വിറ്റാര ഗ്രാൻഡാണ്, ഫുൾ ടാങ്കടിച്ചാൽ മുംബൈ, ഡൽഹി...

HIGHLIGHTS
  • ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ്, ക്രെറ്റയ്ക്കും സെൽറ്റോസിനും ഭീഷണിയാകും
  • ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സമയമായില്ല?
suzuki-grand-vitara-1
Suzuki Grand Vitara
SHARE

ഇന്ത്യയിൽ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനം ഒരു കൊച്ചു കാറല്ല, സാമാന്യം വലുപ്പമുള്ള എസ്‌യുവിയാണ്; സുസുക്കി ഗ്രാൻഡ് വിറ്റാര. ഒറ്റ ലീറ്ററിൽ 28 കിലോമീറ്റർ. ഒരു ടാങ്ക് പെട്രോളടിച്ചാൽ കോഴിക്കോട്ടുനിന്നു മുംബൈയെത്തും. വീണ്ടുമൊരു ഫുൾ ടാങ്കിൽ രാജ്യ തലസ്ഥാനം വരെ പോകാം. അഞ്ചു കോടിയുടെ റോൾസ് റോയ്സ് കണ്ടാലും ഉളുപ്പില്ലാതെ ‘എന്തു കിട്ടും’ എന്നു ചോദിക്കുന്ന ശരാശരി മലയാളിയുടെ വായടയ്ക്കുന്ന മൈലേജ്.

മാരുതി വിലയിൽ ടൊയോട്ട 

സുസുക്കി ഗ്രാൻഡ് വിറ്റാര എട്ടു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യയിലെത്തുമ്പോൾ ആളാകെ മാറിയിരിക്കുന്നു. വലിയ മാറ്റം ബെംഗളൂരുവിലെ ശാലയിൽ ടൊയോട്ട നിർമിച്ച് മാരുതി സുസുക്കിയുടെ ഷോറൂമിലെത്തിക്കുന്ന ആദ്യ വാഹനമാണെന്നതാണ്. മറ്റൊരു രീതിയിൽപറഞ്ഞാൽ ടൊയോട്ട നിലവാരവും മാരുതിയുടെ വിലയുമുള്ള സുസുക്കി. 

suzuki-grand-vitara-7

ടൊയോട്ടയാണ്, സുസുക്കിയുമത്രേ... 

ടൊയോട്ടയുടെയും സുസുക്കിയുടെയും ബുദ്ധി സമന്വയിക്കുന്ന വാഹനമാണ് ഗ്രാൻഡ് വിറ്റാര. സുസുക്കിയുടെ വിഖ്യാത ഗ്ലോബൽ സി പ്ലാറ്റ്ഫോം, ഓൾ ഗ്രിപ് ഫോർവീൽ ഡ്രൈവ് എന്നിവയ്ക്കൊപ്പം ഹൈലക്സിലും കാംമ്രിയിലും പ്രയസിലുമൊക്കെ കാണാനാകുന്ന സ്ട്രോങ് ഹൈബ്രിഡ് സംവിധാനമടക്കം മറ്റനേകം ടൊയോട്ട സാങ്കേതികതകൾ ഒത്തു ചേരുന്ന അപൂർവ വാഹനം. മാരുതിയുടെ ഘടകനിർമാതാക്കളെ കാര്യമായി ഉൾക്കൊള്ളിച്ചതിനാൽ ഗുണം ചോരാതെ വില കുറയ്ക്കാനായി. ടൊയോട്ട ശാലയിൽ നിർമിക്കുന്നതിനാൽ ഗ്ലോബൽ ടൊയോട്ട നിലവാരവുമെത്തി. 

suzuki-grand-vitara-6

ഹൈബ്രിഡാണെല്ലാം 

ഗ്രാൻഡ് വിറ്റാരയുടെ എല്ലാ മോഡലുകളും ഹൈബ്രിഡാണ്. രണ്ടു തരം ഹൈബ്രിഡ് സംവിധാനങ്ങളുണ്ട്. ഒന്ന്: സ്മാർട്ട് ഹൈബ്രിഡ്. ഇപ്പോൾ മാരുതികളിൽ കാണുന്ന അതേ ഹൈബ്രിഡ് സിസ്റ്റം തന്നെ. മൈലേജ് 21 കി മി. രണ്ട്: ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ്. ഇതു സംഭവം വേറെയാണ്. ടൊയോട്ടയുടെ വാഹനങ്ങളിലുള്ള സംവിധാനം. ഇവിടെ എൻജിനല്ല, ഇലക്ട്രിക് മോട്ടറാണ് വാഹനത്തെ പ്രാഥമികമായി ചലിപ്പിക്കുന്നത്. എൻജിൻ മോട്ടറിന് പിന്തുണ നൽകുന്നു. ശക്തി കൂടുതൽ വേണ്ടപ്പോൾ എൻജിൻ ഇടപെടും. അല്ലാത്തപ്പോൾ മോട്ടറാണ് ചാലകശക്തി. ഇലക്ട്രിക് ഹൈബ്രിഡ് മോഡലുകളെല്ലാം ഓട്ടമാറ്റിക്കുമാണ്. മൈലേജ് 27.97 കിമി.

suzuki-grand-vitara-3

അതി ഗംഭീരം 

ഇതേ വാഹനം ടൊയോട്ട ഹൈ റൈഡർ എന്ന പേരിൽ മറ്റൊരു രൂപത്തിൽ ഇറക്കുന്നുണ്ടെങ്കിലും ബുക്കിങ് മാരുതിയുടെ പാതിയിൽത്താഴെയില്ല. വാഹനം കാണും മുമ്പേ ഗ്രാൻഡ് വിറ്റാരയുടെ ബുക്കിങ് അറുപതിനായിരത്തിലേക്കെത്തുന്നതിനുള്ള പ്രധാന കാരണം രൂപഗുണം തന്നെ. സുസുക്കിയുടെ പേരുകേട്ട എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ പരമ്പരാഗത രൂപഗുണം നൽകുന്നതിൽ പൂർണ വിജയം കൈവരിച്ചിരിക്കുന്നു. ഏതു വശത്തുനിന്നു നോക്കിയാലും ശരിയായ എസ്‌യുവി. ഉയരവും ഗ്രൗണ്ട് ക്ലിയറൻസും വലിയ 17 ഇഞ്ച് വീലുകളുമെല്ലാം ചേർന്ന എസ്‌യുവി രൂപം സ്വഭാവത്തിലുമുണ്ട്. ഈ വാഹനം വൈകാതെ ആഗോള വിപണിയിലെ ഗ്രാൻഡ് വിറ്റാരയ്ക്കു പകരക്കാരനാകുമെന്നും നിർമാണം പൂർണമായും ഇന്ത്യയിലായിരിക്കുമെന്നും വാർത്തകൾ. ശരിയെങ്കിൽ 1988 ൽ ജനിച്ച സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ അഞ്ചാം തലമുറയ്ക്ക് ഇന്ത്യക്കാരനാകാനായിരിക്കും യോഗം.

suzuki-grand-vitara-11.

അതിനൂതനം, അതീവ സുന്ദരം 

ഉയർന്നു നിൽക്കുന്ന രൂപത്തിനു പുറമെ ശക്തമായ ഗ്രില്ലും തെല്ലു താഴെയായി ഉറപ്പിച്ച ചെറിയ ഹെഡ് ലാംപുകളും അതിനു മുകളിലെ ഇൻഡിക്കേറ്റർ, ഡേ ടൈം ലൈറ്റ് കോബിനേഷനും വ്യത്യസ്തമാണ്. പ്രിസിഷൻ കട്ട് അലോയ് വീലുകൾ ഇതേ വ്യത്യസ്തത വശങ്ങൾക്കും ടെയ്ൽ ലാംപ് കോംബിനേഷൻ പിൻവശത്തിനും നൽകുന്നുണ്ട്. ഗ്രാൻഡ് വിറ്റാര എന്ന എഴുത്ത് പിന്നഴക് ഏഴഴകാക്കി ഉയർത്തി. ധാരാളം സ്ഥലമുള്ള ഉൾവശത്തിന് ഉയർന്ന മോഡലുകളിലെ ബർഗുണ്ടി നിറവും സ്റ്റിച്ച് ചെയ്ത ലെതർ ഫിനിഷും ആഢ്യത്തമേകുന്നു. വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ആദ്യമായി മാരുതിയിലെത്തുന്ന പനോരമിക് സൺറൂഫ്, ഹെഡ്സ് അപ് ഡിസ്പ്ലേ, 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, ക്ലാരിയോൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ എന്നു വേണ്ട സുഖലോലുപതയുടെ അസംഖ്യം സൗകര്യങ്ങൾ. 

suzuki-grand-vitara-5

കാഴ്ചയിലല്ല, കാര്യത്തിലും... 

ഉദയ്പുരിലെ ഓഫ് റോഡിങ് ട്രാക്കിൽ ദുർഘടങ്ങളൊക്കെ ഗ്രാൻഡ് വിറ്റാര അനായാസം താണ്ടി. മഞ്ഞും മലയും കുഴിയും ചെളിയുമൊക്കെ വിറ്റാരയ്ക്കുണ്ടോ വിഘാതം? സുസുക്കിയുടെ വിശ്വവിഖ്യാതമായ ഓൾ ഗ്രിപ് നാലു വീൽ സംവിധാനമാണ് താരം. ഓട്ടോ, സ്പോർട്ട്, സ്നോ മോഡുകൾക്കു പുറമെ ലോക് മോഡുമുണ്ട്. ലോക് മോഡിൽ നാലു ചക്രങ്ങളിലേക്കും ആവശ്യത്തിനനുസരിച്ച് ശക്തിയും ടോർക്കും ലഭിക്കും. ഓരോ വീലുകളും നിൽക്കുന്ന പ്രതലത്തിനനുസരിച്ച് ഓട്ടമാറ്റിക്കായി ശക്തി വിതരണം ചെയ്യുന്നതിനാൽ ഏതു ദുർഘടവും അനായാസം പിന്തള്ളും.  ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏത് ഓഫ്റോഡിങ് വാഹനത്തോടും കിടപിടിക്കാനാവുന്ന കരുത്തൻ. ഓൾ ഗ്രിപ് സംവിധാനം വേണ്ടവർ സെമി ഹൈബ്രിഡ് മാനുവൽ മോഡൽ വാങ്ങുക. 

എൻജിനുകൾ രണ്ടെണ്ണം 

ഒന്ന്: സുസുക്കിയുടെ 1.5 നാലു സിലണ്ടർ പെട്രോൾ മൈൽഡ് ഹൈബ്രിഡ്. 103 ബി എച്ച് പി. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക്. ഓൾ ഗ്രിപ് നാലു വീൽ സംവിധാനം ഈ എൻജിനിലേയുള്ളു.

maruti-suzuki-grand-vitara-4

രണ്ട്: ടൊയോട്ടയുടെ 1.5 മൂന്നു സിലണ്ടർ പെട്രോൾ, ഇലക്ട്രിക് മോട്ടർ കോംബിനേഷൻ. കാംമ്രിയിലും പ്രയസിലുമുള്ള അതേ സംവിധാനം. എൻജിൻ ശേഷി തെല്ലു കുറവാണെന്നു മാത്രം. മോട്ടറും എൻജിനുംകൂടി സംയുക്തമായി 116 ബി എച്ച് പി ശക്തി തരും. 120 കിലോമീറ്റർ വേഗത്തിൽ വരെ പ്രവർത്തിക്കാനാകുന്ന ഇലക്ട്രിക് മോട്ടറിന് കൂടുതൽ ശക്തി വേണ്ടപ്പോഴും ബാറ്ററിക്ക് ചാർജ് കൊടുക്കേണ്ടപ്പോഴും എൻജിൻ സഹായത്തിനെത്തും. ഡിക്കിയിൽ അധികം സ്ഥലം കളയാതെ ഉറപ്പിച്ചിരിക്കുന്ന 0.76 വാട്ട്സ് ലിതിയം അയൺ ബാറ്ററിയാണ് മോട്ടറിനു ജീവനേകുന്നത്. ബോണറ്റ് ഉയർത്തിയാൽ എൻജിൻ കാണാമെങ്കിലും വീലുകളിലേക്ക് ശക്തി കൊടുക്കുന്നത് മോട്ടറാണ്. 

maruti-suzuki-grand-vitara-3

ഓട്ടത്തിൽ വിട്ടുവീഴ്ചയില്ല

ഓഫ് റോഡിങ് ടെസ്റ്റ്ട്രാക്കിൽ മാനുവൽ ഓൾ ഗ്രിപ് മോഡലിൽ കഴിഞ്ഞതോടെ ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് മോഡലുമായി ഉദയ്പുരിന്റെ നഗരവീഥികളിലേക്കിറങ്ങി. ഇലക്ട്രിക് കാര്‍ ഡ്രൈവ് ചെയ്യുന്ന അനുഭവമല്ല, സാധാരണ പെട്രോൾ മോഡൽ ഓടിക്കുന്നതു പോലെയേ തോന്നൂ. ഇടയ്ക്കൊക്കെ കൺസോളിൽ ‘ഇവി’ എന്നു മിന്നിമറയുമ്പോൾ അറിഞ്ഞുകൊള്ളണം ഇപ്പോൾ ഫുൾ ഇലക്ട്രിക്കിലാണ് ഓട്ടം. പിക്കപ്പും പ്രകടനവുമെല്ലാം സാധാരണ എസ്‌യുവികൾക്ക് യോജിച്ച വിധം. ഓട്ടമാറ്റിക് ഗിയർഷിഫ്റ്റിന്റെ സൗകര്യം സ്ട്രോങ് ഹൈബ്രിഡ് മോഡലുകൾക്കെല്ലാമുണ്ട്. അടുത്തതായി ഓടിച്ച സ്മാർട്ട് ഹൈബ്രിഡ് ഓട്ടമാറ്റിക്കും അതീവസുഖകരം തന്നെ. മാരുതിയിൽ കാലം തെളിയിച്ച കെ സീരീസ് എൻജിനും ആറു സ്പീഡ് ഗിയർബോക്സും വിറ്റാരയിൽ നന്നായി ഇണങ്ങുന്നു. രണ്ടു മോഡലുകളിലും യാത്രാ സുഖം മുൻ പിന്‍ സീറ്റുകളിൽ ഒരേ പോലെ. ഉലച്ചിലും കുടുക്കവുമില്ല. വിസ്തരിച്ചിരിക്കാവുന്ന വലിയ സീറ്റുകൾ.

suzuki-grand-vitara-4

ഇലക്ട്രിക്കിനു സമയമായില്ല 

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വരട്ടെ. അതിനുള്ള സമയമാകുന്നതേയുള്ളൂ. വെറുതെ കളയാൻ കാശുണ്ടെങ്കിൽ മാത്രം ഇലക്ട്രിക് വാങ്ങിക്കോളൂ. കാരണങ്ങളുണ്ട്. ഒന്ന്: ഇലക്ട്രിക് സാങ്കേതികത വികസിച്ചു വരുന്നതേയുള്ളൂ. പ്രത്യേകിച്ച് ബാറ്ററി. പുതിയ ധാരാളം കണ്ടു പിടിത്തങ്ങൾ ഈ മേഖലയിൽ നടക്കുന്നു. കൂടുതൽ ലാഭകരവും ഈടുള്ളതും സുരക്ഷിതവുമായ ബാറ്ററികൾ അഞ്ചു കൊല്ലത്തിനുള്ളിൽ വരും. രണ്ട്: ഉയർന്ന വില. ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‍യുവിയായ ടാറ്റ നെക്സോണിന്റെ വിലയിൽ ഹൈബ്രിഡിന്റെ ഉയർന്ന മോഡൽ കിട്ടും. എം ജി, വോൾവോ, മെഴ്സിഡീസ്, ബിഎംഡബ്ള്യു ഇലക്ട്രിക്കുകൾക്കൊക്കെ അനേകം ഇരട്ടിയാണ് വില. മൂന്ന്: ഇലക്ട്രിക്കുകൾക്ക് പരമാവധി 8 വർഷമാണ് ബാറ്ററി വാറന്റി. ബാറ്ററിക്ക് വാഹനത്തിന്റെ പാതിയിലധികം വില വരും. 8 കൊല്ലം ഉപയോഗിച്ച് കണ്ടം വയ്ക്കാറായ വണ്ടിക്ക് പിന്നെ അതിന്റെ പാതി വില കൂടി നൽകി ബാറ്ററി വയ്ക്കുമോ, ഉപേക്ഷിക്കുമോ? ആലോചിക്കേണ്ട വിഷയമാണ്. ഹൈബ്രിഡ് ബാറ്ററികൾ 3 ലക്ഷം കിലോമീറ്റർ ഓടും. വില തുച്ഛവുമാണ്. ഒരു ലക്ഷം രൂപ പോലും വിലയില്ല. നാല്: പ്രായോഗികത. ഹൈബ്രിഡിന് ചാർജിങ്ങേയില്ല. ‘ഫിൽ ഇറ്റ്, ഷട്ട് ഇറ്റ്, ഫോർഗെറ്റ് ഇറ്റ്’. ഓരോ 300 കിലോമീറ്ററിലും ചാർജ് ചെയ്യേണ്ട ഇലക്ട്രിക്കും ഹൈബ്രിഡുമായുള്ള മത്സരം ആമയും മുയലുമായുള്ള പോരിന്റെ ആവർത്തനമാകും. 

maruti-suzuki-grand-vitara-1

വില, വേരിയന്റുകൾ 

വില പ്രഖ്യാപനം വരുന്നതേയുള്ളു. വേരിയൻറുകൾ ഇവയൊക്കെ: സ്മാർട്ട് ഹൈബ്രിഡിൽ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വകഭേദങ്ങൾ. ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡിൽ സീറ്റ പ്ലസും ആൽഫ പ്ലസും. വിറ്റാരയുടെ ടൊയോട്ട പതിപ്പ് ഹൈറൈഡറുടെ ഉയർന്ന വകഭേദങ്ങളുടെ വില 15.11  ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ്. ഏകദേശം ഇതേ വില തന്നെയായിരിക്കും വിറ്റാരയ്ക്കും. ഹൈറൈഡറുടെ അടിസ്ഥാന വകഭേദങ്ങളുടെ വില പ്രഖ്യാപിച്ചിട്ടില്ല.

suzuki-grand-vitara-8

ക്രെറ്റയും സെൽറ്റോസും വിരണ്ടു 

ഹ്യുണ്ടേയ് ക്രെറ്റയും കിയ സെൽറ്റോസും അടക്കിവാണിരുന്ന വിപണിയിലേക്കാണ് സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും ഇറങ്ങിക്കളിക്കാൻ പോകുന്നത്. അത്യാധുനിക സാങ്കേതികതയും സുഖസൗകര്യങ്ങളും മികച്ച ബ്രാൻഡും എല്ലാത്തിനുമുപരി 28 കിമി ഇന്ധനക്ഷമതയെന്ന തുറുപ്പു ചീട്ടുമായെത്തുന്ന ടൊയോട്ട, സുസുക്കികൾ ഇനി ഈ വിപണിയിലെ താരങ്ങളാകും. കനത്ത ബുക്കിങ് തന്നെ സാക്ഷി...

English Summary: Maruti Suzuki Grand Vitara Test Drive Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}