ഇഗ്നിസ് സ്മാർട്ടാണ്

SHARE

ഇഗ്നിസിനെ സുസുക്കി ഉപമിക്കുന്നത് സ്മാർട്ട് ഫോണിനോടാണ്. ചക്രങ്ങളുള്ള സ്മാർട്ട് ഫോൺ. എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കുന്ന പുതുതലമുറയ്ക്കു പറ്റിയ വാഹനം. മെഴ്സെഡിസ് കാറുകളിൽ മാത്രം കണ്ടിട്ടുള്ള ടാബ്ലറ്റിനു സമാനമായ ഡാഷ്ബോർഡ് കൺസോൾ ഈ സ്മാർട്ട് ഫോൺ ബന്ധം അന്വർത്ഥമാക്കുന്നു. ആൻഡ്രോയിഡ് ഓട്ടൊ, ആപ്പിൾ കാർ പ്ലേ, മിറർ ലിങ്ക് തുടങ്ങിയ സംവിധാനങ്ങൾ ഏതു സ്മാർട്ട് ഫോണുമായി ഞൊടിയിടയിൽ ബന്ധം സ്ഥാപിച്ച് ഇഗ്നിസിനെ സ്മാർട്ടാക്കുകയും ചെയ്യും.

ignis-test-drive
Maruti Suzuki Ignis

∙ റെട്രോ ലുക്ക്സ്: എൺപതുകളിലെയോ അതിലും പഴയ കാലത്തെയോ രൂപകൽപനയോടുള്ള സാദൃശ്യം യാദൃശ്ചികമല്ല. കാറുകൾ കുടുതൽ മിടുക്കരായ കാലത്തിന്റെ സ്മാരകമായി ഒരു രൂപം കൊടുത്തതാണ്. എന്തായാലും ഇഗ്നിസിന് ഈ രൂപം ക്ലാസിക് ഭംഗിയല്ല യുവത്വമാണ് നൽകുന്നത്. ഉറപ്പും ശക്തിയും തോന്നിക്കുന്നതിനു മുഖ്യകാരണങ്ങൾ ഇവയൊക്കെ. സിംഗിൾ ഫ്രേം ഗ്രിൽ, ചതുര വടിവുള്ള എൽ ഇ ഡി പ്രൊജക്ടർ ഹെഡ് ലാംപ്, ആവശ്യത്തിനു മാത്രമുള്ള ക്രോമിന്റെ ഉപയോഗം, വലിയ വീൽ ആർച്ചുകൾ. കറുത്ത അലോയ് വീലുകൾ മറ്റധികം കാറുകളിൽ കാണില്ല.

ignis-test-drive-3
Maruti Suzuki Ignis

∙ പുതുമ തന്നെ പുതുമ: ഉള്ളിലും ഇതേ റാഡിക്കൽ രൂപഗുണം പിന്തുടരുന്നു. കറുപ്പും എവെറിയും ചേർന്ന ഫിനിഷ്. ടാബ്ലറ്റിനു സമമായ സെൻട്രൽ കൺസോളിലാണ് മാപ്പും ഓഡിയോ സിസ്റ്റവും റിവേഴ്സ് ക്യാമറയുമൊക്കെ. കോക് പിറ്റ് സ്റ്റൈലിങ്ങിലുള്ള സ്വിച്ചുകളും എ സി പാനലും. ബോഡി നിറം തന്നെ ഉൾ ഹാൻഡിൽ ബാറിനും മറ്റു ചില ഘടകൾക്കും നൽകിയതും പുതുമ.

ignis-test-drive-8
Maruti Suzuki Ignis

∙ പന്തുകളിക്കാൻ ഇടം: വലിയ ക്യാബിൻ. അത്യാവശ്യത്തിനു സ്ഥല സൗകര്യമുണ്ട്. ഉയർന്ന നിൽപ് പ്രവേശനം അനായാസമാക്കും. ധാരാളം കുഷനിങ്ങുള്ള സീറ്റുകൾ സുഖകരമായ ഇരിപ്പ് നൽകുന്നു.265 ലീറ്റർ ബൂട്ട്. 60—40 സ്പ്ലിറ്റ് സീറ്റ്. എന്നാൽ നഗര ഉപയോഗങ്ങൾക്കു പറ്റിയ ഒതുക്കവും ഹാൻഡ്ലിങ്ങും.

ignis-test-drive-1
Maruti Suzuki Ignis

∙ ഡിവൈസ് ഫ്രണ്ട്‌ലി: ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകൾക്ക് അനായാസം പെയർ ചെയ്യനാവുന്ന സംവിധാനങ്ങൾ. വോയിസ് കമാൻഡുകൾ ഇഗ് നിസ് അനുസരിക്കും. ഓഡിയോ പ്ലേയറിനു പുറമെ ഗൂഗിൾമാപ്പും കോളുകളും മെസേജിങ്ങും അടക്കമുള്ള ഫോൺ സംവിധാനങ്ങളുമൊക്കെ ഈ ടച് സ്ക്രീൻ സിസ്റ്റത്തിൽ അനായാസമാണ്.

ignis-test-drive-2
Maruti Suzuki Ignis

∙ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: എല്ലാ മോഡലിനും രണ്ട് എയർ ബാഗ്, എ ബി എസ്, ഇ ബി ഡി സൗകര്യം. ഭാവികൂടി പരിഗണിച്ചാണ് ഇഗ് നിസിലെ സുരക്ഷാ ഏർപ്പാടുകൾ. രൂപകൽപനാ തലത്തിലുള്ള സുരക്ഷാ പരിഗണനകൾ ഏറ്റവും സുരക്ഷയുള്ള ചെറുകാറായി ഇഗ് നിസിനെ ഉയർത്തുന്നു.

ignis-test-drive-7
Maruti Suzuki Ignis

∙ ഓട്ടൊ ഷിഫ്റ്റ്: ഡീസലിലും പെട്രോളിലും ഓട്ടൊ ഷിഫ്റ്റ് ഗീയർ ലഭിക്കും. സുഖകരമായ ഡ്രൈവിങ്. ഈ സംവിധാനം മറ്റേതു കാറുകളിലുള്ളതിലും മിക‘ച്ച രീതിയിൽ ഇഗ്നിസിൽ പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഓട്ടമാറ്റിക് കാറുകളോടു പ്രവർത്തനത്തിൽ കിടപിടിക്കും ഈ മാനുവൽ ഓട്ടമാറ്റിക്. ഈ വിഭാഗത്തിൽ ഡീസൽ ഓട്ടമാറ്റിക് കാറുകൾ വേറെയില്ല എന്നതും ശ്രദ്ധേയം.

ignis-test-drive-9
Maruti Suzuki Ignis

∙ ഫൺ ഡ്രൈവ്: ഡീസലായാലും പെട്രോളായാലും ഓടിക്കാൻ നല്ല സുഖം. ആയാസ രഹിതം. മിക‘ച്ച മാനുവബിലിറ്റി. ഒന്നാന്തരം നിയന്ത്രണം. 160 കിലോമീറ്റർ വരെ വേഗമെടുത്തു നോക്കിയിട്ടും ഇഗ്നിസ് പതറിയില്ല. വലുപ്പക്കുറവ് പാർക്കിങ്ങിനു മാത്രമല്ല തിരക്കിലൂടെയുള്ള ഡ്രൈവിങ്ങിനും കൊള്ളാം.

ignis-test-drive-11
Maruti Suzuki Ignis

∙ മൈലേജ് വീരൻ: 1.3 ലീറ്റർ 55.2 കിലോവാട്ട് എൻജിന് 26.80 കി മി മൈലേജാണെങ്കിൽഡ 1.2 ലീറ്റർ 61 കിലോവാട്ട് പെട്രോളിന് 20.89 കി മി വരെ ഒരു ലീറ്ററിൽ കിട്ടും.

ignis-test-drive-5
Maruti Suzuki Ignis

∙ വേഷം മാറ്റാം: ഉടമയുടെ ഇഷ്ടവേഷം ഇഗ്നിസിന് നൽകാം.റൂഫിനു പ്രത്യേക ഭംഗി നൽകുന്ന റൂഫ് റാപ്പുകൾ, വിങ് മിററിനു വ്യത്യസ്ത നിറങ്ങൾ, സ്പോയ്ലർ, ഫോഗ് ലാംപ് ഗാർനിഷ്, സ്കിഡ് പ്ലേറ്റുകൾ തുടങ്ങി ഒട്ടനവധി ആക്സസറികൾ കൊണ്ട് കാറിനെ കസ്റ്റസൈസ് ചെയ്യാം.

ignis-test-drive-4
Maruti Suzuki Ignis

∙ വിധി: കണ്ടു ശീലിയച്ച സ്ഥിരം ശൈലിയിലുള്ള വാഹനങ്ങളുടെ ഇടയിൽ വ്യത്യസ്തനാണ് ഇഗ്നിസ്. യുവത്വം തുളുമ്പുന്ന ഈ വാഹനം വിപണിയിൽ തരംഗമാവുമെന്ന് പ്രതീക്ഷിക്കാം.

∙ വില: പെട്രോളിന് 4.75 ലക്ഷം മുതൽ 6.89 ലക്ഷം വരെ പെട്രോൾ ഒട്ടമാറ്റിക്ക് 5.92 ലക്ഷം മുതൽ 6.49 ലക്ഷം വരെ. ഡീസലിന് 6.58 ലക്ഷം മുതൽ 8.01 ലക്ഷം വരെ. ഡീസൽ ഓട്ടോമാറ്റിക്കിന് 7.14 ലക്ഷം മുതൽ 7.67 ലക്ഷം വരെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA