവധി ശക്തിയെടുക്കാനുമുള്ള ശ്രമങ്ങളും ഇന്നു ചെന്നു നിൽക്കുന്നത് ടർബോ പെട്രോളിലാണ്.

tata-altroz-4

∙ അധികശക്തി: ഡ്രൈവിങിലെ ഹൈലൈറ്റ് അധികമായെത്തിയ ശക്തി തന്നെ. ആക്സിലറേറ്ററിൽ കാലമർത്തുമ്പോഴേ അനുഭവവേദ്യം. പ്രത്യേകിച്ച് സ്പോർട്സ് മോഡിലാണെങ്കിൽ. എതിരാളി പോളോ ടർബോയാണെങ്കിൽ പ്രകടനത്തിൽ തൊട്ടു തൊട്ടു നിൽക്കും ആൽട്രോസ്. 100 കിലോമീറ്റർ വേഗത്തിലെത്താൻ 12 സെക്കൻഡ് വേണ്ട. ഫോക്സ്‌വാഗൻ ഗ്രൂപ്പ് ഉപയോഗിക്കുന്ന ഡയറക്ട് ടർബോ സാങ്കേതികതയിൽ നിന്ന് തെല്ലു വ്യത്യസ്തമാണ് ടാറ്റയുടെ ഇൻഡയറക്ട് ടർബോ. ജാഗ്വാറും ലാൻഡ് റോവറുമൊക്കെ നിർമിക്കുന്നവർക്കുണ്ടോ സാങ്കേതികതയ്ക്കു പഞ്ഞം.

tata-altroz

∙ രണ്ടുണ്ട് മോഡ്: ഇക്കോ, സിറ്റി മോഡുകളാണ് സാധാ ആൽട്രോസിനെങ്കിൽ ടർബോയ്ക്ക് സിറ്റി, സ്പോർട് മോഡുകൾ. അതിൽ പേരു സൂചിപ്പിക്കുന്നതുപോലെ സ്പോർട് മോഡാണ് കിടിലൻ. 5500 ആർ പി എം വരെ എത്തുന്ന ഈ മോഡിൽ ദൈനംദിന ഡ്രൈവിങ് ആവശ്യമില്ല. ഒന്നു ചിൽഔട്ട് ചെയ്യണമെന്നു തോന്നുമ്പോൾ മാത്രം മതി. സിറ്റി ഡ്രൈവിങ് മോഡ് ഇന്ധനവും ലാഭിക്കും. എ ആർ എ ഐ കണക്കനുസരിച്ച് 18.13 ആണു മൈലേജ്. ടർബോയില്ലാത്ത മോഡലിന് 19.05. സ്പോർട്ട് മോഡിലിട്ട് കാലമർത്തി പാഞ്ഞാൽ മൈലേജിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് അറിഞ്ഞിരിക്കണം.

tata-altroz-1

∙ ഹാച്ചിൽ ആഢംബരം: മറ്റെല്ലാ സൗകര്യങ്ങളും ആഢംബരങ്ങളും ഈ മോഡലിലുമെത്തുന്നു. യുദ്ധവിമാനത്തിൻറെ കോക്പിറ്റിൽ അധിഷ്ഠിതമായ ഉൾവശ രൂപകൽപന, 90 ഡിഗ്രിയിൽ തുറക്കുന്ന ഡോറുകൾ, ഡ്യുവൽ ചേംബർ പ്രൊജക്ടർ ഹെഡ് ലാംപ്,  16 ഇഞ്ച് ഡ്യുവൽ ടോൺ ലേസർകട്ട് അലോയ്, പിയാനോ ബ്ലാക്ക് വിങ് മിറർ, ഒതുങ്ങി നിൽക്കുന്ന പിൻഡോർ ഹാന്ഡിൽ, മസ്കുലർ ലൈനുകളുള്ള രൂപകൽപന എന്നിങ്ങനെ തുടങ്ങി ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റം വരെ എത്തി നിൽക്കുന്ന ആധുനികതകൾ. ആൽട്രോസ് തങ്കമെങ്കിൽ ടർബോ അതിലും മാറ്റേറിയ തനി തങ്കമാണ്.

∙ വില-7.76 ലക്ഷം രൂപ മുതൽ 8.88 ലക്ഷം വരെ. 

∙ ടെസ്റ്റ് ഡ്രൈവ്–  എം കെ മോട്ടോഴ്സ് 8281151111

English Summary: Tata Altroz iTurbo Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com