ചേട്ടൻ സൂപ്പറാ.. മാരുതിയുടെ ആദ്യ ലഘുവാണിജ്യവാഹനം സൂപ്പർ ക്യാരി

Super Carry
SHARE

ടാറ്റയുടെ എയ്സും മറ്റു താരങ്ങളുമുള്ള സെഗ്‍െമന്റിലേക്ക് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള വാഹനബ്രാൻഡ് ഒരു ചെറുവാണിജ്യട്രക്ക് ഇറക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഒട്ടും നിരാശപ്പെടുത്താതെയാണ് മാരുതി സുസുക്കി സൂപ്പർ ക്യാരിയെ ഒരുക്കിയിരിക്കുന്നത്. 

super-carry-5
Super Carry

ഡിസൈൻ

വാണിജ്യവാഹനങ്ങളുടെ രൂപത്തെ പ്രത്യേകം വർണിക്കേണ്ട ആവശ്യമില്ലല്ലോ. മൾട്ടിപർപ്പസ് വാഹനമായ ഇക്കോയുടെയോ ഓമ്നിയുടെയോ മുൻവശവുമായി സാമ്യമുള്ള മുൻവശം. ആ സുസുക്കി ലോഗോ നൽകുന്ന വിശ്വാസ്യത വേറെതന്നെ. മറ്റു സാധാരണ മിനി ട്രക്കുകളുടേതുപോലെയല്ല, സാധാരണയിൽക്കൂടുതൽ ഫിനിഷ് ഉള്ളതാണു ബോഡി.  ഇനി പ്രത്യേകതകൾ മാത്രം നോക്കാം.  കണ്ണാടികൾ വലുതും വശങ്ങൾ വ്യക്തമായി കാണാവുന്നതുമാണ്. ദൃഢമായ സ്റ്റീൽ ഷാസി മുന്നറ്റം വരെയെത്തുന്നതിനാൽ മുൻവശത്തുനിന്നുള്ള ആഘാതം ഒരു പരിധിവരെ ചെറുക്കാമെന്നു മാരുതി. 

super-carry-6
Super Carry

കാർഗോ ബോക്സിന് ടാറ്റ എയ്സിനെക്കാളും ഒരു പൊടിക്കു നീളവും വീതിയും കൂടുതലുണ്ട്. എടുത്തുപറയേണ്ട രണ്ടു കാര്യങ്ങൾ കാർഗോ ബോക്സ് ഡോറിന് ഇൻബിൽറ്റ് ആയിത്തന്നെ സെക്കൻഡറി ലോക്ക് ഉണ്ടെന്നതാണ്. മറ്റുള്ളവരിൽ ഇതു പിന്നീടു വയ്ക്കേണ്ടിവരും. ചെറുകാര്യങ്ങളിലും മാരുതി ശ്രദ്ധിച്ചിട്ടുണ്ട്. കാർഗോ ഡോർ മുഴുവനായി താഴ്ത്തിയിടുമ്പോൾ പിന്നിലെ ലൈറ്റും ഇൻഡിക്കേറ്ററുകളും മറ്റും മറഞ്ഞിരിക്കും. രാത്രിയിലും മറ്റും ലോഡ് ഇറക്കുമ്പോൾ ഇതു ബുദ്ധിമുട്ടുണ്ടാക്കുമെന്നു പറയേണ്ടതില്ലല്ലോ. സൂപ്പർ ക്യാരിയിൽ‍ ഡോർ താഴ്ത്തിയാലും ഒരു ചെറിയ റിഫ്ലക്ടർ കാണുന്നതരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. 740 കിലോഗ്രാം ഭാരം കയറ്റാം. 

super-carry-8
Super Carry

ഇന്റീരിയർ

കാറിനുൾവശം ഇത്തിരി ഫിനിഷ് കുറഞ്ഞാൽ എങ്ങനെയിരിക്കും? അമ്മട്ടിലാണ് ഡാഷ്ബോർ‍ഡും ഇന്റീരിയറും. ഡ്രൈവർ സീറ്റ് മുന്നോട്ടുനീക്കിയിടാം. ഫുൾബഞ്ച് സീറ്റ് ഡ്രൈവർമാർക്ക് ഒന്നു വിശ്രമിക്കണമെങ്കിൽ സഹായകരമാകും. സീറ്റിനുള്ളിലേക്കു കയറിനിൽക്കുന്ന ഗിയർനോബ്, തൊട്ടുതാഴെ ഹാൻഡ്ബ്രേക്ക്. ആറടിപ്പൊക്കമുള്ളവർക്കും കാൽനീട്ടി, മുട്ടുതട്ടാതെ ഇരിക്കാവുന്നത്ര ലെഗ്റൂം ഉണ്ട് സൂപ്പർ ക്യാരിയിൽ. ഗ്ലവ് ബോക്സ് ലോക്ക് ചെയ്യാം. ബാറ്ററി ലോക്ക് സ്റ്റാൻഡേർഡ് ഫീച്ചർ ആണ്. 

super-carry-7
Super Carry

ഡ്രൈവ്

കാർ പോലെ ഓടിക്കാമെന്നതായിരുന്നു മാരുതി എക്സിക്യൂട്ടീവിന്റെ ആദ്യ കമന്റ്. ഏറക്കുറെ അതു ശരിയാണുതാനും. മറ്റു മിനിട്രക്കുകളിൽ ആക്സിലറേറ്ററിൽ കയറിനിന്നാലേ മുന്നോട്ടുപോകൂ എന്ന അവസ്ഥ സൂപ്പർ ക്യാരിയിലില്ല. ഭാരം വഹിക്കാതെയാണ് ടെസ്റ്റ് ഡ്രൈവ് എടുത്തത്. പരമാവധി വേഗമായ എൺപതു കിലോമീറ്ററിലേക്ക് പെട്ടെന്ന് എത്തി. ത്രീസ്പോക് സ്റ്റിയറിങ് വീൽ ലഘുവാണ്. 5 സ്പീഡ്  ആണ് ഗിയർബോക്സ്. ഒന്നു പരിചയമായിക്കഴിഞ്ഞാൽ കാറുപോലെ തന്നെ കൈകാര്യം ചെയ്യാം. 4.3 മീറ്റർ ടേണിങ് റേഡിയസ് കുഞ്ഞുറോഡുകളിൽ അനുഗ്രഹമാകും. 

super-carry-2
Super Carry

793 സിസി 2 സിലിണ്ടർ എൻജിൻ 32 ബിഎച്ച്പി കരുത്താണു നൽകുന്നത്. ടാറ്റ എയ്സ് എച്ച്ടിയെക്കാളും ഇരട്ടി. 75 എൻഎം ടോർക്കുമുണ്ട്. എയ്സ് എച്ച്ടി 710 കിലോഗ്രാം ഭാരമേ വഹിക്കൂ. മാരുതിയുടെ കാറുകളിലുള്ള ഡിഡിഐഎസ് സാങ്കേതികവിദ്യ ഇണക്കിച്ചേർത്ത ഡീസൽ എൻജിൻ ലീറ്ററിന്  22.07 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നു. സസ്പെൻഷൻ മക്ഫേഴ്സൺ സ്ട്രട്ട് ആണ് മുന്നിൽ. കുലുക്കങ്ങൾ അധികം അറിയുന്നില്ല. മുന്നിൽ ഡിസ്ക് ബ്രേക്ക് ആണ്.  

super-carry-1
Super Carry

ടെസ്റ്റേഴ്സ് നോട്ട്

കാർ പോലെ ഓടിക്കാവുന്ന കുഞ്ഞു ട്രക്ക്. ഇന്ധനക്ഷമത കൂടുതൽ. യാത്രാസുഖവും നന്ന്. ഏറ്റവും ആകർഷകമായ കാര്യം മാരുതി എന്ന പേരുതന്നെയാണ്. ഏതു മാരുതി സർവീസ് സെന്ററിലും സൂപ്പർ ക്യാരിയുമായി ചെല്ലാം. ഡിഡിഐഎസ് ബിഎസ് 4 എൻജിൻ സാങ്കേതികവിദ്യയുടെ വിശ്വാസ്യതയും കൂട്ടിനുള്ളപ്പോൾ സൂപ്പർ ക്യാരി സൂപ്പറാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUVS & TRUCK
SHOW MORE
FROM ONMANORAMA