10 ലക്ഷത്തിന് മരാസോ

SHARE

ചടുലമായ ചലനങ്ങളും ആഢ്യത്തം തുളുമ്പുന്ന പ്രവർത്തികളും വന്യമായ ഭംഗിയുമുള്ള കൊമ്പൻ സ്രാവാണ് മഹീന്ദ്രയുടെ പുതിയ വാഹനമായ മരാസോ. എന്തിനാണ് ഇങ്ങനെയൊരു വല്ലാത്ത ഉപമ എന്നു ചിന്തിക്കുന്നവർ മരാസോ ഒാടിച്ചു നോക്കുക. കാര്യമുണ്ടെന്ന് പിടികിട്ടും. ഏറ്റവും മുന്തിയ മോഡൽ പോലും 14 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവുമ്പോൾ മരാസോ എതിരാളികളെ വിഴുങ്ങുന്ന സ്രാവു തന്നെ (സ്പാനിഷിൽ മരാസോ എന്നാൽ സ്രാവ്).

mahindra-marazzo-1
Mahindra Marazzo

∙ അതു പുലി ഇത്...: എക്സ് യു വി 500 ഇറങ്ങിയപ്പോൾ ഉപമ പുലിയോടായിരുന്നു. പായും പുലി തന്നെയാണെന്ന് എക്സ്‌യു‌വി ഇതിനകം തെളിയിച്ചു കഴിഞ്ഞു. സ്രാവാണെന്നു മരാസോയും തെളിയിക്കണം. അനായാസം തെളിയിക്കാനാകും. കാരണങ്ങൾ. ഒന്ന് രൂപകല്‍പനാസൗന്ദര്യം. സ്രാവിനെ അനുസ്മരിപ്പിക്കുന്ന ഘടകങ്ങൾ ‍ഡിസൈനിലുടനീളം പ്രകടം. രണ്ട്: ചടുലത. 121 ബി എച്ച് പി നാലു സിലണ്ടർ എം ഹോക്ക് സീരീസ് എൻജിൻ ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മൂന്ന്: ആഢ്യത്തം: ഉള്ളിലും പുറത്തും ധാരാളം. സുഖലോലുപതയ്ക്കും കുറവില്ല. നാല്: വിലക്കുറവ്.

marazzo-1
Mahindra Marazzo

∙ വമ്പൻ സ്രാവ്: എം യു വി വിഭാഗത്തിൽ പോരിനിറങ്ങുമ്പോൾ എതിരാളികൾ ആരെന്നറിയണം. ഇന്നോവ ക്രിസ്റ്റയുമായി മത്സരിക്കയാണ് മരാസോയുടെ ലക്ഷ്യം. സ്രാവിെൻറ മുഖ്യസ്വഭാവമായ ആക്രമണോത്സുകത ഇവിടെ മരാസോ പുറത്തെടുക്കുകയാണ്. വിപണിയിലെ രാജാവായ ക്രിസ്റ്റയുമായി വലുപ്പത്തിൽ തൊട്ടു തൊട്ടില്ലയെന്നു നിൽക്കുന്നു. ക്രിസ്റ്റയെക്കാൾ നീളം 15 സെൻറീമീറ്ററും ഉയരം 21 മില്ലീ മീറ്ററും കുറവ്. എന്നാൽ വീതി 3.6 സെ മിയും വീൽ ബേസ് 10 മി മിയും കൂടുതലുണ്ട്. ഒരടിയിലധികം നീളക്കുറവ് മരാസോയ്ക്കുണ്ടെങ്കിലും അതു മുഴുവൻ ക്യാബിൻ ഇടത്തിലെ കുറവായി വ്യാഖ്യാനിക്കാനാവില്ല.

mahindra-marazzo-2
Mahindra Marazzo

∙ വിലയിൽ കൊമ്പൻ: മത്സരം ടൊയോട്ടയുമായാണെങ്കിൽ വിലയിൽ 10 ലക്ഷം രൂപ വരെ കുറവാണ് മരാസോയ്ക്ക്. 2700 സി സി വരെയുള്ള എൻജിനും ഏഴ് എയർബാഗും ഒാട്ടമാറ്റിക് ഗീയർ ബോക്സും ഒക്കെ അധികമായുള്ള ക്രിസ്റ്റയെ എതിരാളിയായി കാണരുതെന്നു മഹീന്ദ്ര പറയുന്നു. എന്നാൽ 1.5 സി സി എൻജിന്റെ ചെറുപ്പം മാറ്റി നിർത്തിയാൽ വലുപ്പത്തിൽ മാത്രമല്ല കാര്യപ്രാപ്തിയിലും മരാസോ അത്ര പിന്നിലൊന്നുമല്ല.

mahindra-marazzo-4
Mahindra Marazzo

∙ വന്യസൗന്ദര്യം: സ്രാവിന്റെ വന്യസൗന്ദര്യമാണ് ലോകപ്രശസ്തമായ പിനിൻഫരീന സ്റ്റുഡിയോ മരാസോയിലേക്കു പകർന്നിട്ടുള്ളത്. ഇറ്റലിയിലെ പിനിൻഫരീന ഇപ്പോൾ മഹീന്ദ്രയ്ക്കു സ്വന്തമായതിനാൽ റോൾസ് മുതൽ ഫെരാരിയും ആൽഫാ റോമിയോയും വരെ ചമച്ച അതേ െെകകളിലൂടെ കടന്നു വന്ന ആദ്യ മഹീന്ദ്രയ്ക്ക് സൗന്ദര്യം കുറയില്ലല്ലോ. ഗൗരവം തെല്ലും ചോരാത്ത സൗന്ദര്യധാമമാണ് മരാസോ. സ്രാവിൽ നിന്നു സ്വാംശീകരിച്ച ഗ്രില്ലും വശങ്ങളും വലിയ പിൻവശവും നന്നായി ഇണങ്ങുന്നു.

mahindra-marazzo-6
Mahindra Marazzo

∙ ബിസിനസ് ക്ലാസ്: ജെറ്റ് വിമാനത്തിെൻറ ബിസിനസ് ക്ലാസിനെ അനുസ്മരിപ്പിക്കുന്ന ഉൾവശം. രണ്ടു നിര ക്യാപ്റ്റൻ സീറ്റുകൾ. ഏറ്റവും പിന്നിൽ മറിക്കാവുന്ന ബെഞ്ച് സീറ്റ്. പിന്നിൽ എ സി വെൻറ് മുകളിൽ മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്നു. രണ്ടു വശത്തേക്കും പിന്നിലെ രണ്ടു നിരകളിലേക്കും ഒരേ പോലെ തണുപ്പ്. മൂന്നു നിരയിലും നല്ല ലെഗ് റൂം. 

mahindra-marazzo-roof
Mahindra Marazzo

∙ തീർന്നില്ല: മികച്ച ഫിനിഷുള്ള ഡാഷ് ബോർഡ്, ട്രിം. 18 സെ മി ടച് സ്ക്രീനും 6 സ്പീക്കറുകളും അടക്കം ഒന്നാന്തരം സംഗീത സംവിധാനം. നാവിഗേഷൻ. സ്റ്റീയറിങ് കൺട്രോൾ. എ ബി എസ്, എയർ ബാഗ് സുരക്ഷ. ഷാസിയിൽ ബോഡി ഉറപ്പിച്ച നിർമാണ രീതി ലാളിത്യവും വിലക്കുറവും നൽകുന്നു. എന്നാൽ എൻജിൻ കാറുകളിലേതു പോലെയാണ് ഉറപ്പിച്ചിരിക്കുന്നത്. െെഡ്രവ് മുൻ വീലുകളിലും.

mahindra-marazzo-2
Mahindra Marazzo

∙ നിശ്ശബ്ദസുന്ദരം:  1500 സി സി നാലു സിലണ്ടർ ഡീസൽ എൻജിൻ ഇത്രയ്ക്കു നിശ്ശബ്ദമോ? അമ്പരന്നു പോകും. പെട്രോൾ വാഹനങ്ങളെ നാണിപ്പിക്കും. ക്യാബിനിലേക്ക് ശബ്ദം കടന്നു വരാൻ പൂർണമായി വിസമ്മതിക്കയാണ്. പിക്കപ്പാണെങ്കിലോ? അസാധ്യം. സ്റ്റീയറിങ് കാറുകളിലേതിനു തുല്യം െെലറ്റ്. ആറു സ്പീഡ് ഗീയർ ഷിഫ്റ്റ് സുഖകരം. നാലു വീലുകള്‍ക്കും ഡിസ്ക് ബ്രേക്ക്. പിടിച്ചാൽ പിടിച്ചിടത്തു കിട്ടും. ചെറിയതെങ്കിലും ശേഷിയുള്ള എൻജിന് 16 കി മി വരെ െെമലേജ് കിട്ടും.

mahindra-marazzo-5
Mahindra Marazzo

∙ യാത്രാസുഖം: പറയാതെ വയ്യ. സസ്പെൻഷനിൽ എന്തു മാജിക്കാണ് മഹീന്ദ്ര കാട്ടിയതെന്നറിയില്ല, മരാസോയ്ക്ക് കുടുക്കവും ബോഡി റോളിങ്ങും തെല്ലുമില്ല. സീറ്റുകളും സുഖകരം. രണ്ടു നിര ക്യാപ്റ്റൻ സീറ്റുകൾക്കും ഹാൻഡ് റെസ്റ്റുകളുണ്ട്. പിൻ യാത്രക്കാരന് െെസഡ് കർട്ടൻ പോലും നൽകുന്നു മഹീന്ദ്ര.

∙ 10 ലക്ഷം: എക്സ് ഷോറൂം വില 9.99 ലക്ഷം മുതൽ 13.99 ലക്ഷം വരെ. 

∙ ടെസ്റ്റ്െെഡ്രവ്: ടി വി എസ് മഹീന്ദ്ര 8111956596, 7902277777

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUVS & TRUCK
SHOW MORE
FROM ONMANORAMA