ADVERTISEMENT

‘ഈ ഇരട്ടക്കൊടുമുടികൾ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്. എങ്ങോട്ടും എപ്പോൾ വേണമെങ്കിലും പോകാൻ മാത്രമല്ല, നിങ്ങളുടെ ലോകം നിങ്ങൾക്കൊപ്പം കൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യം. പുതിയ തലമുറ ഇവിടെത്തുടങ്ങുകയാണ്...’–  മഹീന്ദ്രയുടെ എക്സ്‌യുവി 700 ലൂടെയെത്തിയ പുതിയ ലോഗോയെ ചീഫ് ഡിസൈനർ പ്രതാപ് ബോസ് നിർവചിക്കുന്നു. സൂക്ഷ്മപരിശോധനയിൽ ഈ ലോഗോയിൽ കണ്ടെത്താനാവുന്ന രണ്ട് ക്യാപിറ്റൽ എം അക്ഷരങ്ങൾ ശോഭനമായ ഭാവിയുടെയും സമ്പന്നമായ പാരമ്പര്യത്തിന്റെയും സൂചനയാണെന്ന് ബോസ് പറയുന്നു. എക്സ്‌യുവി 500 നു പകരക്കാരനായെത്തുന്ന എക്സ്‌യുവി 700 ആണ് ഈ മാറ്റത്തിന്റെ ലോഗോ അണിഞ്ഞെത്തുന്ന ആദ്യ വാഹനം. ഇനി എല്ലാ മഹീന്ദ്ര എസ്‌യുവികളും ഈ കൊടുമുടി വാഹകരാകും.

xuv-700-1

500 ൽ നിന്ന് 700 ൽ എത്തിയപ്പോൾ...

എക്സ്‌യുവി 500 എങ്ങനെ 700 ആയി? 500 നു പകരക്കാരൻ 500 തന്നെയാവണ്ടേ? ന്യായമായ ചോദ്യത്തിന് മഹീന്ദ്രയുടെ മറുപടിയില്ലെങ്കിലും എക്സ്‌യുവി 300 കഴിഞ്ഞ് 500 എന്ന പേരിൽ മറ്റൊരു വാഹനം ഇറക്കാനുള്ള വിടവാണിത് എന്നു കരുതാം. പുതിയ സ്കോർപിയോ അടുത്തമാസം ഇറങ്ങിക്കഴിയുമ്പോൾ ഒരുപക്ഷേ ഈ വിടവിലേക്ക് ഏതു വാഹനമെത്തുമെന്ന് അറിയാൻ കഴിഞ്ഞേക്കും. മാത്രമല്ല, എസ്‌യുവി നിരയിൽ ഇനിയും ഒട്ടേറെ വാഹനങ്ങളെത്തും എന്ന ‘മുന്നറിയിപ്പു’ കൂടിയാണ് ഈ നാമകരണം.

xuv-700-3

ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, എക്സ്‌യുവി 700...

മത്സരം ഇങ്ങനെയാണ്. ഇതിലാരാണ് വലുപ്പത്തിൽ ഒന്നാമൻ? ഏതാണ്ട് തുല്യം. 4695 മി.മി.യുള്ള എക്സ്‌യുവിയെക്കാൾ സഫാരി ഏതാനും സെ.മീ. നീളത്തിൽ ചെറുതെങ്കിൽ (4661) ഹെക്ടറിന് തെല്ലു നീളക്കൂടുതലുണ്ട് (4720). എന്നാൽ കാഴ്ചയിലെ ഗാംഭീര്യം എക്സ്‌യുവിക്ക് അവകാശപ്പെടാം. രൂപകൽപനയുടെ മികവ്. ഹിറ്റാകാതെ പോയ വാഹനമെന്ന ചീത്തപ്പേര് സഫാരിക്കും എന്തായാലെന്താ ചൈനയല്ലേ എന്ന കളിയാക്കൽ ഹെക്ടറിനും നിഴലാകുമ്പോൾ പൂർണ സ്വദേശിയായ മഹീന്ദ്രയ്ക്ക് മിഴിവും മികവും കൂടുന്നു. ഇറങ്ങി ഏതാനും മാസങ്ങൾക്കകം തന്നെ വിഭാഗത്തിൽ ഏറ്റവും വിൽപനയുള്ള വാഹനമായതു വെറുതെയല്ല. മാസം ശരാശരി 5000 എക്സ്‌യുവി 700 ഇന്ത്യയിൽ വിൽക്കുന്നു; കയറ്റുമതി പുറമെ...

mahindra-xuv700-1

രണ്ടാം തലമുറ

എക്സ്‌യുവി 500 ന്റെ രണ്ടാം തലമുറ അടിമുടി മാറ്റമാണ്. പഴയ കാല ജീപ്പുകളെപ്പോലെ ലാഡർ ഷാസിയിൽ നിർമിക്കുന്ന രീതി 500 മുതൽ മാറിയെങ്കിലും 700 ന്റെ മോണോ കോക് ഷാസി കൂടുതൽ ആധുനികമാണ്. കരുത്തു കൂട്ടാൻ കൂടുതൽ സ്പോട് വെൽഡിങ്ങുകളടക്കം വന്നു. എന്നാൽ തൂക്കം 100 കിലോയോളം കുറഞ്ഞു; ആധുനിക നിർമാണ സാങ്കേതികതകളും പ്ലാസ്റ്റിക് ടെയ്ൽ ഗേറ്റ് അടക്കമുള്ള പരിഷ്കാരങ്ങളും കാരണം. നാലു വീൽ ഡ്രൈവ്, മൈൽഡ് ഹൈബ്രിഡ് സിസ്റ്റം എന്നിവ ഉൾക്കൊള്ളാൻ ശേഷിയുള്ള പ്ലാറ്റ്ഫോം.

Mahindra XUV 700
Mahindra XUV 700

സ്റ്റൈൽ മന്നൻ

ആദ്യകാഴ്ചയിൽത്തന്നെ ഒരെണ്ണം വാങ്ങിയേക്കാം എന്നു തോന്നിപ്പിക്കുന്ന ഗംഭീര രൂപം. ഓരോ അണുവിലും എസ്‌യുവി. വലിയ ബോണറ്റും മനോഹരമായ ഗ്രില്ലും ചേലാകുന്ന മുന്നഴക്. ലളിതമായ വശങ്ങളിൽ പോപ് അപ് ഹാൻഡിലുകൾ കണ്ണിലുടക്കുന്നു. നാലിരട്ടി വിലയുള്ള എസ്‌യുവികളിൽ കണ്ടെത്താനാവുന്ന പോപ് അപ് ഹാൻഡിൽ 700 ലേക്കെത്തിയിരിക്കുന്നു. പിൻകാഴ്ചയും മനോഹരം.

mahindra-xuv700

ഇതെന്താണിങ്ങനെ?

ഉള്ളിലേക്കു കടന്നാൽ അന്തം വിടും. മെഴ്സിഡീസിന്റെ ചില മോഡലുകളിൽക്കാണാവുന്ന തരം ഡാഷ്ബോർഡും ട്രിമ്മും. വിശാലമായ സെൻട്രൽ ടച് സ്ക്രീൻ സ്റ്റീയറിങ് കൺസോളിലേക്ക് വ്യാപിക്കുന്നു. പ്ലാസ്റ്റിക്കിനു ലെതറിന്റെ ഭംഗി. വുഡ് ഇൻസേർട്ടുകൾ. വലിയ സീറ്റുകൾ. പവർ അ‍ഡ്ജസ്റ്റ്മെന്റുള്ള സീറ്റുകൾ (ഡോറിലെ സ്വിച്ചുകൾ ബെൻസിനാൽ പ്രചോദിതം), രണ്ടു ഫോൺ വയ്ക്കാവുന്ന സെൻട്രൽ കൺസോളിൽ വയർലെസ് ചാർജർ. എല്ലാം നോക്കിയും കണ്ടും ചെയ്തിരിക്കുന്നു. 5, 7 സീറ്റ് സാധ്യതയുണ്ട്. ഒന്നും രണ്ടും നിര സൂപ്പർ. മൂന്നാം നിരയിൽ മറ്റു പല എസ്‌യുവികളിലേതു പോലെ തന്നെ ലെഗ് റൂം തെല്ലു കുറവ്. മൂന്നു നിരയ്ക്കും എ സി വെൻറുകളുള്ളതും ധാരാളം ഗ്ലാസ് ഏരിയയുള്ളതും സ്ഥലം കൂടുതലുണ്ടെന്ന തോന്നലുണ്ടാക്കും. പോരാത്തതിന് മുകൾ വശമാകെ തുറക്കാവുന്ന പനോരമിക് സ്ലൈഡിങ് റൂഫ്.

mahindra-xuv700-2

ജനറേഷൻ നെക്സ്റ്റ്

ഏതാണ്ട് പൂർണമായും ഓട്ടോണമസ് ആകാനിരിക്കുന്ന ആഡ്രിനോക്സ് ഇൻഫോമാറ്റിക്സ് സംവിധാനം. അ‍ഡാപ്റ്റിവ് ക്രൂസ് കൺട്രോളും ബ്രേക്കിങ്ങും ഓട്ടോ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പുമടക്കം ഏതാണ്ട് സമ്പൂർണ സ്വയംനിയന്ത്രണത്തിന് തൊട്ടടുത്ത് മഹീന്ദ്രയെത്തി. സൊമാറ്റോയും സ്വിഗിയുമടക്കമുള്ള ആപ്പുകൾ ഡ്രൈവറുടെ ഉത്തരവിനായി കാത്തിരിക്കുന്നു. സോണിയുടെ 12 സ്പീക്കർ ത്രി ഡി സറൗണ്ട് സിസ്റ്റം അതിഗംഭീരം.

mahindra-xuv700-3

ഡീസൽ മതിയോ?

പെട്രോൾ, ഡീസൽ എൻജിനുകളും 6 സ്പീഡ് മാനുവൽ, ഓട്ടോ ഗീയർ ബോക്സുകളുമുണ്ട്. 2.2 ലീറ്റർ എം ഹ്വാക്ക് ഡീസലിന് 185 ബിഎച്ച്പി. ഹെക്ടറിലും സഫാരിയിലുമുള്ള ഫിയറ്റ് 2 ലീറ്ററിനെക്കാൾ 15 ബിഎച്ച്പി കരുത്തൻ. അതു ഡ്രൈവിങ്ങിൽ പ്രകടമാകുന്നുമുണ്ട്. അനായാസ കുതിപ്പ്. ഇനിയും ശക്തി വേണമെങ്കിൽ 2 ലീറ്റർ എം സ്റ്റാലിയൻ പെട്രോളുണ്ട്. 200 ബിഎച്ച്പി.

Mahindra XUV 700
Mahindra XUV 700

സഫാരിക്കു പെട്രോളില്ല, എം ജിയാണെങ്കിൽ മടിച്ചു മടിച്ച് 145 ബിഎച്ച്പി തരുന്ന പെട്രോൾ മോഡലിറക്കുന്നു. പെട്രോൾ കരുത്തു വേണ്ടവർക്ക് 700 തന്നെ ശരണം. ഡീസലാണ് ഓടിച്ചത്. കരുത്തിന് കടിഞ്ഞാണില്ല. 100 കി.മി.യെത്താൻ 2 ടണ്ണുള്ള വാഹനത്തിന് 9.32 സെക്കൻഡ് മതി. അനായാസം 200 കി.മി. വേഗത്തിലെത്തുകയും ചെയ്യും. മികച്ച റോഡ് ഗ്രിപ് ഉയർന്ന വേഗത്തിലും ആത്മവിശ്വാസമാകുന്നു. ഈ വിഭാഗത്തിലുള്ള ഏറ്റവും സുരക്ഷിതവാഹനമാണല്ലോ 700. എഡിഎസ് പാക്കേജ് ലൈൻ കീപ് അസിസ്റ്റ് അടക്കം അനേകം സുരക്ഷാസൗകര്യങ്ങളൊരുക്കുന്നു.

എക്സ്‌ഷോറൂം വില 13.18 ലക്ഷം രൂപ മുതൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT