ADVERTISEMENT

സ്കോഡയുടെ ഫ്ലാഗ്ഷിപ് മോഡലിനെ വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ. പരിഷ്കാരങ്ങളോടെയാണ് പുതിയ വരവ്. സെവൻ സീറ്റർ ലക്‌ഷ്വറി എസ്‌യുവി വിപണിയിൽ കോഡിയാക്കിന്റെ ഡിമാൻഡ് കണ്ടുകൊണ്ടുതന്നെയാണ് സ്കോഡയുടെ ഈ തീരുമാനം. സെവൻ സീറ്റർ എസ്‌യുവിക്ക് ഇത്ര ഡിമാൻഡോ എന്നു സംശയം തോന്നാം. പക്ഷേ, വിശ്വസിച്ചേ പറ്റൂ. മുൻ മോഡൽ ചൂടപ്പംപോലെയാണു വിറ്റുതീർന്നത്. ഫീച്ചേഴ്സുകൊണ്ടും പെർഫോമൻസുകൊണ്ടും നിർമാണ നിലവാരംകൊണ്ടും വേറിട്ടു നിൽക്കുന്ന 2023 മോഡൽ കോഡിയാക്കുമായി മുംബൈയിലൂടെയൊന്നു കറങ്ങിവരാം.

skoda-kodiaq-6

ഡിസൈൻ‍

മൂന്നു വേരിയന്റുകളാണ് പുതിയ കോഡിയാക്കിനുള്ളത്. സ്റ്റൈൽ, സ്പോർട് ലൈൻ, എൽ ആൻഡ് കെ. മുൻമോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ കാര്യമായ മാറ്റമില്ല. എന്നാൽ, ചില കൂട്ടിച്ചേർക്കലുകളുണ്ട്. ഡോർ എഡ്‍‍ജ് പ്രൊട്ടക്ടറാണ് അതിലൊന്ന്. ഡോർ തുറക്കുമ്പോൾ താനേ പുറത്തേക്കു വരുന്ന റബർ ബീഡിങ്ങാണിത്. ഡോറിന്റെ അരിക് ഒരിടത്തും കൊണ്ട് പോറലോ ചളുക്കമോ വരില്ല. മറ്റൊന്ന്, റിയർ സ്പോയ്‌‌ലറിനു നൽകിയ ഫിൻലെറ്റുകളാണ്. എയ്റോഡൈനാമിക് എഫിഷ്യൻസി കൂട്ടാൻ ഇതു സഹായിക്കുന്നു. 

വലുപ്പത്തിനൊപ്പം ബോഡിയിലുടനീളമുള്ള  സ്പോർട്ടി ലൈനുകളുമാണ് എക്സ്റ്റീരിയർ ഡിസൈനിലെ ഹൈലൈറ്റ്. ക്രോം ഫിനിഷോടുകൂടിയ വലിയ ഗ്രില്ലും മസ്കുലർ ബോണറ്റും വലിയ എയർ ഡാമും മുൻകാഴ്ചയിൽ മസിൽ ലുക്ക് നൽകുന്നു. പ്രൊജക്ടർ എൽഇഡി ഹെഡ്‍ലാംപാണ്. ഹെഡ്‍ലാംപ് വാഷറും നൽകിയിട്ടുണ്ട്. മുൻ പിൻ ബംപറുകൾ പരിഷ്കരിച്ചിട്ടുണ്ട്. 18 ഇഞ്ച് മൾട്ടി സ്പോക്ക് അലോയ് വീലാണ്. എല്ലാ വേരിയന്റിലും ഇത് സ്റ്റാൻഡേർഡാണ്.

skoda-kodiaq-3

ഇന്റീരിയർ

പ്രീമിയം ഇന്റീരിയർ. വയർലെസ് ആൻഡ്രോയ്ഡ് ഒാട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ചിന്റെ വെർച്വൽ കോക്പിറ്റ്, വെന്റിലേഷനും ഹീറ്റിങ് ഫങ്ഷനുമുള്ള 12 തരത്തിൽ ക്രമീകരിക്കാവുന്ന പവേർഡ് മുൻസീറ്റുകൾ, സബ് വൂഫറോഡുകൂടിയ 12 സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് വയർലെസ് ചാർജർ എന്നിങ്ങനെ ഫീച്ചറുകൾകൊണ്ടു സമ്പന്നമാണ് പുതിയ കോഡിയാക്. 

ഇന്റീരിയറിന്റെ ഫിറ്റ് ആൻഡ് ഫിനിഷ് അതികേമം. സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും പ്രീമിയം ഫിനിഷ് ലെതറും മറ്റും ഇന്റീരിയറിനെ മനോഹരമാക്കുന്നു. ത്രീ സോൺ ക്ലൈമറ്റ് കൺട്രോളാണ്. രണ്ടാം നിരയിൽ ലാവിഷ് ലെഗ് സ്പേസും ഹെഡ് റൂമും ഉണ്ട്. മാത്രമല്ല, ഉഗ്രൻ തൈ സപ്പോർട്ടുള്ള സീറ്റാണ്. വിൻഡോകൾക്ക് സൺ ബ്ലൈൻഡും നൽകിയിട്ടുണ്ട്. രണ്ടാംനിര സീറ്റ് സ്ലൈഡ് ചെയ്യാം. മൂന്നാംനിര സീറ്റ് പതിവുപോലെ കുട്ടികൾക്ക്. മൂന്നു നിരയിലും യാത്രികരുണ്ടെങ്കിൽ ബൂട്ട് സ്പേസ് 270 ലീറ്റർ. മൂന്നും രണ്ടും നിര സീറ്റ് മടക്കിയാൽ 2005 ലീറ്റർ ഇടം കിട്ടും. 

skoda-kodiaq-4

അതിസുരക്ഷ

സുരക്ഷയ്ക്ക് അതിപ്രാധാന്യം നൽകുന്നു കോഡിയാക്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള യൂറോ എൻസിഎപിയുടെ സുരക്ഷാ ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ്ങുണ്ട് കോഡിയാക്കിന്.  9 എയർബാഗുകൾ സ്റ്റാൻഡേർഡ് ഫിറ്റിങ്ങാണ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക് അസിസ്റ്റ്, ഹിൽ അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹാൻഡ്സ് ഫ്രീ പാർക്കിങ്,റോൾ ഒാവർ പ്രൊട്ടക്‌ഷൻ എന്നിങ്ങനെ നീളുന്നു സുരക്ഷാ സംവിധാനങ്ങൾ. 

2.0 ലീറ്റർ ടിഎസ്െഎ ഇവോ പെട്രോൾ എൻജിൻതന്നെയാണ് 2023 മോഡലിലും വരുന്നത്. പക്ഷേ, ഇത് ബിഎസ്6 ഫേസ് 2 നിലവാരത്തിലുള്ളതാണ്. 190 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 320 എൻഎം. 4.2% ഇന്ധനക്ഷമത കൂടുതലുണ്ട് ഈ എൻജിന്. 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷൻ വഴിയാണ് എൻജിൻ കരുത്ത് നാലു വീലുകളിലേക്കും എത്തിക്കുന്നത്. ഒാൾവീൽ ഡ്രൈവാണ്. ഇക്കോ, കംഫർട്, നോർമൽ, സ്പോർട്, ഇൻഡിവിജ്വൽ, സ്നോ എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളുണ്ട്. 0-100 വേഗത്തിലെത്താൻ കോഡിയാക്കിന് 7.8 സെക്കൻഡ് സമയം മതി. 

skoda-kodiaq-5

മുംബൈയിലെ കനത്ത ട്രാഫിക്കിലേക്കാണ് കോഡിയാക്കുമായി ഇറങ്ങിയത്. ബംപർ ടു ബംപർ ട്രാഫിക്കിൽ കോഡിയാക്കിനെ അനായാസം കൈകാര്യം ചെയ്യാൻ കഴിയും. 360 ഡിഗ്രി ക്യാമറ തിരക്കേറിയ വഴിയിലും ഇടവഴികളിലും വലിയ അനുഗ്രഹമാണ്. സിറ്റി ഡ്രൈവിൽ ഇക്കോ മോഡ് മതി. ത്രോട്ടിൽ റെസ്പോൺസ് അത്ര അഗ്രസീവല്ല ഈ മോഡിൽ. നോർമൽ ഡ്രൈവിങ് ശൈലിയാണെങ്കിൽ, യാത്രാസുഖമാണ് വേണ്ടതെങ്കിൽ കംഫർട് മോഡ് തിരഞ്ഞെടുക്കാം. എൻജിൻ പെർഫോമൻസും സസ്പെൻഷൻ സെറ്റിങ്ങും അതിനനുസരിച്ച് ക്രമീകരിച്ചുകൊള്ളും.  മുംബൈ എക്സ്പ്രസ് വേയിൽ കയറിയതോടെ ഡ്രൈവ് മോഡ് സ്പോർട്ടിലേക്കു മാറ്റി. ആക്സിലറേറ്ററിൽ കാൽ അമരുമ്പോൾ എക്സോസ്റ്റിൽനിന്നുയരുന്ന ശബ്ദം പക്കാ സ്പോർട്ടിയാണ്. ഞൊടിയിടയിൽ മൂന്നക്കം കടക്കും. 

റിഫൈൻമെന്റാണ് ഈ എൻജിന്റെ എടുത്തു പറയേണ്ട സവിശേഷത. ഒപ്പം സൂപ്പർ സ്മൂത്ത് ഗിയർബോക്സും കൂടിച്ചേരുന്നതോടെ ഡ്രൈവ് വേറൊരു ലവലാകുന്നു. ഇലക്ട്രോണിക് അഡാപ്റ്റീവ് ഡാംപേഴ്സോടുകൂടിയ ഡൈനാമിക് ചേസിസ് കൺട്രോൾ സംവിധാനത്തോടെയാണ് കോഡിയാക് വരുന്നത്. ഡ്രൈവ് മോഡിനനുസരിച്ച് സസ്പെൻഷൻ സെറ്റിങ് താനേ മാറും. ഒാഫ് റോഡ് മോഡിനു പ്രത്യേകം സ്വിച്ചും നൽകിയിട്ടുണ്ട്. 

skoda-kodiaq

ഫൈനൽ ലാപ്

ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നിവരാണ് എതിരാളികൾ. സിറ്റി–ഹൈവേ ഡ്രൈവായിരുന്നു കൂടുതലും. മുംബൈ തിരക്കിലൂടെ, ഹൈവേയിലൂടെയുള്ള ഡ്രൈവിൽ അൽപം പോലും മടുപ്പ് തോന്നിപ്പിച്ചില്ല എന്നത് എടുത്തു പറയട്ടെ. യൂറോപ്യൻ നിലവാരം. ഉഗ്രൻ ഡ്രൈവ് ക്വാളിറ്റി. സിറ്റിയിലും ഹൈവേയിലും ഒാഫ് റോഡിലും മികച്ച പ്രകടനം. സുരക്ഷിത–സുഖയാത്ര എന്നിവയാണ് കോഡിയാക്കിന്റെ ഹൈലൈറ്റുകൾ. 

English Summary: Skoda Kodiaq Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT