ചെറോക്കിയെ വെല്ലാൻ മെറിഡിയൻ ഇതാ...

HIGHLIGHTS
  • കൂടുതൽ വിവരങ്ങൾക്ക്: 9995807898
SHARE

കോംപസിൽനിന്നു മെറിഡിയനിലേക്കുള്ള ദൂരം കുറെയേറെയുണ്ട്. വെറുതെ വലിച്ചു നീട്ടിയ കോംപസല്ല മെറിഡിയൻ. അവസാന നിര സീറ്റിനൊപ്പം, കരുത്തന്മാരായ ഗ്ലോസ്റ്ററിനും ഫോർച്യൂണറിനുമൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള തലയെടുപ്പും സ്വന്തമാക്കി ജീപ്പിന്റെ പുതിയ 7 സീറ്റർ എസ്‌യുവി.

jeep-meridian-2
Jeep Meridian

ചെറോക്കിക്കൊപ്പം മെറിഡിയൻ...

36.4 സെന്റിമീറ്റർ നീളം വെറുതെ പിൻ ഭാഗം പുറകോട്ടു നീട്ടിപ്പിടിച്ചതല്ല. വീൽ ബേസിൽ ഗണ്യമായ വർധന വരുത്തിയാണ് സാധിച്ചിരിക്കുന്നത്. അതു തന്നെയാണ് ജീപ്പിന്റെ വലിയ വിജയം. 278.2 സെ.മീ. വീൽബേസ്; കോംപസിനെക്കാൾ 14.5 സെ.മീ. കൂടുതൽ. ഇതോടെ ഈ വിഭാഗത്തിൽ ഏറ്റവുമധികം വീൽ ബേസുള്ള വാഹനമായി മെറിഡിയൻ. ഫോർച്യൂണറിലും ഗ്ലോസ്റ്ററിലും അധികം. ഈ അധിക വീൽ ബേസ് ജീപ്പിന്റെ ഉന്നതശ്രേണിയിലുള്ള ഗ്രാൻഡ് ചെറോക്കിക്കൊപ്പം റോഡ് സാന്നിധ്യവും കയ്യൊതുക്കവും ഗാംഭീര്യവും മെറിഡിയനു നൽകുന്നു.

jeep-meridian-5

കാഴ്ചയിലും കാര്യമുണ്ട്

അധിക നീളവും ബംപറിലും ഗ്രില്ലിലും ലൈറ്റുകളിലും വരുത്തിയ ബുദ്ധിപരമായ ചില മാറ്റങ്ങളും 235–55–ആർ–18 ടയറുകളും കുറച്ചധികം ക്രോമിയം പൂശലുകളും സംയുക്തമായി മെറിഡിയന് അപാരമായ റോഡ് സാന്നിധ്യം നൽകുന്നു. എവിടെ പാർക്ക് ചെയ്താലും ആരും ഒന്നു നോക്കും. പരമ്പരാഗത ജീപ്പ് ഗ്രിൽ നൽകുന്ന ആഢ്യത്തം പുറമേ. ഹാരിയർ എന്ന മനോഹര എസ്‌യുവിക്ക് സഫാരിയെന്ന കാലഹരണപ്പെട്ട പേരു നൽകി ടാറ്റ കാട്ടിയ അബദ്ധം ജീപ്പ് ആവർത്തിക്കുന്നില്ല. അതു കൊണ്ടു തന്നെ വിജയം സുനിശ്ചിതം.

jeep-meridian-3

ഉൾവശം പഴയതല്ല

ഡാഷ് ബോർഡും ഘടകങ്ങളും കോംപസിനു തുല്യം. എന്നാൽ തവിട്ടും കറുപ്പും ക്രോമിയവും കലർന്ന ഫിനിഷ് കാഴ്ചയിൽ വ്യത്യസ്തതയേകുന്നു. കോംപസിന് മൊത്തം കറുപ്പാണല്ലോ. ഇടയ്ക്കെത്തുന്ന ക്രോം ലൈനുകളും സ്റ്റിച്ച്ഡ് ലെതർ ഫിനിഷുകളും വ്യത്യസ്തമായ വെന്റിലേറ്റ‍ഡ് സീറ്റുകളും കൊള്ളാം. 10.25 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററും 10.1 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കോംപസിലും കണ്ടെത്താം. എന്നാൽ അഡാപ്റ്റിവ് ക്രൂസ് കൺട്രോളും ലൈൻ ഡിപാർചർ വാണിങ്ങും അടക്കമുള്ള ഓട്ടമേഷൻ സംവിധാനങ്ങൾ പുതുതായെത്തി.

jeep-meridian-12

രണ്ടാം നിര കൊള്ളാം, മൂന്നാം നിര കുട്ടികൾക്ക്

രണ്ടാം നിര സീറ്റുകൾ സുഖപ്രദം. കൂടുതൽ ലെഗ് റൂം. മികച്ച സീറ്റുകൾ. ക്യാപ്റ്റൻ സീറ്റുകളല്ലെങ്കിലും ആം റെസ്റ്റ് താഴ്ത്തിവച്ചാൽ ഏതാണ്ട് സമാന സുഖം. ഉയർന്ന സീറ്റിങ് പൊസിഷനും വലുപ്പക്കൂടുതലും മികച്ച സപ്പോർട്ട് നൽകും. സ്ലൈഡിങ് കൂടി നൽകിയിരുന്നെങ്കിൽ നന്നായേനേ. മൂന്നാം നിര സീറ്റുകളിൽ രണ്ടു പേർക്ക് സുഖമായിരിക്കാം. ആവശ്യത്തിന് ലെഗ് റൂമുണ്ട്. ആറടിയിൽ കുറവ് നീളമുള്ളവർക്കോ കുട്ടികൾക്കോ സുഖപ്രദം. മൂന്നാം നിര സീറ്റ് വന്നിട്ടും ആവശ്യത്തിന് ലഗേജ് ഇടമുണ്ട്; 481 ലീറ്റർ.

jeep-meridian-14

ഡീസൽ മാത്രം

രണ്ടു ലീറ്റർ 170 ബി എച്ച് പി ഡീസൽ എൻജിൻ മാത്രമേയുള്ളു. കോംപസിലുള്ള പെട്രോൾ എൻജിൻ പിന്നീട് എത്തിയേക്കും. രണ്ടു വീൽ ഡ്രൈവ് മോഡലിന് 6 സ്പീഡ് മാനുവലും 9 സ്പീഡ് ഓട്ടോയും. നാലു വീൽ മോഡലിന് 9 സ്പീഡ് ഓട്ടോ മാത്രം. റീ മാപ് ചെയ്ത എൻജിൻ കോംപസിനെക്കാൾ നന്നായി പ്രവർത്തിക്കും. ശബ്ദവും തീരെക്കുറവ്. ഡ്രൈവിങ് സുഖത്തിനു മുൻതൂക്കം. 110 കിലോ അധിക തൂക്കമുണ്ടെങ്കിലും 350 എൻഎം ടോർക്കുള്ള ഡീസൽ എൻജിന് അതൊരു ബാധ്യതയേയല്ല. 9 സ്പീഡ് ഗിയർബോക്സ് ഒന്നാന്തരം. ഹൈവേകളിലും റോഡ് ഉപയോഗങ്ങളിലും മെറിഡിയൻ മിടുക്കൻ.

jeep-meridian-8

ഓഫ് റോഡിങ്

ജീപ്പ് എന്ന പദം തന്നെ ഓഫ്റോഡിങ്ങിനുള്ള പര്യായമാണല്ലോ. അതുകൊണ്ടാവണം ഇന്ത്യയിലെ ചുരുക്കം വാഹന പത്രപ്രവർത്തകർക്ക് ചണ്ഡിഗഡിൽ ജീപ്പ് ഒരുക്കിയത് മുഖ്യമായും ഓഫ് റോഡിങ് അനുഭവമാണ്. ജീപ്പ് പാരമ്പര്യത്തിന് തെല്ലും കോട്ടമേൽപിക്കാതെ മികച്ച ഓഫ് റോഡിങ് മെറിഡിയൻ നൽകുന്നു. സാൻഡ്, മഡ്, ഓട്ടോ മോഡുകളിൽ അവസാന മോഡിൽത്തന്നെ ഏതാണ്ടെല്ലാ കടമ്പകളും കടക്കും. അനായാസം, ഈ ഓഫ് റോഡിങ്. അതു തന്നെയാണ് ജീപ്പ് ഉദ്ദേശിക്കുന്നതും. റോഡായാലും തോടായാലും ജീപ്പ് തന്നെ രാജാവ്.

കൂടുതൽ വിവരങ്ങൾക്ക്: 9995807898

English Summary: Jeep Meridian Test Drive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS