ADVERTISEMENT

ചെറു എസ്‍യുവി സെഗ്‍മെന്റിലെ വമ്പന്മാരെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് 2016-ൽ മാരുതി സുസുക്കി ബ്രെസ വിപണിയിലെത്തുന്നത്. ഡീസൽ എൻജിൻ മാത്രമായി എത്തിയ ബ്രെസ നാലുവർഷത്തിൽ 5 ലക്ഷം യൂണിറ്റ് വിൽപനയുമായി ചരിത്രം കുറിച്ചു. മറ്റു കോംപാക്റ്റ് എസ്‌യുവികൾ പെട്രോൾ എൻജിനുമായി എത്തിയപ്പോൾ ബ്രെസ ഡീസലിൽ ഉറച്ചു നിന്നു. എന്നാൽ ചെറു ഡീസൽ എൻജിനുകളുടെ ഉൽപാദനം അവസാനിപ്പിക്കാനുള്ള നീക്കം ബ്രെസയെയും പെട്രോളാക്കി.  പെട്രോൾ എൻജിൻ മാത്രമായിരിക്കും ഇനി ബ്രെസയ്ക്കുണ്ടാകുക. കോംപാക്റ്റ് എസ്‍യുവി സെഗ്മെന്റിലെ ഏറ്റവും വിൽപനയുള്ള വാഹനമായ ബ്രെസയുടെ പെട്രോൾ പതിപ്പിനും അതേ സ്വീകര്യത ലഭിക്കുമോ ? പെട്രോൾ ബ്രെസയെ ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കാം.

vitara-brezza-7

‌‌∙ 1.5 ലീറ്റർ പെട്രോൾ എൻജിൻ: സിയാസ്, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ എൻജിനാണ് ബ്രെസയ്ക്ക് ശക്തി പകരുന്നത്. 77 കിലോവാട്ട് കരുത്തും 138 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 5 സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സുകളുണ്ട് പുതിയ ബ്രെസയ്ക്ക്.  ഓട്ടമാറ്റിക്കിന് ലീറ്ററിന് 18.76  കിലോമീറ്ററും മാനുവലിന് 17.03 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

vitara-brezza-8

∙ മികച്ച ഡ്രൈവ്: ശബ്ദം കുറഞ്ഞ് റിഫൈൻഡാണ് 1.5 ലീറ്റർ പെട്രോൾ എൻജിൻ. ഹൈവേ ക്രൂസിങ്ങിനും സിറ്റി ഡ്രൈവിനും ഒരുപോലെ അനുയോജ‌്യം. ‍ഓട്ടമാറ്റിക്കും മാനുവലും മികച്ച െെഡ്രവിങ് അനുഭവമാണ് നൽകുന്നത്. തുടക്കത്തിലെ പുള്ളിങ്ങും ഒന്നാന്തരം. കോർണറിങ്ങും ബ്രേക്കിങ്ങുമെല്ലാം മികച്ചതാണ്. ഡീസൽ ബ്രെസയെക്കാൾ ലൈറ്റായ സ്റ്റിയറിങ്ങാണ് പെട്രോളിന്. റസ്പോണ്‍സീവ് സ്റ്റിയറിങ് വീൽ ഡ്രൈവിങ് ഹരം കൂട്ടും. വേഗം കൂടിയാലും സ്റ്റെബിലിറ്റിയുണ്ട്. മോശം റോഡുകളിലും  യാത്രാസുഖം നൽകുന്ന സസ്പെൻഷൻ.

vitara-brezza-5

∙ സ്മാർട്ട് ഹൈബ്രിഡ്: ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്, ബ്രേക്ക് എനർജി റീജനറേഷൻ, ടോർക്ക് അസിസ്റ്റ് എന്നിവ അടങ്ങിയ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റമാണ് ഓട്ടമാറ്റിക്ക് ബ്രസയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഓട്ടമാറ്റിക്കിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗുകൾ, ഹിൽഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, പെഡസ്ട്രിയൻ െസയ്ഫ്റ്റി, ഐഎസ്ഒഫിക്സ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 

vitara-brezza-3

∙ ബോൾഡാണ് ബ്രെസ: രൂപഭംഗി തന്നെയാണ് ബ്രെസയുടെ പ്രധാന വിജയമന്ത്രം. അതു നിലനിർത്തി കാലികവും സ്പോർട്ടിയുമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ മോഡൽ എത്തിയത്. ബോൾഡ് ലുക്കുള്ള ക്രോം ഫിനിഷിലുള്ള ഗ്രിൽ തന്നെയാണ് പ്രധാന പ്രത്യേകത. പുതിയ ഹെഡ്‍ലാംപുകളും ഫോഗ്‌ലാംപുമാണ് ബ്രെസയ്ക്ക്. ഇൻഡികേറ്ററായി കൂടി പ്രവർത്തിക്കുന്ന എൽഇഡി ‍ഡേറ്റൈം റണ്ണിങ് ലാംപോടു കൂടിയതാണ് ഡ്യുവൽപോഡ് ഹെഡ്‍ലാംപ്. പഴയ ബ്രെസയിലെക്കാൾ വലിപ്പം കൂടുതലുണ്ട് ഹെഡ്‍ലാംപിന്. ഫോഗ്‍ലാംപുകളും പുതിയ സ്കഫ് പ്ലേറ്റുകളുമുള്ള പുതിയ ബംബറാണ് മുന്നിൽ. 

vitara-brezza-2

വശങ്ങളിലെ പ്രധാന മാറ്റം പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകളാണ്. സ്പോർട്ടി ഡിസൈനാണ് അലോയ് വീലുകളുടേത്. പിന്നിലേയ്ക്ക് എത്തിയാൽ ബംബറും ടെയിൽ ലാംപുകളുമാണ് പ്രധാന മാറ്റങ്ങൾ. പുതിയ എല്‍ഇഡി ടെയിൽ ലാംപും സ്കഫ് പ്ലേറ്റോടു കൂടിയ പുതിയ പിൻബംബറുമാണ്. പഴയ ബ്രെസയുടെ ബോൾഡായ ഡിസൈൻ എലമെന്റുകൾ നിലനിർത്തി കൂടുതൽ സ്പോർട്ടിയാക്കുന്ന മാറ്റങ്ങളുമായാണ് പുതിയ ബ്രെസ എത്തിയിരിക്കുന്നത്.

vitara-brezza-1

∙ ഇന്റീരിയർ: അപ് മാർക്കറ്റ് കറുപ്പു ഫിനിഷാണ് ഉൾവശം. മാരുതിയുടെ ഏറ്റവും പുതിയ സുസുക്കി സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോടൈൻമെന്റ് സിസ്റ്റം പുതിയ ബ്രെസയിൽ ഉൾപെടുത്തിയിരിക്കുന്നു. ആപ്പു വഴി നിയന്ത്രിക്കാവുന്ന സ്മാർട്ട് പ്ലേ സ്റ്റുഡിയോയിൽ നാവിഗേഷൻ, റിവേഴ്സ് ക്യാമറ, കോൾ അസിസ്റ്റ് എന്നിവയുണ്ട്. സ്റ്റൈലിഷും പ്രായോഗികവുമായ ഡാഷ് ബോർഡ്. ക്രൂസ് കൺട്രോൾ, മീഡിയ സ്വിച്ചുകൾ എന്നിയുണ്ട് സ്റ്റിയറിങ് വീലിൽ.  കൂടാതെ റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടൊ ഹെഡ് െെലറ്റ്, എയർ കൂൾഡ് സ്റ്റോറേജ് തുടങ്ങിയവ സംവിധാനങ്ങളുമുണ്ട്. 

vitara-brezza-4

മികച്ച യാത്രാസുഖം നൽകുന്ന സീറ്റുകളാണ്. ദൂരയാത്രകളും മടുപ്പിക്കില്ല. അഞ്ചു സീറ്റെങ്കിലും ധാരാളം ഡിക്കി സ്പെയ്സുണ്ട്. ഉയരം 1640 എംഎം ഉള്ളതിനാൽ ധാരാളം ഹെഡ് റൂമുണ്ട്. പിന്നില്‍ ‌ആവശ്യത്തിന് ലെഗ്‍റുമുമുണ്ട്. 

Brezza
Brezza

∙അവസാന വാക്ക്: കോംപാക്റ്റ് സെ‍ഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ബ്രെസയുടെ പ്രധാന ശക്തി ബോൾഡ് ലുക്കും മാരുതിയുടെ വിശ്വാസ്യതയുമാണ്. ഡീസൽ ഉപേക്ഷിച്ച് പെട്രോൾ എൻജിൻ മാത്രമായി വിപണിയിലെത്തുമ്പോൾ ബ്രെസയുടെ ജനപ്രീതി വീണ്ടും വർദ്ധിക്കും എന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT